കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Friday, March 5, 2010

കൂറുമാറ്റം

അക്കങ്ങളോടായിരുന്നു
മുന്‍പൊക്കെ എനിക്കിഷ്ടം.
ഒന്നു മുതല്‍ ഒന്‍പതു വരെ
ഒന്നും മറ്റൊന്നു പോലെയല്ലാതെ
എന്നാല്‍, ഒന്നില്‍ മറ്റൊന്നടങ്ങിയും...
കൂടെ നിത്യകന്യാ പ്രാപ്തയായ പൂജ്യവും.

കൂട്ടമായ് കൂട്ടിയാലും
കൂട്ടത്തില്‍നിന്നു കുറച്ചാലും
കൂട്ടങ്ങളില്‍ ഗുണിച്ചാലും
കൂട്ടത്തോടെ ഹരിച്ചാലും
ഉത്തരങ്ങള്‍ കൃത്യവും സത്യവും.

പിന്നെ,
അക്ഷരങ്ങളിലേയ്ക്കു കൂടു മാറിയപ്പോള്‍
‍ചിന്താക്കുഴപ്പങ്ങള്‍,
നേര്‍പരിചയം ചിരിച്ചന്‍പത്താറക്ഷരങ്ങള്‍
‍മോഹിപ്പിച്ചപ്പുറത്തിരുപത്താറും
പിന്നെ അവിടെ, ഇവിടെ.....

എങ്കിലും നാവിലലിഞ്ഞ അക്ഷരങ്ങള്‍ക്കു
ഇലനേദ്യങ്ങളും നിറമാലയുമായാദ്യപൂജ.
വാക്കില്‍ നിറച്ചും വാക്കില്‍ കുറച്ചും
പെരുക്കിയും പകുത്തും സ്നേഹിച്ചപ്പോള്‍
‍ഒന്നുമൊന്നും ചേരാതെ ചേരിപ്പോര്,
നേരെയും ചെരിഞ്ഞും വെട്ടി
തിരിഞ്ഞും മറിഞ്ഞും നോക്കി
ഒറ്റയായും അനേകമായും
അര്‍ത്ഥപ്പകര്‍ച്ചകള്‍.

ഭയന്നും തളര്‍ന്നും
ഹൃദയം പകരാന്‍
അക്ഷരക്കൂട്ടങ്ങള്‍ തേടുമ്പോള്‍,
ഇതാ നീ കടം തന്ന ഒരു വാക്ക്
അര്‍ത്ഥം തുളുമ്പിയും
നിറവായ് പെരുകിയും
കളിക്കൂട്ടായ് ചുംബിച്ചും......

15 comments:

ശ്രീ said...

വളരെ നന്നായിരിയ്ക്കുന്നു

Wash'Allan JK | വഷളന്‍ ജേക്കെ said...

നല്ല കവിത.

അക്കങ്ങള്‍ക്കു കള്ളം പറയാനറിയില്ല,
അക്ഷരങ്ങള്‍ക്കതാകും.
അക്കങ്ങള്‍ എന്നെ വയസ്സനാക്കുന്നു...
അതുകൊണ്ടു ഞാന്‍ അക്കങ്ങളെ വെറുത്തു, അക്ഷരങ്ങളെ സ്നേഹിച്ചു.

നിരഞ്ജന്‍.ടി.ജി said...

സ്വന്തമായി നില്‍ക്കാനാവാത്ത ഒരു ചില്ലക്ഷരം പോലെ ജീവിതം അക്കങ്ങളുടെ താങ്ങുതേടിയിരുന്നിടത്തോളം കാലം അക്ഷരലോകം ഒരു ലക്ഷ്വറി തന്നെ..
ഇനിയേതായാലും അക്ഷരങ്ങളോട് പയറ്റു തുടരട്ടെ..
ആശംസകള്‍..

Manoraj said...

കൊള്ളാല്ലോ.. ഇതിനിടയിൽ ചില്ലിനെ പരാമർശിക്കായിരുന്നു.. 56 / 51 അതൊരു തർക്ക വിഷയമല്ലേ ഇപ്പോളും...

കണ്ണനുണ്ണി said...

അക്കങ്ങളും അക്ഷരങ്ങളും പലപ്പോഴും നേരെ രേഖയില്‍ നില്‍ക്കില്ലല്ലോ..

വഷളന്റെ കമന്റും ഇഷ്ടായി

Deepa Bijo Alexander said...

വാക്കില്‍ നിറച്ചും വാക്കില്‍ കുറച്ചും
പെരുക്കിയും പകുത്തും സ്നേഹിച്ചപ്പോള്‍
‍ഒന്നുമൊന്നും ചേരാതെ ചേരിപ്പോര്,
നേരെയും ചെരിഞ്ഞും വെട്ടി
തിരിഞ്ഞും മറിഞ്ഞും നോക്കി
ഒറ്റയായും അനേകമായും
അര്‍ത്ഥപ്പകര്‍ച്ചകള്‍.
ഭയന്നും തളര്‍ന്നും
ഹൃദയം പകരാന്‍ അക്ഷരങ്ങളില്ലാതെ
ഞാന്‍ വീടുവിട്ടിറങ്ങുമ്പോള്‍
പിന്നിലാരാണു കൈകൊട്ടിചിരിക്കുന്നതു?

കൊള്ളാം..നല്ല വരികൾ...

ബ്ലോഗിലിലുപയോഗിച്ചിരിക്കുന്ന fonts& colours ഒന്നു കൂടി നോക്കണേ.....ഇടയ്ക്കു ചിലതൊക്കെ വായിക്കാൻ പറ്റാത്തതു പോലെ തോന്നി.

Promod P P said...

അക്ഷരങ്ങൾ പുതുവർഷമായി ആഞ്ഞുപെയ്യുമ്പോൾ വള്ളിയും ദീർഘവും നാഗങ്ങളായ് നൃത്തം ചവിട്ടുന്നു. വാക്കു മുറിയാത്തിടത്തോളം പോക്കും മുറിയില്ല.

അക്ഷരക്കൂട്ടങ്ങളൊന്നായി അർത്ഥം ഭേദിച്ചിടും പടി......


കവിത ഇനിയും നന്നാക്കാമായിരുന്നു

M.R.Anilan -എം. ആര്‍.അനിലന്‍ said...

വാക്കില്‍ നിറച്ചും വാക്കില്‍ കുറച്ചും
പെരുക്കിയും പകുത്തും സ്നേഹിച്ചപ്പോള്‍
‍ഒന്നുമൊന്നും ചേരാതെ ചേരിപ്പോര്

-കവിത കൊള്ളാം!

രാജേഷ്‌ ചിത്തിര said...

നിത്യകന്യാ പ്രാപ്തയായ പൂജ്യവും.
നേര്‍പരിചയം ചിരിച്ചന്‍പത്താറക്ഷരങ്ങള്‍
‍മോഹിപ്പിച്ചപ്പുറത്തിരുപത്താറും


nannayi changaathi

സ്മിത മീനാക്ഷി said...

ശ്രീ, വഷളന്‍ , നിരഞ്ജന്‍ , മനോരാജ്, കണ്ണനുണ്ണി, ദീപ, തഥാഗതന്‍ ,അനിലന്‍ ,രാജേഷ് ചിത്തിര... നിങ്ങളെല്ലാം തന്ന നല്ല വാക്കുകള്‍ക്കു ഒരുപാടു നന്ദി

Ranjith chemmad / ചെമ്മാടൻ said...

നന്നായിരിക്കുന്നു, വാക്കുകളുടെ ഈ ഗണിത വിന്യാസം!

Umesh Pilicode said...

കൊള്ളാം :)

Vayady said...

"കാലവും ദൂരവും നിന്‍ വര്‍ണ്ണം മായ്ക്കുമോ..
കാവ്യാമൃതം ചുരത്തും മലയാളമേ..
നാവില്‍ തേനായ്, പൊന്നായലിഞ്ഞ മലയാളമേ"
സ്മിതയുടെ കവിത വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ ഓടിയെത്തിയ വരികളാണിവ. (വരികള്‍ എന്റേതല്ല)
ആശംസകള്‍..

ദിനേശന്‍ വരിക്കോളി said...

നല്ല വായനാനുഭവം.
കണക്കിലെ കളികള്‍ ജീവിതത്തിലെ
ഒരോ തമാശകള്‍........

എന്‍.ബി.സുരേഷ് said...

malayalathil eppol 48 aksharame upayogathilullu. kavithayil naam sincere aayirikkanam jeevithathilennapole.