കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Sunday, March 6, 2011

ഒടുവില്‍ .

(ശ്രീ എസ് . കലേഷിന്റെ “ അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍ / നീ “ എന്ന കവിത വായിച്ചപ്പോള്‍ കുറിച്ചത്. കവിതയുടെ ലിങ്ക് ,കവിയോട് അനുവാദം ചോദിക്കാതെ , ഇവിടെ ചേര്‍ത്തിരിക്കുന്നു. )

ഒടുവില്‍ ,
അതിങ്ങനെയേ സംഭവിക്കൂ,
ഒരു നിമിഷം മുന്‍പേ ഞാനവിടെത്തും .
എന്നുമെപ്പോഴുമെന്തിനും
എനിക്കായിരുന്നില്ലെ ധൃതി?
( മെല്ലെയാകട്ടെയെന്നു നീയും )
ഇനി ശീലങ്ങളൊന്നും മാറില്ലല്ലോ.

സാരി പോലും മാറ്റിയുടുക്കാതെ ,
കൈവളയും മാലയുമെല്ലാം വേണ്ടവര്‍
അഴിച്ചെടുക്കട്ടെയെന്നുപേക്ഷിച്ച്,
ജീവനുണ്ടായിരുപ്പോള്‍ കഴിയാത്തൊ-
രെടുത്തുചാട്ടത്തിലേയ്ക്ക് ചിറകുവിടര്‍ത്തി ,
മുന്‍പൊരിക്കലും വന്നിട്ടില്ലെങ്കിലും
കൃത്യമായിങ്ങെത്തിയില്ലേയെന്നു വിളിച്ചു കൂവി
ഒരു നിമിഷം മുന്‍പേ ഞാനവിടെത്തും.

പാതികുടിച്ച കട്ടന്‍ ചായയുടെ കപ്പ്
അരഭിത്തിയില്‍ വച്ച് ,
വരാന്തയിലെ ചാരുകസേരയില്‍ നീ,
കാക്കുന്നതെന്നെയാണെന്നെനിക്കറിയാം.

വന്ന കിതപ്പടങ്ങും മുന്‍പേ ,
ആദ്യസ്വപ്നം ഞാന്‍ നിറവേറ്റും,
വലംകയ്യിലെ അഞ്ചു വിരല്‍ക്കുഞ്ഞുങ്ങളെയും
നക്കിത്തുവര്‍ത്തി ഞാനുമ്മവയ്ക്കും.
കണ്ണു കൊണ്ട് നീ വിളിക്കുന്നതറിഞ്ഞ്
നെഞ്ചില്‍ മുഖം ചേര്‍ത്തുവയ്ക്കും.
പത്ത്, ഒന്‍പത്, എട്ട് , ഏഴ്...
നിന്റെ ഹൃദയം പിന്നിലേയ്ക്കെണ്ണുമ്പോള്‍
ഇല്ലാത്ത ചങ്കു പൊള്ളിപ്പിടഞ്ഞ് ഞാന്‍ തേങ്ങും.
പൂജ്യമെത്തുമ്പോള്‍ കൈപിടിച്ചെഴുനേല്‍ക്കും,
“ അകത്താരുമില്ലേ , ഒന്നിങ്ങോട്ടു വരൂ,
കരഞ്ഞും വിളിച്ചും ,
ഇലയിട്ടോ , പായ വിരിച്ചോ
ഇറക്കിക്കിടത്തിക്കോളൂ,
അരിയും പൂവുമൊക്കെയര്‍ച്ചിച്ചോളൂ,
ഞങ്ങളിറങ്ങുന്നു” എന്ന് ലോകമത്രയും
കേള്‍ക്കുന്നത്ര പതുക്കെ പറഞ്ഞ്
നമ്മുടെ മണ്ണിലേയ്ക്കിറങ്ങും.
നീ വിട്ടുപോകാന്‍ മടിക്കുന്ന
പൂമരക്കാട്ടിലെ ലഹരിയുടെ
മണങ്ങള്‍ ഞാനുമറിയട്ടെ.
പൊന്‍ ചെമ്പകപ്പൂവൊന്നിറുത്ത്
മുടിയിലണിയിക്കൂന്നേ,‘ ഹാ,
എന്തു മണ‘മെന്നെന്നെ നീ വാസനിക്കൂ.

ഇനി യാത്രയല്ലേ,
കടലില്‍ കുളിച്ചീറനായ് പുണര്‍ന്നൊരു
മഴയിലേയ്ക്ക് നാം നീന്തിക്കയറണം.
ചേര്‍ന്നു ചേര്‍ന്നു ചേര്‍ന്ന് മഴ നനയണം...
മഴയോടു ചേര്‍ന്നു മഴയായ് പൊഴിയണം

ഒക്കെയെരിഞ്ഞൊടുങ്ങുമ്പോള്‍ ,
പതുക്കെപ്പറക്കാം.
അമ്പിളി അമ്മാവന്റെ വലതുവശത്തെ
നക്ഷത്രകുസൃതിയുടെ പിന്‍ മുറ്റത്തൊരു
കളിവീടൊരുങ്ങിയിട്ടുണ്ട്..

ആരും തിരഞ്ഞുവരല്ലേ,
ഞങ്ങള്‍ക്കിനി മടക്കമില്ല.

http://vaikunneramanu.blogspot.com/2011/03/blog-post.html

54 comments:

സ്മിത മീനാക്ഷി said...

ശ്രീ എസ് . കലേഷിന്റെ “ അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍ / നീ “ എന്ന കവിത വായിച്ചപ്പോള്‍ കുറിച്ചത്. കവിതയുടെ ലിങ്ക് , കവിയുടെ അനുവാദമില്ലാതെ ഇവിടെ ചേര്‍ത്തിരിക്കുന്നു.

Pranavam Ravikumar said...

നല്ലൊരു കവിത.. ഇപ്പോഴാണ് വായിക്കുന്നത്.. കവിതകള്‍ രണ്ടും നല്ലത്..ആശംസകള്‍!

ഉമാ രാജീവ് said...

ജീവനുണ്ടായിരുപ്പോള്‍ കഴിയാത്തൊ-
രെടുത്തുചാട്ടത്തിലേയ്ക്ക് ചിറകുവിടര്‍ത്തി ,


പത്ത്, ഒന്‍പത്, എട്ട് , ഏഴ്...
നിന്റെ ഹൃദയം പിന്നിലേയ്ക്കെണ്ണുമ്പോള്‍
ഇല്ലാത്ത ചങ്കു പൊള്ളിപ്പിടഞ്ഞ് ഞാന്‍ തേങ്ങും.
പൂജ്യമെത്തുമ്പോള്‍ കൈപിടിച്ചെഴുനേല്‍ക്കും,


കടലില്‍ കുളിച്ചീറനായ് പുണര്‍ന്നൊരു
മഴയിലേയ്ക്ക് നാം നീന്തിക്കയറണം.

ഞാന്‍ എന്ത് പറയാനാ , ഹൃദയം ഇങ്ങനെ പകര്‍ത്തി വച്ചാല്‍

ente lokam said...

അത് വായിച്ചു ..ആ വഴി ഇവിടെ വന്നു ഇതും. ആശംസകള്‍ ...

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

രണ്ടുകവിതകളും വായിച്ചു..ഇതും നന്നായിരിക്കുന്നു.

എസ്‌.കലേഷ്‌ said...

thanks
meenakshy
nalla kavitha...
sadyathakal ithrayere veendum..
kavitha kondulla snehathinu
nandy

ലേഖാവിജയ് said...

നിങ്ങൾ മത്സരിച്ചു കൊല്ലുകയാണോ മരിച്ചെങ്കിലും ഒന്നാകണമെന്ന് ആഗ്രഹിക്കുന്നവരെ ;)

kunthampattani said...
This comment has been removed by the author.
kunthampattani said...

smithechiii..... ummmma....
varikalkku... vakkukalkku....
anubhavangalkku....
ummmmmmma....

oru koottukkaari :)

വരയും വരിയും : സിബു നൂറനാട് said...

നീ വിട്ടുപോകാന്‍ മടിക്കുന്ന
പൂമരക്കാട്ടിലെ ലഹരിയുടെ
മണങ്ങള്‍ ഞാനുമറിയട്ടെ.
പൊന്‍ ചെമ്പകപ്പൂവൊന്നിറുത്ത്
മുടിയിലണിയിക്കൂന്നേ,‘ ഹാ,
എന്തു മണ‘മെന്നെന്നെ നീ വാസനിക്കൂ.

അസ്സല്‍!!!

Kalavallabhan said...

മത്സരമാണിതു പ്രണയിക്കുവാൻ
മരണത്തിനോടുമങ്ങനെയോ ?

വെറിതെയിരിക്കെ മരിച്ചിടുമ്പോഴും
വേണമോ മത്സരം തമ്മിലിന്ന് ?

Manickethaar said...

കടലില്‍ കുളിച്ചീറനായ് പുണര്‍ന്നൊരു
മഴയിലേയ്ക്ക് നാം നീന്തിക്കയറണം.
ചേര്‍ന്നു ചേര്‍ന്നു ചേര്‍ന്ന് മഴ നനയണം...
മഴയോടു ചേര്‍ന്നു മഴയായ് പൊഴിയണം

ഒക്കെയെരിഞ്ഞൊടുങ്ങുമ്പോള്‍ ,
പതുക്കെപ്പറക്കാം.
അമ്പിളി അമ്മാവന്റെ വലതുവശത്തെ
നക്ഷത്രകുസൃതിയുടെ പിന്‍ മുറ്റത്തൊരു
കളിവീടൊരുങ്ങിയിട്ടുണ്ട്..

ആരും തിരഞ്ഞുവരല്ലേ,
ഞങ്ങള്‍ക്കിനി മടക്കമില്ല......ഉഗ്രൻ

....

Rare Rose said...

കണ്‍ നിറയെ വായിച്ചു രണ്ടു കവിതകളും!!

ശ്രീജ എന്‍ എസ് said...

അയ്യോ...ഇതെല്ലം കൂടെ വായിച്ചിട്ട് മരിക്കാന്‍ കൊതിയായി. :)
നല്ല കവിത.കലേഷിന്റെ കവിതയുടെ ഹാങ്ങ്‌ ഓവറില്‍ ആയിരുന്നു.അപ്പോള്‍ ദേ...

രമേശ്‌ അരൂര്‍ said...

സ്മിത ..ഈ കവിതയുടെ ഈ ശ്രുതി ചേര്‍ക്കല്‍ അസ്സലായി ...കലേഷിന്റെ കവിത ആദ്യം വായിച്ചിരുന്നു ..

ബെഞ്ചാലി said...

അസ്സലായിട്ടുണ്ട്. അഭിനന്ദങ്ങൾ

ഒരില വെറുതെ said...

നന്ദി, കലേഷിന്റെ കവിതയിലേക്ക് പാലം പണിതതതിന്.

ഒറ്റ വായനയില്‍ മരിച്ചു ജീവിച്ചു.
മരണത്തിലേക്ക് കാത്തുവെക്കുന്ന അനേകം ഉമ്മകളായിരിക്കും
ഒരു പക്ഷേ, എല്ലാവശരയും ജീവിപ്പിക്കുന്നത്...

സ്മിത മീനാക്ഷി said...

മരണത്തിനുമപ്പുറത്തേയ്ക്ക് വികസിക്കുന്ന പ്രണയത്തെ സ്നേഹത്തൊടെ വായിച്ച എല്ലാവര്‍ക്കും നന്ദി.
ഈ കവിതകൂട്ടിന് കലേഷിനും നന്ദി പറയുന്നു.

ചന്ദ്രകാന്തം said...

സ്മിതാ,
ഇഴപൊട്ടാത്ത പ്രണയം ഒന്നുകൂടി അനശ്വരമാക്കി.
നന്നായി.

ഭാനു കളരിക്കല്‍ said...

കാവ്യ ഭംഗികൊണ്ടു ആകര്‍ഷണീയമെങ്കിലും മരണത്തെ ഉത്സവമാക്കുന്ന ഈ കവിതകളുടെ ധര്മ്മമെന്താണ്? കലേഷിന്റെ കവിത മുന്‍പ് വായിച്ചപ്പോളും ഈ സംശയം ഞാന്‍ സ്വയം ചോദിച്ചിരുന്നു. ജീവിതത്തില്‍ നേടാത്തതിനെ മരണത്തില്‍ വരിക്കാമെന്നോ? ഇതേ ആശയം ദേവസേനയും ഒരു കവിതയില്‍ കുറിക്കുകയുണ്ടായി. അപ്പോള്‍ ഉത്തരാധുനികത പുതിയ രക്ഷപ്പെടലിന്റെ കുറുക്കുവഴികള്‍ തേടുകയാണോ?

the man to walk with said...

Manoharamaaya kavithakal ..

Best wishes

ശ്രീനാഥന്‍ said...

കലേഷിന്റേയും സ്മിതയ്ടേയും കവിതകൾ വായിച്ചു. നനുനനുത്ത വാക്കുകളുടെ പട്ടിനാൽ ആത്മാവിനെ പുതപ്പിച്ച്, മരണത്തിന്റെ താഴ്ന്ന സ്വപ്നശ്രുതിയിൽ, രണ്ടു പേർ കവിതയിൽ വയലിൻ വായിച്ചു വില്ലുകൾ താഴെ വെക്കുമ്പോൾ, നിറയുന്നതെന്താണെന്റെ മനസ്സിലെന്ന് സത്യമായും എനിക്ക് അറിയില്ലല്ലോ!

ഏറുമാടം മാസിക said...
This comment has been removed by the author.
സന്തോഷ്‌ പല്ലശ്ശന said...

കലേഷിന്റെ കവിത വായിച്ച് വീണ്ടും ഞാനിവിടേക്ക് മടങ്ങി... മരങ്ങളില്‍ നിന്ന് മരങ്ങളിലേക്ക് ഉര്‍ന്നുവീണ്... നടന്ന്.... തളര്‍ന്ന്...

സ്മിത മീനാക്ഷി said...

പുതുകവിത , ഷാജി അമ്പലത്ത് ...

എഴുതപ്പെട്ട എല്ലാ വാക്കുകളും ഈ ലോകത്തില്‍ നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന കവികളുടെ മനസമാധാനത്തിനായി ഡിലീറ്റ് ചെയ്ത കമന്റുകള്‍ ഇവിടെ വീണ്ടും ചേര്‍ക്കുന്നു.

ഇത് എന്റെ ബ്ലോഗ് ആണ്, അതിന്റെ സ്വാതന്ത്ര്യം എനിക്കുണ്ടല്ലോ. നിങ്ങളുടെ പത്രാധിപത്യത്തിലുള്ള പ്രസിദ്ധീകരണങ്ങളിലേയ്ക്ക് ഞാന്‍ അപേക്ഷയുമായി വരുമ്പോള്‍ മാത്രമേ ഇങ്ങനെ ആധികാരികമായ അഭിപ്രായങ്ങള്‍ പറയേണ്ടതുള്ളു. പിന്നെ വായനക്കാരന്റെ ഇഷ്ടാനിഷ്ടങ്ങള്‍ , അത് ഓരോരുത്തരും തീരുമാനിക്കട്ടെ അല്ലാതെ , ആരൊക്കെ എന്തൊക്കെ ആസ്വദിക്കണമെന്ന് നിങ്ങള്‍ ചിലര്‍ ചേര്‍ന്നു നിര്‍ദ്ദേശിക്കേണ്ട കാര്യമില്ല, എന്റെ ബ്ലോഗിലെ വായനക്കാരുടെ നിലവാരം മെച്ചപ്പെടുത്തേണ്ട ചുമതല നിങ്ങള്‍ക്കില്ല. മലയാള കവിതയുടെ അവസാനവാക്കാണ് പുതുകവിതയെന്നോ ഷാജി അമ്പലത്തെന്നോ അറിയാത്ത ഒരുപാടു വായനക്കാര്‍ ഇവിടെയുണ്ട് എന്നും കൂടി അറിയുക.

കലേഷിന്റെ കവിതയുമായി മത്സരിക്കാനല്ല , അതിനുള്ള മറുപടിയുമല്ല, ഒരു വായന എനിക്കു പ്രദാനം ചെയ്ത ചില കാര്യങ്ങള്‍ എഴുതി, അതിനെ നിങ്ങള്‍ കവിതയെന്നു വിളിക്കണമെന്നു എനിക്കു യാതൊരു നിര്‍ബന്ധവുമില്ല.

പുതുകവിത, കളവുമുതല്‍ ഇവിടെ ഒളിപ്പിച്ചുവെച്ചിരിക്കുന്നതുപോലെ ഇടയ്ക്കിടെ വന്നു കമന്റ് പരിശോധിക്കണമെന്നില്ല, ഇനി ഒരു വാക്കും, അത് ഏതു നിലവാരം പുലര്‍ത്തുന്നതായാലും ,ഞാന്‍ ഡിലീറ്റ് ചെയ്യുകയില്ല എന്നുറപ്പുതരുന്നു.

ഷാജി അമ്പലത്ത്,

“സ്വന്തം കഴിവുകളുടെ ഉഷ്ണമാപിനിയൊന്ന് ഉരച്ച് നോക്കാനും കൂടി തയ്യാറാവേണ്ടിയിരിക്കുന്നു.
തനിക്കൊത്ത കാലിനു മാത്രമേ ചെരിപ്പുകള്‍ അണിയാന്‍ പാടുള്ളൂന്ന“
അര്‍ത്ഥം മനസ്സിലാക്കി വാക്കുകള്‍ പ്രയോഗിക്കുന്നതല്ലേ നല്ലത്? ആലോചിച്ചുമതി തീരുമാനം. ധൃതി പിടിച്ച് ആരെയെങ്കിലും എറിയുവാന്‍ വാക്കുകള്‍ തേടുമ്പോള്‍ സംഭവിക്കാവുന്ന അബദ്ധങ്ങള്‍
ഏതായാ‍ലും, തുടരുക ,മലയാളികളെ പ്രബുദ്ധരാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ‍.

നിങ്ങളുടെ കമന്റുകള്‍ എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നു.

സ്മിത മീനാക്ഷി said...

ഷാജി അമ്പലത്ത്

ഒടുവില്‍ ,
അതിങ്ങനെയേ സംഭവിക്കൂ,
ഒരു നിമിഷം മുന്‍പേ ഞാനവിടെത്തും .
എന്നൊരു തിക്കിത്തിരക്കാണീ കവിതയില്‍..
നല്ലത് കാണുമ്പോള്‍ അത് ഞാനെഴുതിയില്ലല്ലോന്ന് വിചാരിക്കൂന്നവര്‍ ഏറെയും. അതു കൊണ്ട് തന്നെ പല കവിതകളേയും കാണുമ്പോ‍ള്‍ “ഉണ്ണീ നീ എനിക്ക് പിറക്കാതെ പോയ മകാണല്ലോ ഉണ്ണീ‍ന്ന് ‘ പരിതപിക്കുന്നതില്‍ കുഴപ്പമില്ല.


എന്നാല്‍ നിനക്കെന്‍ റെ മുഖച്ഛായയുണ്ടല്ലോ ഉണ്ണീന്ന് പറയുന്നത് എട്ടുകാലി മമ്മൂഞ്ഞിന്‍ റെ സ്വഭാവമാണ്.
പണ്ട് പലരും മറുപടിക്കവിതകളും പാരഡിക്കവിതകളും എഴുതിയിട്ടുണ്ടാകും എന്ന് കരുതി അതുപോലെ തുടങ്ങും മുമ്പ് സ്വന്തം കഴിവുകളുടെ ഉഷ്ണമാപിനിയൊന്ന് ഉരച്ച് നോക്കാനും കൂടി തയ്യാറാവേണ്ടിയിരിക്കുന്നു.
തനിക്കൊത്ത കാലിനു മാത്രമേ ചെരിപ്പുകള്‍ അണിയാന്‍ പാടുള്ളൂന്ന സത്യം കവയത്രി മറന്നു പോയോന്ന് സംശയം.
ഈ കവിത മാത്രം പരിശോധിക്കുമ്പോള്‍ വാക്കുകളിലൊ ഭാവനയിലൊ ബിംബ കല്പനകളിലോ പുരാവൃത്തമല്ല സൃഷ്ടിക്കുന്നത്. ചണ്ഡിതമായ ഭാഷയും വക്രരൂപത്തിലുള്ള ചിന്തയും വിസ്ഡം ടൂത്ത് ഉള്ളിലേക്ക് വലിഞ്ഞുണ്ടാകുന്ന വേദനയും വായനക്കാരനില്‍ സൃഷ്ടിക്കപ്പെടുക തന്നെ ചെയ്യും.
അതു കൊണ്ട് തന്നെ എഴുതാതെ സാഹിത്യകാരനൊ കവിയൊ ആവാന്‍ കഴിയില്ല തന്നെ. ക്വാളിറ്റിയുള്ള പുസ്തകങ്ങള്‍, കവിതകള്‍, അനുഭവങ്ങളുണ്ടാവട്ടേന്ന് പ്രാര്‍ത്ഥിക്കാനേ സാധ്യമാകുന്നുള്ളൂ

പുതുകവിത.

വാളെടുത്തവന്‍ വാളാല്‍ എന്ന് പറഞ്ഞപോലെ പേനയെടുത്തവന്‍ പേനയാലൊടുങ്ങുന്ന സമകാലിക കവിതാ സാഹിത്യത്തിലേക്കൊരു എത്തിനോട്ടമാണിത്.
ശ്രീ എസ്സ് കലേഷിന്റെ മികച്ച ഒരു കവിതയ്ക്ക് കവിതാ സ്നേഹമെന്നോ, കവിയോടുള്ള സ്നേഹമെന്നോ കണക്കാക്കി ഒരു മറുപടി കവിത എഴുതിയിരിക്കുന്നു. തികഞ്ഞ ബഹുമാനം നിലനിര്‍ത്തി തന്നെ പറയാം ഇത് പണ്ടത്തെ രാഷ്ട്രീയത്തിലെ ഒരടവാണ്.

ജനസാമാന്യത്തിലെ യഥാര്‍ത്ഥ നേതാവ് മത്സരിച്ച് ജയിക്കുമെന്നുറപ്പായാല്‍ അതിന്‍ റെ നിറകെടുത്താന്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ് ഒരു സ്ത്രീയെ ഒന്നിനും കൊള്ളാത്തവരെയൊ നിര്‍ത്തി ജയത്തിന്‍ റെ നിറം കെടുത്തുന്ന ചടുലമായ ആക്രമണ രീതി. ഒരു പക്ഷെ കലേഷിന്‍ റെ കവിതയ്ക്ക് കിട്ടാവുന്ന അംഗീകാരത്തിന് ഈ ഒരു മറുപടിക്കവിത തികച്ചും അരോജകമാകുമെന്നതില്‍ തര്‍ക്കമില്ല.

ഏറുമാടം മാസിക said...

പ്രിയപ്പെട്ട സ്മിതാ..
വേദനിപ്പിക്കാൻ വേണ്ടിയല്ല കമന്റുകൾ എഴുതിട്ടത്.അങ്ങനെ സംഭവിച്ചു പോയോ.
എഴുതിയിട്ട കമന്റുകൾ ഡിലീറ്റാക്കിയതു കണ്ടപ്പോൾ തെല്ലു വിഷമം തോന്നി.അതാൺ രണ്ടാമത് കമന്റ് ഇട്ടത്.അല്ലാതെ ഒളീച്ചും പതുങ്ങിയും ഇവിടെ വരേണ്ട കാര്യമില്ല.സ്മിത മീനാക്ഷി കേട്ടിട്ടുണ്ട്.പക്ഷേ ഞാൻ ആദ്യമായാൺ ഈ ബ്ളോഗ് കാണുന്നത്.ഫേസ് ബുക്കിൽ ഒരു കുറിപ്പു കണ്ടപ്പോൾ നോക്കിയെന്നേയുള്ളൂ.കലേഷിന്റെ കവിത വീണ്ടും വീണ്ണ്ടും വായിച്ചുള്ള ഹാങ്ങോവർ ഇനിയും മാറിയിട്ടില്ല.നല്ല കവിതകൾ ആയുസ്സോളം കൊണ്ടു നടക്കും.അങ്ങനെയൊരു കവിതയ്ക്ക് പാരഡി കണ്ടപ്പോൾ,ഇങ്ങനെയൊരു കമന്റ് എഴുതി.

ഒരില വെറുതെ said...

പ്രിയ പുതുകവിത, ഷാജി
മറുപടി പറഞ്ഞു കഴിഞ്ഞതാണ്.
എന്നിട്ടും പറയേണ്ടി വരുന്നത് ഈ കമന്റുകള്‍ എത്ര മാത്രം ജുഗുപ്സാവഹമായ അന്തരീക്ഷമാണ് പ്രസരിപ്പിക്കുന്നത് എന്ന് വൈകിയാണെങ്കിലും കണ്ടതു കൊണ്ടു മാത്രമാണ്. വേദനിപ്പിക്കാന്‍ ആയാലും അല്ലെങ്കിലും
ഈ കമന്റുകള്‍ ഒട്ടും സുഖകരമായ അന്തരീക്ഷമല്ല സൃഷ്ടിക്കുന്നത്. കലേഷിന്റെ കവിതയിലേക്ക് ഞാനെത്തിയത് ഈ കവിതയിലൂടെയാണ്.
കലേഷിന്റെ കവിത ഇഷ്ടപ്പെട്ടു. എന്നാല്‍, എല്ലാത്തിന്റെയും അവസാന വാക്കാണ് അതെന്ന് തോന്നിയതേയില്ല. അങ്ങിനെയെന്തോ ധരിച്ചുവശായാണ് ഈ കമന്റുകള്‍ പിറന്നതെന്ന്
തോന്നുന്നു.

എന്തടിസ്ഥാനത്തിലാണ് ഇതിനെ പാരഡിയായും കാലിനൊക്കാത്ത ചെരിപ്പായും വിശേഷിപ്പിച്ചത്.
ഒരു കവിത വായനക്കാരില്‍ പല തരം അനുഭവങ്ങള്‍ തീര്‍ക്കും.
പല തരത്തില്‍ ഒരു മനസ്സ് അതുള്‍ക്കൊള്ളും.
കലേഷിന്റെ കവിത സൃഷ്ടിച്ച കടലിളക്കം മറ്റൊരു കവിതയായതാണ് ഇവിടെ. സമാന്തരമായ മറ്റൊരു യാത്ര. മറ്റൊരു ഭാവുകത്വ പരിസരം.
അങ്ങിനെ പാടില്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്.
എന്ത് അവകാശത്തിലാണ്.
ഈ കവിതയുടെ ഇടം കലേഷ് കൃത്യമായി
തിരിച്ചറിഞ്ഞുവെന്ന് അയാളുടെ പ്രതികരണം വ്യക്തമാക്കുന്നു. പിന്നെന്തേ ഇത്ര അഗ്രസ്സീവായി ഇങ്ങിനെയൊരു പ്രതികരണം. മനസ്സിലാവുന്നില്ല.

ശ്രീനാഥന്‍ said...

ഒരു നല്ല കവിത മറ്റൊരു നല്ല കവിതക്ക് പ്രചോദനമാകുന്നത് ആദ്യസംഭവമല്ല, കവിത നന്നായി എന്നു തോന്നിയില്ലെങ്കിൽ തീർച്ചയായും അങ്ങനെ എഴുതാം. പക്ഷേ, പാരഡി എനിക്കറിയാവുന്നീടത്തോളം A composition that imitates or misrepresents somebody's style, usually in a humorous way- ഇതതല്ലല്ലോ!

രാജേഷ്‌ ചിത്തിര said...

അമിതവൈകാരികത വായിച്ചെടുക്കാനവുന്നുണ്ട്, ഷാജിയുടെ വരികളില്‍.
മറുപടിക്കവിതയ്ക്കു മുന്നെ എപ്പോഴും ആദ്യകവിതതന്നെയാണ്.
തിക്കിത്തിരക്കല്‍ എന്നുകണ്ടെത്തുന്നതിനേക്കാള്‍ എളുപ്പം കലേഷികവിതയോടുള്ള
ഒരു വളരെ പോസ്സിറ്റിവായുള്ള വികാരപ്രകടനമാത്രമായി കാണുന്നതാവും ശരിയെന്നു തോന്നുന്നു.
ഷാജിക്കു ഷാജിയുടേയും സ്മിതക്കു സ്മിതയുടേയും മറ്റോരുത്തര്‍ക്കും അവരവരുടേയും ന്യായങ്ങള്‍
കണ്ടെത്താമെങ്കിലും..ഒരൊരുത്തരുടേയും ഭാവനയ്ക്ക്, ചിന്തക്ക് അവരവരുടെ കയ്യൊപ്പുണ്ടാകാ,
അതു മറ്റോരാളില്‍ നിന്നും വ്യത്യസ്തമായി നിലക്കുന്നിടത്തോളം എല്ലാവര്‍ക്കും അവരവരുടെ ഇടങ്ങളുമുണ്ടാകും.

സുസ്മേഷ് ചന്ത്രോത്ത് said...

കലേഷിന്‍റെ കവിതയും സ്മിതയുടെ കവിതയും വായിക്കുകയും നന്നായി ഇഷ്ടപ്പെടുകയും ചെയ്തു.ഇഷ്ടപ്പെടാത്തത് സമകാലിക കവികളെന്നും സമകാലിക കവിതയെ ഉദ്ധരിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നവരെന്നും അവകാശപ്പെടുന്നവര്‍ ചെയ്യുന്ന വിലകുറഞ്ഞ അഭിപ്രായ പ്രകടനങ്ങളാണ്.സ്മിത എഴുതിയ കവിതയുടെ കാര്യത്തില്‍ മാത്രമല്ല,തനിക്കിഷ്ടപ്പെടാത്തവര്‍-പ്രത്യേകിച്ച് സ്ത്രീകള്‍-എഴുതിയ കൊള്ളാവുന്ന കവിതകളെക്കുറിച്ചും ഇത്തരക്കാര്‍ അഭിപ്രായം പറയുന്നത് മാന്യമായ ഭാഷയില്‍ പറഞ്ഞാല്‍ സഹിക്കാനാവാഞ്ഞിട്ടാണ്.സ്ത്രീകളുടെ എഴുത്തിനോട് ഒന്നുകില്‍ അതിരുവിട്ട ആരാധനയും സ്തുതിയും.അല്ലെങ്കില്‍ ഇത്തരത്തിലുള്ള വിലകുറഞ്ഞ പരസ്യ പ്രസ്താവനകള്‍.ഇതുരണ്ടുമല്ലേ സുഹൃത്തുക്കളേ നിങ്ങള്‍ രണ്ടാളും ഉള്‍പ്പെടുന്ന പല (പുരുഷ)സമകാലികരുടെയും പ്രതിജ്ഞാബദ്ധത? കഷ്ടം.കഷ്ടം.അതല്ലാതെ എന്തുപറയാന്‍..!
പ്രിയ കലേഷ്.താങ്കള്‍ എഴുതീത് നല്ല കവിതയാണ്.അതിന്‍റെ പ്രചോദനത്തില്‍ സ്മിത എഴുതിയ കവിത ആ നിലയിലും സ്വതന്ത്രമായും നല്ല കവിതയാണ്.
പ്രിയ സ്മിത,മഹാവീഥിയിലൂടെ പട്ടയും വലിച്ച് ആന പോകുന്പോള്‍ ഇരുവശത്തെയും കൂട്ടില്‍ കിടക്കുന്ന നായ്ക്കള്‍ ഓലിയിട്ട് മൂത്രമൊഴിക്കുന്നത് പതിവാണ്.സാധാരണ ആനകള്‍ അത് ശ്രദ്ധിക്കാറില്ല.കലേഷും സ്മിതയും കവിതാസപര്യ സുധീരം തുടരുക.ഭാവുകങ്ങള്‍.

സ്മിത മീനാക്ഷി said...

പുതുകവിതാ, എന്തിനാണ് നിങ്ങള്‍ സ്വന്തം കമന്റ് ഒഴിവാക്കിയത്? എനിക്കൊരു വിഷമവും ഇല്ല, ഇതുകൂടി ഇവിടെ കിടക്കട്ടെ.
****************
പ്രിയപ്പെട്ട സ്മിതാ...
നേരത്തേ ഒരു കമന്റ് ഞാൻ എഴുതിയിരുന്നു.ഡിലീറ്റാക്കിയത് നിങ്ങളുടെ ബ്ളോഗായത് കൊണ്ട്.നിങ്ങളുടെ സ്വാതന്ത്ര്യം.
പക്ഷേ കവിതയെ ഗൌരവമായിക്കാണുന്ന ആരും തന്നെ ഈ കവിതയ്ക്ക്(കവിതയെന്നു നിങ്ങൾ വിളിക്കുന്ന പാരഡി)ഒരു ശതമാനം മാർക്ക് പോലും തരില്ല.കാരണം ഇതൊരു കവിത അല്ല.നിങ്ങളൂടെ അഭിപ്രായം..അല്ലെൻകിൽ കലേഷിന്റെ ബ്ലോഗിലിടേണ്ട ഒരു കമന്റ് മാത്രം

t.a.sasi said...

കലേഷിന്റെ കവിതയും
സ്മിതയുടെ കവിതയും വായിച്ചു.
കലേഷിന്റെ കവിത വായിച്ചാട്ടാണ്
തന്റെ കവിതയെന്ന് സ്മിത തന്നെയല്ലെ
എഴുതിയത്. മാര്‍ക്കിന്റെയും പാരഡിയുടെയു പ്രശ്നം
ഇവിടെയില്ലല്ലൊ. ഒരു നല്ല കവിത
സംവേദനം ചെയ്തപ്പോള്‍ ഒരു വായനക്കാരി
അതിന്റെ അനുരണനം തന്റെ ബ്ലോഗിലൂടെ
പങ്കു വച്ചു. ഇതിനപ്പുറം എന്താ? ഒന്നുമില്ല.

ഭാനു കളരിക്കല്‍ said...

ഒരു കവി മറ്റൊരു കവിയെ ആദരിക്കുന്ന അത്യപൂര്‍വ്വമായ ശൈലിയാണ് സ്മിത തന്റെ കവിതയിലൂടെ നിര്‍വ്വഹിച്ചത്‌. അത് ഏറെ സര്‍ഗ്ഗാല്‍മകമായ ഒന്നാണ്. നമ്മുടെ കാവ്യലോകത്ത് ഇനിയും വികസിക്കേണ്ട ഒന്നും. അതിനെ ദുഷിച്ച മനസ്സുമായി വന്നു കല്ലെറിയുന്നവരെ അവരര്‍ഹിക്കുന്ന അവഞ്ജയോടെ തിരസ്കരിക്കുക. സ്മിതയ്ക്ക് എന്റെ ഭാവുകങ്ങള്‍. ഒരു നല്ല എഴുത്തുകാരന്‍ ഒരു നല്ല വായനക്കാരന്‍ കൂടി ആകണമെന്ന് എവിടെയോ വായിച്ചത് ഓര്‍മവരുന്നു.

ജസ്റ്റിന്‍ said...

ആദ്യം വായിച്ചത് കലേഷിന്റെ കവിതയായതിനാല്‍ ഈ കവിത അത്രക്ക് രസിപ്പിച്ചില്ല. കാരണം ഒരു മറുപടിക്കവിത എന്ന മുന്‍ വിധി ഉണ്ടായിരുന്നത് കൊണ്ടാകാം.

പക്ഷെ മുകളില്‍ കണ്ട ചില അനാവശ്യ വിമര്‍ശനങ്ങള്‍ ഒഴിവാക്കാമായിരുന്നു.

ലേഖാവിജയ് said...

ഞാൻ വായിച്ചെനിക്കിഷ്ടപ്പെട്ടതെല്ലാം കവിതയും അല്ല്ലാത്തതെല്ലാം പാരഡിയും.എന്തൊരു വിശാലമനസ്കത!
പാരഡിയും കവിതയും തരംതിരിക്കാൻ ഇവരെയൊക്കെ ആരെങ്കിലും നിയോഗിച്ചുവോ ആവോ ?
വിമർശനം ക്രിയേറ്റീവ് ആണെങ്കിൽ ആരും അംഗീകരിക്കും.പരിഹാസമായിരുന്നു ലക്ഷ്യം.
അതിനെ അവഗണിച്ചേക്കുക സ്മിതാ ..

ഉമാ രാജീവ് said...

ഒരു "രണ്ടാമൂഴ"ത്തിന് എല്ലാവര്‍ക്കും അര്‍ഹതയുണ്ട്

അനസ് ഉസ്മാന്‍ said...

രണ്ടു കവിതകളും എനിക്കിഷ്ടായി...

Sapna Anu B.George said...

കവിത വായിക്കാനെത്തിയവര്‍ എത്നിനാ ഈ വാക്കുകളുടെ കവിതാകലഹങ്ങള്‍ക്ക് തുടക്കം ഇടുന്നത്. സാരമില്ല എന്നു ആരും മുന്‍ കൂര്‍ ജാമ്യം എടുക്കെണ്ട, അഭിപ്രായ സ്വാത്രന്ത്ര്യം പൊലെ ,എന്തും ഏതും, സ്വര്‍ച്ചേര്‍ച്ചയും, അര്‍ത്ഥസാമ്യവും, വാക്കുകളുടെ സാമ്യവും ഉണ്ടാവാം. അതും സാരമില്ലാത്ത കാര്യം അല്ലെ?? നമ്മുടെ മനസ്സുകള്‍ ഒരുപൊലെ ചിന്തിക്കുന്നൂ എന്നത് നല്ല കാര്യം അല്ലെ?

Sneha said...

"കടലില്‍ കുളിച്ചീറനായ് പുണര്‍ന്നൊരു
മഴയിലേയ്ക്ക് നാം നീന്തിക്കയറണം.
ചേര്‍ന്നു ചേര്‍ന്നു ചേര്‍ന്ന് മഴ നനയണം...
മഴയോടു ചേര്‍ന്നു മഴയായ് പൊഴിയണം"
ഈ വരികള്‍ ഇഷ്ടപ്പെട്ടു ..

രണ്ടു കവിതയും വായിച്ചു. കലേഷിന്റെ കവിതയാണ് ആദ്യം വായിച്ചത്. രണ്ടും കൊള്ളാം..

ഉസ്മാന്‍ പള്ളിക്കരയില്‍ said...

രണ്ടു കവിതകളും വായിച്ചു.
പരസ്പരപൂരകം.
വളരെ നല്ല വായനാനുഭവങ്ങൾ.
നന്ദി.

ഒരാളുടെ കവിത മറ്റൊരാളിൽ രചനയ്ക്ക് പ്രചോദനമോ നിമിത്തമോ ആകുന്നത് അസ്വാഭാവികമോ അരുതാത്തതോ ആകുന്നതെങ്ങനെ?

വായനക്കാർ രചനയുടെ മൂല്യം മാത്രം പരിശോധിച്ചാൽ പോരെ?

സുഗതകുമാരിയുടെ “ക്ര്‌ഷ്ണാ നീയെന്നെയറിയില്ല” എന്ന കവിത അയ്യപ്പപ്പണിക്കരുടെ ഒരു കവിത വായിച്ചതിൽനിന്നുള്ള പ്രചോദനത്തിൽ, പണിക്കരുടെ കവിതയ്ക്ക് അനുരണനമായെഴുതിയതാണെന്നു കേട്ടിട്ടുണ്ട്‌.

പ്രസ്തുത രണ്ടു കവിതകളും കാലാതിവർത്തിയായി, ഭാഷയുടെ പുണ്യമായി നിലനിൽക്കുന്നു.

Anurag said...

kavitha vaayikkunnath eppozhanu

സ്മിത മീനാക്ഷി said...

പ്രതികരണങ്ങളെല്ലാം ഇപ്പോഴാണു കണ്ടത്, സത്യത്തില്‍ ഇങ്ങനെ വിവാദങ്ങള്‍ വേണ്ടെന്നുകരുതിയായിരുന്നു ആദ്യം കമന്റ്സ് ഡിലീറ്റ് ചെയ്തത്. പക്ഷേ , പിന്നാലെ വന്നു വഴക്കിടുന്ന ബാലിശമായ രീതി കണ്ടതിനാലാണ് പ്രതികരിച്ചത്. (കൂടാതെ, കവിതയെ കുറിച്ചുള്ള അഭിപ്രായമല്ലാതെ, എന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്ന രീതിയിലുള്ള ഭാഷാവൈകൃതവും അവരുടെ വാക്കുകളില്‍ തെളിഞ്ഞിരുന്നു )

ഒരില ( വെറുതെയല്ല ), ശ്രീനാഥന്‍ മാഷ്, രാജേഷ്, സുസ്മേഷ്, ഭാനു, ശശി, ഉമ, ലേഖ , സപ്ന, അനസ്, സ്നേഹ, ജസ്റ്റിന്‍ , പള്ളീക്കരയില്‍ , അനുരാഗ് എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. നല്ല കവിതകളില്ലെങ്കിലും എന്റെ ബ്ലോഗില്‍ നല്ല സൌഹൃദങ്ങളുണ്ടെന്നത് എത്ര സന്തോഷകരമായ കാര്യമാണ്.

നികു കേച്ചേരി said...

ഇവിടെ വന്നു അവിടെ പോയി വീണ്ടും ഇവിടെവന്നു.
വിവിധ സാദ്ധ്യതകളാൽ രണ്ടു കവിതയ്ക്കും ഇവിടെ സ്ഥാനമുണ്ട്‌.
നന്നായിട്ടുണ്ട്‌.

mayflowers said...

Both are nice..

അതിരുകള്‍/പുളിക്കല്‍ said...

ഒരു ദേശാടന പക്ഷിയെ പോലെ അക്ഷരലോകം ചുറ്റുന്നതിനിടയില്‍ കണ്ടോരു അക്ഷരതാഴ്വാരം.ഇന്നത്തെ ദേശാടനം ഈ 'കാളിന്ദി'യിലാവട്ടെ..ഇവിടെ ഈ കവിതാ വിരുന്നൊരുക്കിയതിനു ആശംസകള്‍

Vayady said...

മരിച്ചു കിടക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ ഒരു തുടിപ്പ് ബാക്കി ഉണ്ടെങ്കില്‍ അത് ദാഹിക്കുന്നത് നിനക്കുവേണ്ടി ആയിരിക്കും എന്നാരോ വിളിച്ചു പറയുന്നതു പോലെ തോന്നി. മരിച്ചു കഴിഞ്ഞാല്‍ പിന്നെ ആരേയും പേടിക്കാതെ ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്ന മനസ്സ്‌. മനോഹരം!

Vayady said...

സ്മിത, ആരോഗ്യകരമല്ലാത്ത വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാതെ അവയെ അപ്പാടെ അവഗണിക്കുകയാണ്‌ ഏറ്റവും നല്ല നയം എന്നെനിക്ക് തോന്നുന്നു. വായനക്കാര്‍ക്ക് അത്തരക്കാരുടെ മനസ്സിലിരുപ്പ്‌ എളുപ്പത്തില്‍ മനസ്സിലാകും. അതുകൊണ്ട് അത്തരം കമന്റുകള്‍ ഡിലീറ്റ് ചെയ്യാതെ അവിടെ തന്നെ ഇടുക. മറിച്ച് അനോണിമസ്സ് കമന്റ് ആണെങ്കില്‍ മാത്രം ഡിലീറ്റ് ചെയ്യുക.

സ്മിത മീനാക്ഷി said...

niku, mayflowers, musthafa, vaayadi.

വളരെ നന്ദി, സ്നേഹപൂര്‍വ്വമുള്ള വായനയ്ക്ക്.
വായാടി, പറഞ്ഞതു ശരിയാണ്, അവഗണിക്കേണതിനെ അവഗണിക്കുന്നതു തന്നെയാണു നല്ലത്.

kaviurava said...

വന്ന കിതപ്പടങ്ങും മുന്‍പേ ,
കലേഷിനെ വയിച്ച പ്പൊഴൊക്കെ കലേഷിനുകവിത പറയാനറിയാം
എന്ന് തോന്നാറുണ്ട്, ഇവിടെ കൂടുതല്‍ തോന്നുന്നു. നിങ്ങള്ക്ക് രണ്ടുപേര്‍ക്കും
ശ്രേയസ്സ് എന്റെയും കവിതയുടെയും ........കേസി .

Reema Ajoy said...

കലേഷിന്റെ കവിത നേരത്തെ വായിച്ചിരുന്നു.....ഇതൂടെവായിച്ചപ്പോള്‍......

സത്യത്തില്‍ മരിച്ചാല്‍ മതിയെനിക്ക്....

ജയിംസ് സണ്ണി പാറ്റൂർ said...

കവിത ഇഷ്ടപ്പെട്ടു.
ആശാന്റെ കവിതകള്‍
അത്ര പ്രശസ്തമല്ലാത്ത പ്രസിദ്ധീകരണ ശാല
പ്രസിദ്ധീകരിച്ചപ്പോള്‍ അതിനെക്കാള്‍ നല്ലതും
മികച്ചതും കേരളമെമ്പാടും അറിയപ്പെടുന്ന
പ്രസീദ്ധീകരണ ശാലക്കാരെ കൊണ്ടു സ്വപ്ര
യത്നത്താല്‍ ആശാന്‍ കവിതകള്‍ പ്രസിദ്ധീ
കരിച്ച സുബ്രഹ്മണ്യന്‍ പോറ്റിയെന്ന കവിയെ
ക്കുറിച്ചു സാന്ദര്‍ഭികമായി ഇവിടെ കുറിക്കുന്നു.

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.......

Anonymous said...

കലേഷിന്റെ ആ കവിത ഞാനെന്‍റെ ലാപ്പില്‍ സേവ് ചെയ്തു വെച്ചിട്ടുണ്ട്..
വീണ്ടും വായിക്കാന്‍...അത്രയ്ക്ക് ഇഷ്ടപെട്ടു...ഇതും ഞാന്‍ സേവ് ചെയ്യുന്നു...കാരണം അറിയാമല്ലോ..മനസ്സ് നിറഞ്ഞു...