കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Thursday, April 15, 2010

ഉമാമഹേശ്വരം

ഉമാമഹേശ്വര സംവാദങ്ങളിലൂടെയാണു
എന്റെ ശിവഭക്തി പ്രണയമായത്.
ചുടലഭസ്മവും മണിനാഗങ്ങളും കാട്ടാനത്തോലും
അലങ്കാരങ്ങളെങ്കിലും
കാന്തന്‍ മഹേശ്വരനെന്നു തപം ചെയ്ത
ഉമയുടെ പാദങ്ങളില്‍ സഹസ്രാര്‍ച്ചന.
പര്‍വതനന്ദിനീ പൂജ കഴിഞ്ഞാല്‍
അര്‍ദ്ധ നാരീശ്വരനിലേയ്ക്കു കൂടു മാറ്റം.
പരിഭവമേതുമില്ലെന്നു ജടാമകുടത്തില്‍ നിന്നു
ഒളികണ്ണെറിയുന്ന ഗംഗ.

ഓരോ സംവാദങ്ങള്‍ക്കുമൊടുവില്‍
സംശയങ്ങളൊടുങ്ങിയ ഉമാഹൃദയം
നിദ്രയിലേയ്ക്കു ചായുമ്പോള്‍
‍അന്തമില്ലാത്ത ചോദ്യങ്ങളുമായി
ഞാന്‍ ഹിമമുടികള്‍ തേടി.
ഉറക്കമത്രയും മൂന്നാം കണ്ണിലൊതുക്കി
ഗംഗ തുളുമ്പാതെ,
ഉമ ഉണരാതെ
ശിവമൊഴികളുതിരുമ്പോള്‍
‍കേള്‍വിയുടെ ഏഴാം സ്വര്‍ഗം‍.
തഴുകുന്ന ശിവനാഗങ്ങള്‍ക്കു
മഞ്ഞിന്റെ നനവ്....

ഒടുവില്‍,
വാക്കുകള്‍ ചിലമ്പഴിയ്ക്കുമ്പോള്‍
‍മൌനഭംഗിയൊരു മാത്ര...
കടുംതുടി ഉണരുന്നു,
മലമടക്കുകളിലെ മഞ്ഞിന്‍പാളികള്‍
‍തപിച്ചലിയുന്നു,ഇനി താണ്ഡവം,
കാമമോഹിതം മനമലിഞ്ഞു ചേരുന്നു,
പാതി പൂരിതം പ്രകൃതിയില്‍.

സംവാദങ്ങളില്‍ നിന്നു
താണ്ഡവങ്ങളിലേയ്ക്കാണീ
പ്രണയസഞ്ചാരങ്ങള്‍.

(ഹരിതകത്തില്‍ പ്രസിദ്ധീകരിച്ചത്)

17 comments:

സ്മിത മീനാക്ഷി said...

സംവാദങ്ങളില്‍ നിന്നു
താണ്ഡവങ്ങളിലേയ്ക്കാണീ
പ്രണയസഞ്ചാരങ്ങള്‍ .

Wash'Allan JK | വഷളന്‍ ജേക്കെ said...

താണ്ഡവത്തിന്റെ രൗദ്രഭാവത്തില്‍ അലിയിച്ച പ്രണയത്തിന്റെ ആര്‍ദ്രതയുള്ള കവിത... ഒരു കണ്ണില്‍ രൗദ്രവും മറുകണ്ണില്‍ ശൃംഗാരവും ഒളിപ്പിച്ച നടരാജന്‍ പ്രണയിനിയെ പരിണയിക്കാതിരിക്കില്ല...

കൂട്ടത്തില്‍ വിഷു ആശംസകള്‍!

Junaiths said...

:0)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ജി.ശങ്കരക്കുറുപ്പിന്റെ “ശിവതാണ്ഡവം” എന്ന കവിത ഓര്‍മ്മ വന്നു

നല്ല അവതരണം..

എങ്കിലും പഴയ കവിതകളുടെ മനോഹാരിതയായിരുന്നു എനിക്ക് കൂടുതല്‍ ഇഷ്ടം

ആശംസകള്‍!

ഒരു യാത്രികന്‍ said...

കന്ദര്‍പ്പാ കളിക്കേണ്ട ഞാന്‍ ശിവ ഭക്താനാം....ഇഷ്ടമായി.......സസ്നേഹം

പട്ടേപ്പാടം റാംജി said...

സംവാദങ്ങളില്‍ നിന്നു
താണ്ഡവങ്ങളിലേയ്ക്കാണീ
പ്രണയസഞ്ചാരങ്ങള്‍.

എന്‍.ബി.സുരേഷ് said...

കൃഷ്ണനെ മാത്രം പെണ്ണുങ്ങള്‍ ഇങ്ങനെ പ്രണയിക്കാന്‍ തുടങ്ങിയാ‍ല്‍ ശിവന്‍ ചുറ്റിപ്പോവുകയെ ഉള്ളു.
നമ്മുടെ ദൈവങ്ങള്‍ക്കൊന്നും മീശയില്ല.ബോളിവുഡ് നടന്മാര്‍ക്കും അതെ. താണ്ഡവമാടുന്ന പുരുഷനെയല്ല താലോലിക്കുന്നവനെ മതി. പ്രണയത്തില്‍ സംവാദങ്ങളുമില്ല. കൊഞ്ചലുകളും പരിഭവങ്ങളും മാത്രം. ലാസ്യ നൃത്തമാടുന്ന വൃന്ദാവനമുരളീനാഥന്റെ പിന്നാലെ പൊല്കും തരുണികള്‍. അവന്റെ അസാന്നിദ്ധ്യത്തില്‍ മനസ്സു പിടഞ്ഞു കേഴും.
പാലാഴിയില്‍ പള്ളികൊള്ളുന്ന വിഷ്ണുവാണ് താരം.
വേണം നമുക്കൊരു പ്രണയിനി,
നെറ്റിക്കണ്ണില്‍ അഗ്നിയുമായ്
ഊരുചുറ്റുന്നവന്റെ
ഉഷ്ണം കെടുത്താന്‍.
വേണം നമുക്കൊരു കാമുകന്‍
ഉടലിലും ഉയിരിലും
ഇടിമിനലിന്റെ
കിനാവുമായ് പൊള്ളുന്നവളുടെ
ജീവനില്‍ താളം ചവിട്ടാന്‍.
കാല്പനികതയല്ല
കരളുറപ്പാണ്
പ്രണയത്തിന്റെ കാതല്‍.

നന്നായി സ്മിതാ, പക്ഷെ മനസിലുള്ള എല്ലാം പുറത്തുവന്നില്ല. അല്ലെ?

Manoraj said...

കവിത നന്നായി.. കൂടുതൽ പറയാൻ അറിയാത്തത് കൊണ്ട് ഒന്നും പറയുന്നില്ല..

ഹരിശങ്കരനശോകൻ said...

കൃഷ്ണനേയും ശിവനേയും മറ്റും വച്ച് പൈങ്കിളി എഴുതുന്നത് ഒരു അസഹനീയ പരിപാടിയായ ഇക്കാലം കാളിന്ദി ബുദ്ധിയുള്ളവളെ പോലെ എഴുതിയിരിക്കുന്നു.
ഇതിനൊരു സംസ്കാരത്തിന്റെ ആകെ അനുഗ്രഹമുണ്ടായിരിക്കും.

അരുണ്‍ കരിമുട്ടം said...

മലമടക്കുകളിലെ മഞ്ഞിന്‍പാളികള്‍
‍തപിച്ചലിയുന്നു,ഇനി താണ്ഡവം,
കാമമോഹിതം മനമലിഞ്ഞു ചേരുന്നു,
പാതി പൂരിതം പ്രകൃതിയില്‍.

വരികള്‍ നല്ല ഇമ്പമുണ്ട്, മനസിലാക്കാന്‍ രണ്ട് പ്രാവശ്യം വായിക്കേണ്ടി വന്നു :)

രാജേഷ്‌ ചിത്തിര said...

കാമമോഹിതം....

ഉമയെ ഉണര്‍ത്താതെ,
ഗംഗയെ തുളുമ്പിക്കാതെ,
തിരുജഡയില്‍ പ്രണയത്തിന്റെ
സേതു ബന്ധനം...
ശിവനെയാണിഷ്ടം..എനിക്കും ...

താണ്ടവത്തിന്റെ പ്രേമഭാവങ്ങളെ...

ഉമയെ ഉണര്‍ത്താതെ,
ഗംഗയെ തുളുമ്പിക്കാതെ,
തിരുജഡയില്‍ പ്രണയത്തിന്റെ
സേതു ബന്ധനം...

ശിവനെയാണിഷ്ടം..എനിക്കും ...

താണ്ടവത്തിന്റെ പ്രേമഭാവങ്ങളെ...

വല്ലാത്തൊരു ദ്രുശ്യം....വരികളിലുണ്ട്;ഇടയ്ക്കെവിടെയൊ ഉള്ള ഉള്വലിയല്‍ ഒഴിവാക്കിയാല്‍

ഹന്‍ല്ലലത്ത് Hanllalath said...

സംവാദങ്ങളില്‍ നിന്നു
താണ്ഡവങ്ങളിലേയ്ക്കാണീ
പ്രണയസഞ്ചാരങ്ങള്‍.

unni ji said...

ഉമാമഹേശ്വരസംവാദത്തിൽനിന്ന് പ്രണയം. ഉമയും ഗംഗയും ഉറങ്ങുമ്പോൾ നേരിട്ടു സംവാദം. പുറകെ (പ്രണയ)താണ്ഡവവും

ഭക്തി, പ്രണയം( അതാ മീര!)ആകുമ്പോൾ എന്തും ഉദാത്തമെന്നു തോന്നാം. എങ്കിലും ഹിമാചലനന്ദിനിമാരെ ഒളിക്കണോ. കറയില്ലാത്ത ഭക്തിയാവട്ടെ!

അവതരണം നന്നായിട്ടുണ്ട്.

Vayady said...

സ്മിതാ, വരാന്‍ ഇത്തിരി വൈകി. ഈ പ്രണയ കവിത പതിവുപോലെ നന്നായി. സം‌വാദങ്ങളില്‍ നിന്നും താണ്ഡവങ്ങളിലേക്കുള്ള പ്രയാണം എത്ര മനോഹരം. ഒരുപാടിഷ്ടമായി.

Unknown said...

ഉറക്കമത്രയും മൂന്നാം കണ്ണിലൊതുക്കി
ഗംഗ തുളുമ്പാതെ,
ഉമ ഉണരാതെ
ശിവമൊഴികളുതിരുമ്പോള്‍
‍കേള്‍വിയുടെ ഏഴാം സ്വര്‍ഗം‍.
തഴുകുന്ന ശിവനാഗങ്ങള്‍ക്കു
മഞ്ഞിന്റെ നനവ്....

അതിമനോഹരം!!!

സ്മിത മീനാക്ഷി said...

എല്ലാ നല്ല വാക്കുകള്‍ക്കും ഒരുപാടു നന്ദിയും സ്നേഹവും.... സ്മിത.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കവിതയിലെ വാക്കുകള്‍ കടം കൊളുന്നു
‘സംവാദങ്ങളില്‍ നിന്നു
താണ്ഡവങ്ങളിലേയ്ക്കാണീ
പ്രണയസഞ്ചാരങ്ങള്‍ .’
നന്നായിരിക്കുന്നു.