കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Thursday, May 6, 2010

വായന

ഒരാളെ അറിയുക എന്നത് ഒരു പുസ്തകം
വായിക്കുന്നതുപോലെയാണു,
പുറം താളിലെ കുറുവാക്കുകളില്‍ തുടങ്ങി
വാക്കും വരികളും താളുകളുംതാണ്ടി
പുറം താളിലെത്തുന്ന വായന.

ചിലരില്‍
നീളുന്ന ആമുഖങ്ങളും
മടുപ്പിക്കുന്ന ആവര്‍ത്തനങ്ങളും
കണ്ണഞ്ചിക്കുന്ന അലങ്കാരങ്ങളും
വഴിമുടക്കുന്നു.

ചിലരിലാകട്ടെ,
ഒരോവരിയിലുംമായാജാലങ്ങള്‍,
കടന്നു പോകുന്നവഴികള്‍
പിന്നിലടയുന്നു,
കണ്‍കെട്ടഴിയാതെ,
തിരിച്ചിറങ്ങാന്‍ വഴികളില്ലാതെ,
ഇരുളറകളില്‍ പെട്ടുപോകാനും മതി

ചിലരില്‍ താളുകള്‍ മറിക്കുമ്പോള്‍
‍കണ്ണീരും ചോരയും ചേര്‍ന്നു ,
പശയായൊട്ടുന്നു വിരല്‍ത്തുമ്പില്‍ .
മുന്‍പോട്ടുള്ള യാത്രയില്‍
‍ആകെയുള്ള ഒരു ഹൃദയം തന്നെ
അടര്‍ത്തിയെടുത്തു കൊടുക്കേണ്ടതായും വരും.
എങ്കിലും പുസ്തകം മടക്കി
കണ്ണടയ്ക്കാനാവില്ലല്ലൊ.

ചിലരാകട്ടെ
ഒരു ഒറ്റവരി കവിത പോലെ
ജീവിതം ഒരു വരിയില്‍ നിറഞ്ഞു
എന്നാല്‍ തുളുമ്പാതെ
ഇതാ ഞാന്‍ എന്നു....

(ഹരിതകത്തില്‍ പ്രസിദ്ധീകരിച്ചത്)

Wednesday, April 28, 2010

മുഖാമുഖം

ചങ്ങാതി പറയുന്നു,
ഏറെ നാള്‍ മുഖാമുഖം നിന്നാല്‍
രണ്ടു ചുവരുകള്‍ പോലും
പ്രണയത്തിലായിടും,
ഒരുവേള,
ഹൃദയം തപിക്കുമൊരു നിമിഷത്തില്‍
‍ആശ്ലേഷം കൊതിച്ചീയിടനാഴി
ഭേദിച്ചൊന്നൊന്നോടു ചേര്‍ന്നുവെന്നും വരാം.

സത്യമോ?
പിന്നിട്ട കാലമത്രയും ഞാനുമീജീവിതവും
മുഖാമുഖം നില്‍ക്കയായിരുന്നു,
പുഞ്ചിരിക്കാന്‍ ശ്രമിച്ചും
ഹസ്തദാനത്തിനു വിരല്‍ തരിച്ചും,
തമ്മില്‍ പരിചയമാകാന്‍ കൊതിച്ചും...
എങ്കിലും
ഇനിയുമറിഞ്ഞില്ല പരസ്പരം
പ്രണയത്തിലേയ്ക്ക് മിഴിയടച്ചതുമില്ല...

കാത്തിരിപ്പിന്നൊടുവിലൊരുനാള്‍,
‍ഒരു പ്രണയകുതിപ്പായി
എന്നിലേയ്ക്കാഴ്ന്നിറങ്ങുമീ
ജീവിതമെന്നോ?

Thursday, April 15, 2010

ഉമാമഹേശ്വരം

ഉമാമഹേശ്വര സംവാദങ്ങളിലൂടെയാണു
എന്റെ ശിവഭക്തി പ്രണയമായത്.
ചുടലഭസ്മവും മണിനാഗങ്ങളും കാട്ടാനത്തോലും
അലങ്കാരങ്ങളെങ്കിലും
കാന്തന്‍ മഹേശ്വരനെന്നു തപം ചെയ്ത
ഉമയുടെ പാദങ്ങളില്‍ സഹസ്രാര്‍ച്ചന.
പര്‍വതനന്ദിനീ പൂജ കഴിഞ്ഞാല്‍
അര്‍ദ്ധ നാരീശ്വരനിലേയ്ക്കു കൂടു മാറ്റം.
പരിഭവമേതുമില്ലെന്നു ജടാമകുടത്തില്‍ നിന്നു
ഒളികണ്ണെറിയുന്ന ഗംഗ.

ഓരോ സംവാദങ്ങള്‍ക്കുമൊടുവില്‍
സംശയങ്ങളൊടുങ്ങിയ ഉമാഹൃദയം
നിദ്രയിലേയ്ക്കു ചായുമ്പോള്‍
‍അന്തമില്ലാത്ത ചോദ്യങ്ങളുമായി
ഞാന്‍ ഹിമമുടികള്‍ തേടി.
ഉറക്കമത്രയും മൂന്നാം കണ്ണിലൊതുക്കി
ഗംഗ തുളുമ്പാതെ,
ഉമ ഉണരാതെ
ശിവമൊഴികളുതിരുമ്പോള്‍
‍കേള്‍വിയുടെ ഏഴാം സ്വര്‍ഗം‍.
തഴുകുന്ന ശിവനാഗങ്ങള്‍ക്കു
മഞ്ഞിന്റെ നനവ്....

ഒടുവില്‍,
വാക്കുകള്‍ ചിലമ്പഴിയ്ക്കുമ്പോള്‍
‍മൌനഭംഗിയൊരു മാത്ര...
കടുംതുടി ഉണരുന്നു,
മലമടക്കുകളിലെ മഞ്ഞിന്‍പാളികള്‍
‍തപിച്ചലിയുന്നു,ഇനി താണ്ഡവം,
കാമമോഹിതം മനമലിഞ്ഞു ചേരുന്നു,
പാതി പൂരിതം പ്രകൃതിയില്‍.

സംവാദങ്ങളില്‍ നിന്നു
താണ്ഡവങ്ങളിലേയ്ക്കാണീ
പ്രണയസഞ്ചാരങ്ങള്‍.

(ഹരിതകത്തില്‍ പ്രസിദ്ധീകരിച്ചത്)

Thursday, April 8, 2010

വാക്കിന്റെ വര്‍ത്തമാനങ്ങള്‍

1
എനിക്കും നിനക്കുമിടയില്‍
‍ഒരു വാക്കിന്റെ അന്ത്യം.
കണ്ടാലും കൊണ്ടാലുമറിയാത്ത രണ്ട്
അഹന്തകള്‍ ചേര്‍ന്നാണു
കൊല നടത്തിയതെന്നു മരണമൊഴി.

2
ഏഴു താളും ഏഴുവരിയും
ഏഴക്ഷരങ്ങളും തള്ളി വായിച്ചപ്പോള്‍
‍ഭാവി ഒരു കടും വാക്കില്‍ തടഞ്ഞു നിന്നു,
എടുത്തുമാറ്റിയപ്പോള്‍, ‍അടിയില്‍
ഒഴിഞ്ഞുപോയെന്നു കരുതിയ ഭൂതം..

3
വരണ്ട മണ്ണിലാണുനീ
വാക്കിന്റെ വിത്തെറിഞ്ഞത്.
നിന്റെ വിശ്വാസപ്പെരുമഴയേറ്റാണൊ
അതത്രയും മുളപൊട്ടിയത്?

4
നമുക്കിടയിലെ എത്രാമത്തെ വാക്കാണിതു?
മുന്‍പെ പിറന്നവയത്രയും
നിലം തൊടാതെ മറഞ്ഞു.
ഇതെങ്കിലും താഴെ വീണു
മണ്ണില്‍ വേരാഴ്ത്തിയെങ്കില്‍

5
കാറ്റെടുത്തോ കടലെടുത്തോ
ഒഴിഞ്ഞു പൊയീ
പ്രിയമുള്ള വാക്കുകള്‍ .
‍ഇനി നീയും ഞാനും പങ്കുവെയ്ക്കുമീ
ശിഷ്ടസ്വപ്നത്തില്‍
മൂകാഭിനയം മാത്രം.

Thursday, March 25, 2010

ജനിതകം

മഴയുടെയും പുഴയുടെയും
ജന്മരഹസ്യമറിയുന്ന മലയാണു
ഒരേ ജാതകം ഗണിച്ചുകൊടുത്തത്.
വൃദ്ധിക്ഷയങ്ങള്‍
‍അപഹാരങ്ങള്‍
‍സമാസമം.

എങ്കിലും
ഞാനുമെന്റേതും
നീയുംനിന്റേതും
എന്നൊളിച്ചു, ഇരുവരും

പുഴ മഴയില്‍നിന്നപഹരിച്ചതും
മഴ പുഴയില്‍നിന്നപഹരിച്ചതും
അവരവരുടേതായിരുന്നുവെന്ന്
കാറ്ററിഞ്ഞിരുന്നു.
അറിഞ്ഞും അറിയാതെയും
കൈമാറ്റങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്നും.

അതുകൊണ്ടു ജനിതകപ്പൊരുളിന്റെ
നെറുകയില്‍കൈവച്ച്, സത്യമായും
ഒരു കണക്കുപറച്ചിലുമില്ലാതെ
നമുക്കീ വഴി തുടരാം,
അല്ലെങ്കില്‍ ഇരുവഴിയായിപിരിയാം
ഞാന്‍ നിന്നില്‍ നിന്നെടുത്തതൊക്കെ
എന്റേതായിരുന്നു.
നീയെന്നില്‍ നിന്നെടുത്തതൊക്കെ
നിന്റേതും.

Friday, March 12, 2010

ഇരുപത്തിയഞ്ചാം മണിക്കൂര്‍.

ഇരുപത്തിയഞ്ചാമത്തെ മണിക്കൂറിലാണു
ഇതൊക്കെ സംഭവിക്കുന്നത്;
ഒരു കവിത ഉരുകിയൊലിച്ചു
രക്തത്തില്‍ കലരുക,
ഒരു പ്രണയം പൊട്ടിത്തുറന്നു
ശ്വാസത്തില്‍ നിറയുക,
വല്ലാത്തൊരു തിടുക്കത്തില്‍
വാതില്‍ തുറക്കേണ്ടി വരും അപ്പോള്‍.

ഏറ്റവും പ്രിയപ്പെട്ടതൊക്കെ
സംഭവിക്കുന്ന ആ സമയത്താണു
എന്റെ ഹൃദയം കൂടുതല്‍ മിടിക്കുന്നത്.

അങ്ങനെയൊരു
ഇരുപത്തിയഞ്ചാം മണിക്കൂറിലാണു
ഞാന്‍ ഋതുമതിയായത്.

(ഹരിതകത്തില്‍ പ്രസിദ്ധീകരിച്ചത്)

Friday, March 5, 2010

കൂറുമാറ്റം

അക്കങ്ങളോടായിരുന്നു
മുന്‍പൊക്കെ എനിക്കിഷ്ടം.
ഒന്നു മുതല്‍ ഒന്‍പതു വരെ
ഒന്നും മറ്റൊന്നു പോലെയല്ലാതെ
എന്നാല്‍, ഒന്നില്‍ മറ്റൊന്നടങ്ങിയും...
കൂടെ നിത്യകന്യാ പ്രാപ്തയായ പൂജ്യവും.

കൂട്ടമായ് കൂട്ടിയാലും
കൂട്ടത്തില്‍നിന്നു കുറച്ചാലും
കൂട്ടങ്ങളില്‍ ഗുണിച്ചാലും
കൂട്ടത്തോടെ ഹരിച്ചാലും
ഉത്തരങ്ങള്‍ കൃത്യവും സത്യവും.

പിന്നെ,
അക്ഷരങ്ങളിലേയ്ക്കു കൂടു മാറിയപ്പോള്‍
‍ചിന്താക്കുഴപ്പങ്ങള്‍,
നേര്‍പരിചയം ചിരിച്ചന്‍പത്താറക്ഷരങ്ങള്‍
‍മോഹിപ്പിച്ചപ്പുറത്തിരുപത്താറും
പിന്നെ അവിടെ, ഇവിടെ.....

എങ്കിലും നാവിലലിഞ്ഞ അക്ഷരങ്ങള്‍ക്കു
ഇലനേദ്യങ്ങളും നിറമാലയുമായാദ്യപൂജ.
വാക്കില്‍ നിറച്ചും വാക്കില്‍ കുറച്ചും
പെരുക്കിയും പകുത്തും സ്നേഹിച്ചപ്പോള്‍
‍ഒന്നുമൊന്നും ചേരാതെ ചേരിപ്പോര്,
നേരെയും ചെരിഞ്ഞും വെട്ടി
തിരിഞ്ഞും മറിഞ്ഞും നോക്കി
ഒറ്റയായും അനേകമായും
അര്‍ത്ഥപ്പകര്‍ച്ചകള്‍.

ഭയന്നും തളര്‍ന്നും
ഹൃദയം പകരാന്‍
അക്ഷരക്കൂട്ടങ്ങള്‍ തേടുമ്പോള്‍,
ഇതാ നീ കടം തന്ന ഒരു വാക്ക്
അര്‍ത്ഥം തുളുമ്പിയും
നിറവായ് പെരുകിയും
കളിക്കൂട്ടായ് ചുംബിച്ചും......