കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Sunday, December 12, 2010

ഭൂപടങ്ങള്‍.

പെണ്ണുടലില്‍ ഭൂപടങ്ങളും
ഭൂപടങ്ങളില്‍ പെണ്ണുടലുകളും
തേടി നിന്റെ എഴുത്താണി
ചരിത്രങ്ങളില്‍ ചികയുന്നു.

ചിത്രങ്ങള്‍, ശില്‍പ്പങ്ങള്‍,
ലിപികള്‍, ലിഖിതങ്ങള്‍...
അടിത്തട്ടോളം മുങ്ങി
അന്തര്‍വാഹിനികള്‍ തേടുന്നു
കണ്ടെത്താത്ത രേഖകള്‍.

കണ്ടുകിട്ടുന്നവയൊക്കെ
ഒരു വരയ്ക്കും, വരയ്ക്കപ്പുറത്തെ
വരയാ കണക്കുകള്‍ക്കും.

പച്ചപ്പിലെ നീരൊഴുക്കുകള്‍,
മിഴിക്കോണിലെ മഴച്ചാലുകള്‍,
നിയമങ്ങളുടെ തടയണകള്‍,
നേര്‍ രേഖയില്‍ നടപ്പാതകള്‍,
സ്വയരക്ഷയുടെ കണ്ടല്‍ക്കാടുകള്‍,
പ്രലോഭനത്തിന്റെ ധാതുഖനികള്‍,
ആസക്തിയുടെ മഴനിഴല്‍ പ്രദേശങ്ങള്‍,
ഉഷ്ണ, ശീത പ്രവാഹങ്ങള്‍,
ന്യൂനമര്‍ദ്ദ പ്രദേശങ്ങള്‍,
കൊടുങ്കാറ്റുകളുടെ ഈറ്റില്ലങ്ങള്‍.

എന്നിട്ടും,
വരികള്‍ക്കിടയിലെ
വായിക്കപ്പെടാത്ത ചരിത്രമായും
വരകള്‍ക്കിടയിലെ
അടയാളപ്പെടുത്താത്ത
ഭൂപ്രദേശമായും
എന്നുടല്‍ ബാക്കിയാകുമ്പോള്‍
അനുമാനങ്ങള്‍ വരച്ചും നീട്ടിയും
നീ ചമയ്ക്കുന്നൊരീ ഭൂപടത്തില്‍
ഞാനെന്തിനു കൈയ്യൊപ്പു ചാര്‍ത്തണം?

(ഡിസംബര്‍ ലക്കം തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത്. )
http://www.chintha.com/node/92825

34 comments:

സ്മിത മീനാക്ഷി said...

അനുമാനങ്ങള്‍ വരച്ചും നീട്ടിയും
നീ ചമയ്ക്കുന്നൊരീ ഭൂപടത്തില്‍
ഞാനെന്തിനു കൈയ്യൊപ്പു ചാര്‍ത്തണം?

Unknown said...

മനസ്സും ഉടലും കാത്തുവെക്കുന്ന ഒടുങ്ങാത്ത വിസ്മയങ്ങള്‍.. ചരിത്രവും ഭൂമിശാസ്ത്രവുമെന്നല്ല, രസതന്ത്രവും ഗണിതവും ഒന്നും നാം തിരിച്ചറിയുന്നില്ല, അല്ലെങ്കില്‍, അത് തന്നെയല്ലേ, ജീവിതത്തിന്റെ കൌതുകം... നിന്നുടല്‍ അങ്ങിനെ ബാക്കിയാവുമ്പോഴും, അനുമാനങ്ങള്‍ തുടര്‍ന്ന് കൊണ്ടെയിരിക്കട്ടെ, ജീവിതപ്പൂ കൊഴിയുവോളം.. കവിത ഇഷ്ടപ്പെട്ടു..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നന്നായിരിക്കുന്നു.

Kalavallabhan said...

കണ്ടെത്താത്ത രേഖകള്‍
കണ്ടെത്തപ്പെടട്ടെ.
വളരെ നന്നായിട്ടുണ്ട്.

ഭാനു കളരിക്കല്‍ said...

തിരിച്ചറിയപ്പെടാത്ത സ്ത്രീത്വം. കവിത മനോഹരമായി.

Pranavam Ravikumar said...

മനോഹരമായ വരികള്‍... ആ ആശയത്തിന്റെ ഒഴുക്കും... ആശംസകള്‍

sm sadique said...

പച്ചപ്പിലെ നീരൊഴുക്കുകള്,
മിഴിക്കോണിലെ മഴച്ചാലുകള്,
നിയമങ്ങളുടെ തടയണകള്,
നേര് രേഖയില് നടപ്പാതകള്,
സ്വയരക്ഷയുടെ കണ്ടല്ക്കാടുകള്,
പ്രലോഭനത്തിന്റെ ധാതുഖനികള്,
ആസക്തിയുടെ മഴനിഴല് പ്രദേശങ്ങള്,
ഉഷ്ണ, ശീത പ്രവാഹങ്ങള്,
ന്യൂനമര്ദ്ദ പ്രദേശങ്ങള്,
കൊടുങ്കാറ്റുകളുടെ ഈറ്റില്ലങ്ങള്.

ആശയസമ്പുഷ്ട്ടം അർഥസമ്പുഷ്ട്ടം ഈ കവിത.

മുകിൽ said...

എന്നെ അടയാളപ്പെടുത്താത്ത ഭൂപടത്തിൽ ഞാനെന്തിനു കയ്യൊപ്പു ചാർത്തണം?
ഇഷ്ടമായി ഈ ചോദ്യം.
നന്നായിരിക്കുന്നു കവിത.

വരയും വരിയും : സിബു നൂറനാട് said...

അപ്പൊ നോര്‍ത്ത് കൊറിയ പോലെയാണ് അവസ്ഥ(ചുമ്മാ ;-)) !!

കവിത നന്നായിരിക്കുന്നു.

sreee said...

കവിത നന്നായിരിക്കുന്നു

Unknown said...

chinthayil vayichu orikal

joshy pulikkootil said...

kollaaamm good

MOIDEEN ANGADIMUGAR said...

അന്തര്‍വാഹിനികള്‍ തേടുന്നു
കണ്ടെത്താത്ത രേഖകള്‍.

ശ്രീനാഥന്‍ said...

രോഷമാണല്ലോ! വേണ്ടാ, കയ്യൊപ്പുചാർത്തണ്ടാ, ചരിത്രം അവൾക്ക് അർഹതപ്പെട്ട നേർപ്പാതി രേഖപ്പെടുത്തും വരെ, ഉടലിന്റെ ആസക്തികൾക്കുപരി അവളുടെ സത്ത തിരിച്ചറിയും വരെ. കവിതയിൽ പുതിയ എഴുത്തമ്മമാരുടെ എഴുത്താണി തെളിയുന്നു. ഇഷ്ടമായി.

പറയാതെ വയ്യ. said...

കവിത മനോഹരമായിരിക്കുന്നു. കുടുതല്‍ ഒന്നും പറയാനില്ല.
സ്നേഹത്തോടെ,

രമേശ്‌ അരൂര്‍ said...

മനുഷ്യ കുലത്തിന്റെ നേര്പാതിയും നല്ല പാതിയുമായ സ്ത്രീത്വത്തെ അടയാളപ്പെടുത്താ തിരിക്കാന്‍ ഒരു ചരിത്രത്തിനും ഭൂമിശാസ്ത്രത്തിനും ആകില്ല ..ഒന്ന് മറ്റൊന്നില്‍ നിന്ന് മാറി നില്‍ക്കാനും കഴിയില്ല ....:)
വരികള്‍ എല്ലാം ഇഷ്ടമായി ..ശക്തി മനസിലായി :)

Vayady said...

സ്ത്രീയുടെ ശരീരത്തിനുമപ്പുറത്ത് അവള്‍ക്കൊരു ആത്മസത്തയുണ്ടെന്ന് തിരിച്ചറിയുന്ന കാലം വരെ നമുക്ക് കാത്തിരിക്കാം.

സ്മിത, കവിത മനോഹരം! ഇതില്‍ കൂടുതല്‍ എന്തു പറയാന്‍..

സുസ്മേഷ് ചന്ത്രോത്ത് said...

ഭൂപടങ്ങള്‍ നന്നായി.ഇഷ്ടമായി.ഭാവുകങ്ങള്‍.

ശ്രീജ എന്‍ എസ് said...

നിന്റെ ആത്മാവ് അറിയാതെ എങ്ങനെ നിന്നെ അറിയും?അനുമാനങ്ങള്‍ കൊണ്ട് തീര്‍ത്ത ഭൂപടത്തില്‍ കയ്യൊപ്പ് ചാര്‍ത്തുന്നത് എന്തിനാണ്? കവിത ഇഷ്ടമായി

ചിത്ര said...

kavitha kollaam..:)
പച്ചപ്പിലെ നീരൊഴുക്കുകള്‍,
മിഴിക്കോണിലെ മഴച്ചാലുകള്‍,
.................
ആസക്തിയുടെ മഴനിഴല്‍ പ്രദേശങ്ങള്‍..:)

ഒഴാക്കന്‍. said...

കവിത മനോഹരമായിരിക്കുന്നു.

mayflowers said...

''മിഴിക്കോണിലെ മഴച്ചാലുകള്‍..."
എത്ര മനോഹരമായ പദങ്ങളാണ്..
അഭിനന്ദനങ്ങള്‍..

M.R.Anilan -എം. ആര്‍.അനിലന്‍ said...

തികച്ചും പ്രചോദിതനിമിഷങ്ങളിൽ നിന്നു വന്ന കവിത... നിനക്കെന്നും,
'നിയമങ്ങളുടെ തടയണകള്‍,
നേര്‍ രേഖയില്‍ നടപ്പാതകള്‍,
സ്വയരക്ഷയുടെ കണ്ടല്‍ക്കാടുകള്‍,
പ്രലോഭനത്തിന്റെ ധാതുഖനികള്‍,
ആസക്തിയുടെ മഴനിഴല്‍ പ്രദേശങ്ങള്‍,
ഉഷ്ണ, ശീത പ്രവാഹങ്ങള്‍,
ന്യൂനമര്‍ദ്ദ പ്രദേശങ്ങള്‍ ' എന്നാണല്ലോ വിധിച്ചിട്ടുള്ളത്. ഒടുവിലത്തെ നയപ്രഖ്യാപനം ശരിയ്ക്കും പാതമുറിച്ചുള്ള ഒരൊഴുക്കു തന്നെ. നന്നായി

രാജേഷ്‌ ചിത്തിര said...

നല്ല വരികള്‍,

എന്തോ ഒരു എഡിറ്റിംഗ് കുറവു തോന്നുന്നു.

"ചിത്രങ്ങള്‍, ശില്‍പ്പങ്ങള്‍,
ലിപികള്‍, ലിഖിതങ്ങള്‍...
അടിത്തട്ടോളം മുങ്ങി
അന്തര്‍വാഹിനികള്‍ തേടുന്നു
കണ്ടെത്താത്ത രേഖകള്‍"

"പച്ചപ്പിലെ നീരൊഴുക്കുകള്‍,
മിഴിക്കോണിലെ മഴച്ചാലുകള്‍,
നിയമങ്ങളുടെ തടയണകള്‍,
നേര്‍ രേഖയില്‍ നടപ്പാതകള്‍,
സ്വയരക്ഷയുടെ കണ്ടല്‍ക്കാടുകള്‍,
പ്രലോഭനത്തിന്റെ ധാതുഖനികള്‍,
ആസക്തിയുടെ മഴനിഴല്‍ പ്രദേശങ്ങള്‍,
ഉഷ്ണ, ശീത പ്രവാഹങ്ങള്‍,
ന്യൂനമര്‍ദ്ദ പ്രദേശങ്ങള്‍,
കൊടുങ്കാറ്റുകളുടെ ഈറ്റില്ലങ്ങള്‍"


ഈ വരികള്‍ മറ്റു വരികളില്‍ നിന്നു വേറിട്ട് മറ്റൊരു കവിതയാകുന്നോ എന്നൊരു തോന്നല്‍...
ഇതില്ലാതെയും വരയ്ക്കാനാഞ്ഞ ഭൂപടം പൂര്‍ണ്ണമാണെന്ന തോന്നല്‍ ഒരു പക്ഷെ, തോന്നല്‍ മാത്രമാകാം...
വേലിക്കു വെളിയിലെ വെറും തോന്നല്‍...
രണ്ടു ഇഷ്ടവിഷയങ്ങള്‍....ചരിത്രം,ഭൂപടയുടലുകള്‍...
ഇതും ഇഷ്ടം...

ഉമാ രാജീവ് said...

വളരെ വളരെ ഇഷ്ടമായി

സ്മിത മീനാക്ഷി said...

വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി, സ്നേഹം.

Mahendar said...

ആസക്തിയുടെ മഴനിഴല് പ്രദേശങ്ങള്‍..
...
...

അസ്സലായി

Unknown said...

കവിത നന്നായി. ആശയം ബിബങ്ങളുമായ് ഇഴചേർത്തിരിക്കുന്നു.

Ranjith chemmad / ചെമ്മാടൻ said...

ഇഷ്ടായീ....

Asok Sadan said...

ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
സ്വന്തന്ത്ര പ്രണയിനി.......

കവിതയും ഏറെ ഇഷ്ടമായി...

ചിത്രങ്ങള്‍, ശില്‍പ്പങ്ങള്‍,
ലിപികള്‍, ലിഖിതങ്ങള്‍...
അടിത്തട്ടോളം മുങ്ങി
അന്തര്‍വാഹിനികള്‍ തേടുന്നു
കണ്ടെത്താത്ത രേഖകള്‍

എന്‍റെ ബ്ലോഗിലേക്ക് സ്വാഗതം.

SASIKUMAR said...

Good lines, abundance of feeling.

LiDi said...

അടിത്തട്ടോളം മുങ്ങിയിട്ടും
അവന്‍
കണ്ടെത്താത്ത രേഖകള്‍.
:-)കവിത ഇഷ്ടപ്പെട്ടു..

SUJITH KAYYUR said...

Manoharamaayi

Sabu Hariharan said...

പച്ചപ്പിലെ നീരൊഴുക്കുകള്‍,
മിഴിക്കോണിലെ മഴച്ചാലുകള്‍,
നിയമങ്ങളുടെ തടയണകള്‍,
നേര്‍ രേഖയില്‍ നടപ്പാതകള്‍,
സ്വയരക്ഷയുടെ കണ്ടല്‍ക്കാടുകള്‍,
പ്രലോഭനത്തിന്റെ ധാതുഖനികള്‍,
ആസക്തിയുടെ മഴനിഴല്‍ പ്രദേശങ്ങള്‍,
ഉഷ്ണ, ശീത പ്രവാഹങ്ങള്‍,
ന്യൂനമര്‍ദ്ദ പ്രദേശങ്ങള്‍,
കൊടുങ്കാറ്റുകളുടെ ഈറ്റില്ലങ്ങള്‍.

എല്ലാം പറഞ്ഞു!

അവസാനത്തെ ചോദ്യം എന്തിനെന്ന് മാത്രം മനസ്സിലായില്ല :(
കൈയ്യൊപ്പ്‌ ആരു ചോദിച്ചില്ലല്ലോ എന്നൊരു മറു ചോദ്യം പ്രതീക്ഷിക്കുന്നുവോ?