കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Sunday, June 27, 2010

മഴ അറിയുമ്പോള്‍

എവിടെയൊ ഒരു മഴ പെയ്യുന്നുണ്ട്,
പാടവരമ്പിനും പടിഞ്ഞാറ്റുവഴിക്കും
അപ്പുറത്ത്, എവിടെയൊ
ഒരു മഴ പെയ്യുന്നുണ്ട്.

തുള്ളികുതിച്ചു വന്ന നനഞ്ഞ കാറ്റ്
മയങ്ങി നില്‍ക്കുന്ന
വെയിലിന്റെ പുടവത്തുമ്പില്‍
ഈറന്‍ തുടക്കുന്നു.
എന്നിട്ടും തണുപ്പു മാറാതെ
വിരല്‍ക്കൂടു തീര്‍ത്ത്
തഴുകിയും പതുങ്ങിയും അരികില്‍.
എവിടെയൊ ഒരു മഴ പെയ്യുന്നുണ്ട്.

കൈത്തോടിലെ വെള്ളം
ചെമ്മണ്ണു കലര്‍ന്നു കലങ്ങിയിരിക്കുന്നു
ഒഴുക്കുവക്കിലെ ആറ്റുവഞ്ചി
ഉലഞ്ഞിട്ടുണ്ട്,
യാത്ര പറയാതെ പുറപ്പെട്ട
നീല പൂവിതളുകള്‍
ഓളങ്ങളില്‍ വിഷാദം പടര്‍ത്തുന്നു.
കൂടെ പച്ചയും മഞ്ഞയും
ഇലകളായും പൂക്കളായും...
എവിടെയൊ ഒരു മഴ പെയ്യുന്നുണ്ട്

സരോദിന്റെ തന്ത്രികളില്‍
ഒരു മഴനൂല്‍ ഈണമാകുന്നുണ്ട്.
ഉറങ്ങിപ്പോയ ഒരു സ്വപ്നം
തുള്ളികള്‍ വീണുണര്‍ന്നിട്ടുണ്ട്,
തണുത്ത കവിളില്‍
ഒരു ചുംബനം ചൂടറിയിക്കുന്നുണ്ട്.
ഉള്ളിലെവിടെയൊ
ഒരു മഴ പെയ്യുന്നുണ്ട്.

Thursday, June 10, 2010

ഏകാന്തത.

ഏകാന്തത ഒരു അധിനിവേശ സൈന്യമാണു
ആള്‍ക്കൂട്ടത്തിന്റെ നടുവിലും
ആഘോഷത്തിന്റെ തെളിവിലും
തേടിയെത്തുന്ന ആക്രമണശൈലി.

അശരീരികളായ
ആയിരം ശബ്ദങ്ങള്‍ കൊണ്ടും
അസ്പര്‍ശങ്ങളായ
ആയിരം വിരല്‍ത്തുമ്പുകള്‍കൊണ്ടും
അഷ്ടദിക്കുകളില്‍നിന്നൊക്കെയും പാഞ്ഞെത്തുന്ന
തെളിവുകളില്ലാത്ത ഒളിപ്പോര്‍പ്പട.

പിടിച്ചെടുക്കലിന്റെ ധാര്‍ഷ്ട്യം
എവിടെയും പിന്തുടരുന്നു,
ഒരിക്കലും, ഒരിക്കലും
തനിച്ചു വിടാതെ.

Tuesday, May 18, 2010

കാട്ടുതീ

നിനക്കറിയുമോ?
കാട്ടു തീയും ഇങ്ങനെയാണു,
പൊടുന്നനെ പുല്ലിലൊ,
കാട്ടുവേരുകളിലൊ
തിരിനീട്ടി, ആളിപ്പടരും
പാവം കാടെന്നു കരഞ്ഞ്
ഉയരങ്ങളില്‍ നിന്നൂതിയും
ചരിഞ്ഞും താണും വീശിയും
തീയണയ്ക്കാന്‍ കാറ്റ് .
കൂടെയാടാന്‍ തയാറെന്നു
ഉത്സാഹത്തില്‍ പറന്നും പരന്നും തീയും,
വേണ്ടതെല്ലാം എടുത്തടങ്ങട്ടെയെന്നു കാട്.

ഒരു മഴമുകിലിന്‍ കാരുണ്യം
പ്രളയമായ് പെരുകിയാല്‍ ‍പിന്നെ
തീയില്ല, കാടില്ല,
നീയില്ല, ഞാനില്ല...
അതുകൊണ്ടു പെയ്യാതെ പോകെന്നു മഴയോടും....
തീച്ചൂടിലുരുകി തിളയ്ക്കട്ടെയെന്നു
നിറമനസ്സോടെ ചിത കൂട്ടും കാട്.

Monday, May 10, 2010

കിണര്‍.

ആഴക്കിണറിന്റെ ഓര്‍മ്മകളില്‍
പുല്‍ പുതച്ച ഒരു സമതലമുണ്ട് .
ജീവന്‍ തുടിക്കുന്ന വേരുകള്‍
‍ഇക്കിളിപ്പെടുത്തുന്ന മണ്‍ചൂടുണ്ട് .
ജലക്കാഴ്ചയുടെ പ്രലോഭനത്തില്‍
ഇടിഞ്ഞിളകി താഴ്ചകള്‍ തേടുമ്പോള്‍
കളഞ്ഞു പോയൊരു പൂമരച്ചോടുണ്ട് .

ഇപ്പോള്‍,
ഈ തണുത്ത വെള്ളക്കെട്ടിനെ
ചേര്‍ത്തു പിടിച്ചു , ഇതെങ്കിലും
എന്നുമുണ്ടാകുമെന്നു ദാഹിക്കുന്നു
പാവം കിണര്‍.

(മെയ് ലക്കം തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത്.
http://www.chintha.com/node/74703)

Thursday, May 6, 2010

വായന

ഒരാളെ അറിയുക എന്നത് ഒരു പുസ്തകം
വായിക്കുന്നതുപോലെയാണു,
പുറം താളിലെ കുറുവാക്കുകളില്‍ തുടങ്ങി
വാക്കും വരികളും താളുകളുംതാണ്ടി
പുറം താളിലെത്തുന്ന വായന.

ചിലരില്‍
നീളുന്ന ആമുഖങ്ങളും
മടുപ്പിക്കുന്ന ആവര്‍ത്തനങ്ങളും
കണ്ണഞ്ചിക്കുന്ന അലങ്കാരങ്ങളും
വഴിമുടക്കുന്നു.

ചിലരിലാകട്ടെ,
ഒരോവരിയിലുംമായാജാലങ്ങള്‍,
കടന്നു പോകുന്നവഴികള്‍
പിന്നിലടയുന്നു,
കണ്‍കെട്ടഴിയാതെ,
തിരിച്ചിറങ്ങാന്‍ വഴികളില്ലാതെ,
ഇരുളറകളില്‍ പെട്ടുപോകാനും മതി

ചിലരില്‍ താളുകള്‍ മറിക്കുമ്പോള്‍
‍കണ്ണീരും ചോരയും ചേര്‍ന്നു ,
പശയായൊട്ടുന്നു വിരല്‍ത്തുമ്പില്‍ .
മുന്‍പോട്ടുള്ള യാത്രയില്‍
‍ആകെയുള്ള ഒരു ഹൃദയം തന്നെ
അടര്‍ത്തിയെടുത്തു കൊടുക്കേണ്ടതായും വരും.
എങ്കിലും പുസ്തകം മടക്കി
കണ്ണടയ്ക്കാനാവില്ലല്ലൊ.

ചിലരാകട്ടെ
ഒരു ഒറ്റവരി കവിത പോലെ
ജീവിതം ഒരു വരിയില്‍ നിറഞ്ഞു
എന്നാല്‍ തുളുമ്പാതെ
ഇതാ ഞാന്‍ എന്നു....

(ഹരിതകത്തില്‍ പ്രസിദ്ധീകരിച്ചത്)

Wednesday, April 28, 2010

മുഖാമുഖം

ചങ്ങാതി പറയുന്നു,
ഏറെ നാള്‍ മുഖാമുഖം നിന്നാല്‍
രണ്ടു ചുവരുകള്‍ പോലും
പ്രണയത്തിലായിടും,
ഒരുവേള,
ഹൃദയം തപിക്കുമൊരു നിമിഷത്തില്‍
‍ആശ്ലേഷം കൊതിച്ചീയിടനാഴി
ഭേദിച്ചൊന്നൊന്നോടു ചേര്‍ന്നുവെന്നും വരാം.

സത്യമോ?
പിന്നിട്ട കാലമത്രയും ഞാനുമീജീവിതവും
മുഖാമുഖം നില്‍ക്കയായിരുന്നു,
പുഞ്ചിരിക്കാന്‍ ശ്രമിച്ചും
ഹസ്തദാനത്തിനു വിരല്‍ തരിച്ചും,
തമ്മില്‍ പരിചയമാകാന്‍ കൊതിച്ചും...
എങ്കിലും
ഇനിയുമറിഞ്ഞില്ല പരസ്പരം
പ്രണയത്തിലേയ്ക്ക് മിഴിയടച്ചതുമില്ല...

കാത്തിരിപ്പിന്നൊടുവിലൊരുനാള്‍,
‍ഒരു പ്രണയകുതിപ്പായി
എന്നിലേയ്ക്കാഴ്ന്നിറങ്ങുമീ
ജീവിതമെന്നോ?

Thursday, April 15, 2010

ഉമാമഹേശ്വരം

ഉമാമഹേശ്വര സംവാദങ്ങളിലൂടെയാണു
എന്റെ ശിവഭക്തി പ്രണയമായത്.
ചുടലഭസ്മവും മണിനാഗങ്ങളും കാട്ടാനത്തോലും
അലങ്കാരങ്ങളെങ്കിലും
കാന്തന്‍ മഹേശ്വരനെന്നു തപം ചെയ്ത
ഉമയുടെ പാദങ്ങളില്‍ സഹസ്രാര്‍ച്ചന.
പര്‍വതനന്ദിനീ പൂജ കഴിഞ്ഞാല്‍
അര്‍ദ്ധ നാരീശ്വരനിലേയ്ക്കു കൂടു മാറ്റം.
പരിഭവമേതുമില്ലെന്നു ജടാമകുടത്തില്‍ നിന്നു
ഒളികണ്ണെറിയുന്ന ഗംഗ.

ഓരോ സംവാദങ്ങള്‍ക്കുമൊടുവില്‍
സംശയങ്ങളൊടുങ്ങിയ ഉമാഹൃദയം
നിദ്രയിലേയ്ക്കു ചായുമ്പോള്‍
‍അന്തമില്ലാത്ത ചോദ്യങ്ങളുമായി
ഞാന്‍ ഹിമമുടികള്‍ തേടി.
ഉറക്കമത്രയും മൂന്നാം കണ്ണിലൊതുക്കി
ഗംഗ തുളുമ്പാതെ,
ഉമ ഉണരാതെ
ശിവമൊഴികളുതിരുമ്പോള്‍
‍കേള്‍വിയുടെ ഏഴാം സ്വര്‍ഗം‍.
തഴുകുന്ന ശിവനാഗങ്ങള്‍ക്കു
മഞ്ഞിന്റെ നനവ്....

ഒടുവില്‍,
വാക്കുകള്‍ ചിലമ്പഴിയ്ക്കുമ്പോള്‍
‍മൌനഭംഗിയൊരു മാത്ര...
കടുംതുടി ഉണരുന്നു,
മലമടക്കുകളിലെ മഞ്ഞിന്‍പാളികള്‍
‍തപിച്ചലിയുന്നു,ഇനി താണ്ഡവം,
കാമമോഹിതം മനമലിഞ്ഞു ചേരുന്നു,
പാതി പൂരിതം പ്രകൃതിയില്‍.

സംവാദങ്ങളില്‍ നിന്നു
താണ്ഡവങ്ങളിലേയ്ക്കാണീ
പ്രണയസഞ്ചാരങ്ങള്‍.

(ഹരിതകത്തില്‍ പ്രസിദ്ധീകരിച്ചത്)