കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Tuesday, May 17, 2011

ഏകാന്തം

തനിച്ചാണുറക്കം
കിഴക്കിന്റെയുച്ചിയില്‍
വെളിച്ചം ചികഞ്ഞാ
കിളിക്കൂട്ടമെത്തി
ചിരിച്ചുണര്‍ത്തും വരെ.

തനിച്ചാണിറക്കം
കിനാവിന്റെ തോണിയില്‍
ഇടംകൈ വലംകൈ മാറി മാറി
തുഴഞ്ഞാ വിരല്‍ത്തുമ്പിലൊ
ന്നെത്തിത്തൊടും വരെ.

തനിച്ചേ നടത്തം
തൊടിയിലെ ദൂരങ്ങള്‍
വിറയ്ക്കും പദങ്ങളാലെണ്ണിയെണ്ണി
ക്കടന്നാ മാഞ്ചുവട്ടില്‍
ക്കിതച്ചിരിക്കും വരെ.

തനിച്ചാണിരുത്തം
പാതികണ്ണടച്ചീ പകലിന്റെ
സൂചിയില്‍ നൂല്‍
കോര്‍ത്തുകോര്‍ത്തിരുട്ടിന്‍
തിരശ്ശീലചേര്‍ത്തു തുന്നും വരെ.

തനിച്ചേ മടക്കം,
ഇരുള്‍ വീണ പാതയി-
ലിനി വേണ്ട യാത്രയീ
മണ്ണിലേയ്ക്കൊന്നു നീ
പോരുകെന്നാരോ
കരം നീട്ടി പേരു ചൊല്ലും വരെ.

46 comments:

സ്മിത മീനാക്ഷി said...

തനിച്ചാണിരുത്തം
പാതികണ്ണടച്ചീ പകലിന്റെ
സൂചിയില്‍ നൂല്‍
കോര്‍ത്തുകോര്‍ത്തിരുട്ടിന്‍
തിരശ്ശീലചേര്‍ത്തു തുന്നും വരെ.

mayflowers said...

ഈ അക്ഷരസ്നേഹിയുടെ വരികള്‍ ചിന്തനീയം..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കവ്യസുഗന്ധമുള്ള വരികള്‍ ..

ഉമാ രാജീവ് said...

വ്യത്യസ്തം, സുന്ദരം................

മുകിൽ said...

ഉറക്കം, ഇറക്കം, നടത്തം, ഇരുത്തം, മടക്കം..
നന്നായിരിക്കുന്നു.

ഭാനു കളരിക്കല്‍ said...

ഹാ കവിത പൂത്തുലയുന്നു. ഏകാന്തത ഇങ്ങനെ മധുരിക്കുമെങ്കില്‍ എനിക്കും ഏകാന്തമാകണം.

ശ്രീനാഥന്‍ said...

സുഖദമൊരു പതിഞ്ഞ താളത്തിൽ ജീവിതവും കവിതയും എല്ലാ കർമ്മങ്ങളുടേയും ഏകാന്താനുഭവത്തിൽ നിന്നും അതാതിന്റെ വിശ്രാന്തിയിലെത്തിച്ചേരുന്നു , ഒടുവിൽ ഇരുളവെ, നിത്യവീശ്രമത്തിലേക്ക്. തീരുന്നു.

ചിത്രഭാനു Chithrabhanu said...

എവിടെയോ നമുക്ക് നഷ്ടപ്പെട്ടുപോയ ഒഴുക്കുള്ള വരികൾ... വല്ലാത്ത സംവേദന ശക്തി. ബ്ളോഗ് കവിതകളിൽ ഇവ രണ്ടും അപൂർവമാണ്. പക്ഷെ ഈ വരികൾ അംപരപ്പിച്ചു. ഞാൻ മനസിലേറ്റുന്നു ഈ വരികൾ

Rare Rose said...

ഇഷ്ടായി..എത്ര ഒതുക്കിപ്പറഞ്ഞിരിക്കുന്നു..ഒരു വലിയ ജീവിതത്തെ..ഏകാന്തതയെ..

ഒരില വെറുതെ said...

തനിച്ചേ നടത്തം
വരികളില്‍
ഇത്രയേറെ
ഏകാന്തതയുമായി.

ആരവമൊഴിഞ്ഞ കളിക്കളം പോലെ
ശൂന്യമായി,
ഈ വരികളിലൂടെ നടന്നപ്പോള്‍.

ചിത്ര said...

ഒഴുക്കുള്ള വരികള്‍..ചൊല്ലിക്കേള്‍ക്കണമെന്നു തോന്നി :)

Unknown said...

തനിച്ച്..!
മനോഹരം...!
ആശംസകള്‍...

രമേശ്‌ അരൂര്‍ said...

തനിച്ചാണ് !!!

Manoraj said...

രാമൊഴിയുടെ കവിത വായിച്ച് കഴിഞ്ഞപ്പോള്‍ അവിടെ കണ്ട കമന്റുകളില്‍ കൂടെയാണ് ഇവിടേക്ക് എത്തിയത് സ്മിത. കവിത വളരെ മനോഹരമായി. ഒരേ ദിവസം വ്യത്യസ്തമായ രണ്ട് ഏകാന്തത വായിച്ചതിന്റെ സുഖം ഉണ്ട്.

സ്മിത മീനാക്ഷി said...

ഈ ഏകാന്തതയെ ധന്യമാക്കിയ എല്ലാവര്‍ക്കും സ്നേഹം , നന്ദി.

sarala said...

ഏകാന്ത യാത്രയെ മനോഹരമായി നീ വരികളിലൊതുക്കി...നിന്നോടു ഞാനെന്തു പറയാന്‍..!

ഇ.എ.സജിം തട്ടത്തുമല said...

ഒതുക്കമുള്ള നല്ല കവിത. വായിക്കുമ്പോൾ ഇത് കവിത എന്നു തന്നെ തോന്നും. അഭിനന്ദനങ്ങൾ!

jayachandran said...

കരളില്‍ കൊണ്ട മുള്ള് പോലെ ഈ ഏകാന്തത എന്തിനോ എന്നെ നോവിക്കുന്നു.
"പാതികണ്ണടച്ചീ പകലിന്റെ
സൂചിയില്‍ നൂല്‍
കോര്‍ത്തുകോര്‍ത്തിരുട്ടിന്‍
തിരശ്ശീലചേര്‍ത്തു തുന്നും വരെ". മനോഹരം ഈ വരികള്‍. ആശംസകള്‍.

പറയാതെ വയ്യ. said...

കരളില്‍ കൊണ്ട മുള്ള് പോലെ ഈ ഏകാന്തത എന്തിനോ എന്നെ നോവിക്കുന്നു.
"പാതികണ്ണടച്ചീ പകലിന്റെ
സൂചിയില്‍ നൂല്‍
കോര്‍ത്തുകോര്‍ത്തിരുട്ടിന്‍
തിരശ്ശീലചേര്‍ത്തു തുന്നും വരെ". മനോഹരം ഈ വരികള്‍. ആശംസകള്‍.

ഒരില വെറുതെ said...

ഏകാന്തതയ്ക്ക് ഒരു പോസ്ററ് കൂടി.

ഏകാന്തതയുടെ നൂറു നെടുവീര്‍പ്പുകള്‍

ബൈജൂസ് said...

എല്ലാം തനിയെ...

സുസ്മേഷ് ചന്ത്രോത്ത് said...

ബ്ലോഗുകളില്‍ (ആനുകാലികങ്ങളിലും)വളരെ അപൂര്‍വ്വമായി മാത്രമേ നല്ല കവിതകള്‍ വായിക്കാന്‍ കിട്ടാറുള്ളൂ..സമകാലിക കവിതാവായന നിര്‍ബന്ധമായും നിര്‍ത്തിവച്ചിരിക്കുന്ന ഒരാളാണ് ഞാന്‍. ചിലരുടെ കവിതകള്‍ മാത്രമാണ് ഭേദം.താങ്കള്‍ അതിശയിപ്പിച്ചിരിക്കുന്നു.എന്തുകൊണ്ടാണ് അച്ചടിമാധ്യമങ്ങളില്‍ എഴുതാത്തത്..?

Deepa Bijo Alexander said...

മനോഹരമായ വരികൾ.....! ആരൊക്കെ കൂടെ ഉണ്ടെന്നു തോന്നിയാലും എന്നും നാമെല്ലാം തനിച്ചു തന്നെയല്ലേ.....

നിരീക്ഷകന്‍ said...

ഏകാന്തതയില്‍ തുടങ്ങി ആള്‍ക്കൂട്ടത്തിലൂടെ നടന്നു ഏകാന്തതയില്‍ മടങ്ങി എത്തുന്ന ജീവിതാവര്‍ത്തനം
ആള്‍ക്കൂട്ടത്തിലും ഏകാന്തത കൈവിടാതിരിക്കട്ടെ

നല്ല വരികള്‍ ......നന്ദി

yousufpa said...

പതിവു ശൈലിയിൽ നിന്ന് വേറിട്ട ഒരെഴുത്ത്.

sreee said...

നല്ലൊരു കവിത വായിച്ച സന്തോഷം.

സന്തോഷ്‌ പല്ലശ്ശന said...

വായിക്കാന്‍ സുഖമുള്ള ഒരു കവിത

പാര്‍ത്ഥന്‍ said...

ഒറ്റപ്പെടലിന്റെ തീവ്രത ആ വിരൽതുമ്പു തൊട്ടപ്പോൾ ഉണർന്നറിഞ്ഞു.

നികു കേച്ചേരി said...

>>തനിച്ചേ മടക്കം,
പോരുകെന്നാരോ
കരം നീട്ടി പേരു ചൊല്ലും വരെ.<<

:)))))

രാജേഷ്‌ ചിത്തിര said...

ചൊല്ലല്‍ സാധ്യതകളുള്ള വരികള്‍...
ഇടയ്ക്കിടേണ്ടിരുന്ന ചില ചിഹ്നങ്ങള്‍ മന:പൂര്‍വം ഒഴിവാക്കിയപോലെ.
ഏകാന്ത(ഒറ്റയ്ക്കെന്നല്ലേ മെന്ന പേരുപോലെ
ഒറ്റയാകലിന്റെ ആഴങ്ങളാണോ വര്‍ണ്ണിക്കുന്നതെന്ന സംശയം.
തനിച്ചാണെങ്കിലും എന്തിനുമേതിനും പ്രകൃതിയുണ്ടു കൂടെ..
ഒരു എക്കോ ഫ്രണ്ടലീ കവിത...
(തനിച്ചാവലും ഏകാന്തതയും ഒന്നു തന്നെയോ...)

januvin said...
This comment has been removed by the author.
MKM HSS PIRAVOM. Ph: 2242269 said...

കവിതയുടെ ശൈലി ഇഷ്ടപ്പെട്ടു.
ഒട്ടും മോശമല്ലാത്ത വരികള്‍ .....
അഭിനന്ദനങ്ങള്‍

Unknown said...

"പാതികണ്ണടച്ചീ പകലിന്റെ
സൂചിയില്‍ നൂല്‍
കോര്‍ത്തുകോര്‍ത്തിരുട്ടിന്‍
തിരശ്ശീലചേര്‍ത്തു തുന്നും വരെ. "
ഈ വരികള്‍ വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദങ്ങള്‍

Sabu Hariharan said...

Good. അന്നുമിന്നും സൂര്യൻ ഒറ്റയ്ക്ക്‌ തന്നെ..
'വിറയ്ക്കും പദങ്ങളാലെണ്ണിയെണ്ണി..'
'പാദങ്ങൾ' അല്ലേ?

M.R.Anilan -എം. ആര്‍.അനിലന്‍ said...

ദുഃഖാകുലം കവിതയിലെ ഉറക്കങ്ങളും നടത്തങ്ങളും ഇരുത്തങ്ങളും... ആർ രാമചന്ദ്രനേയും മറ്റും ഓർത്തുപോയി... ചൊൽക്കവിത നന്നായി!

grkaviyoor said...

ഉണര്‍ന്നിരുന്നു എഴുതുന്നതിനെക്കാള്‍
ഉറക്കത്തിലെ കനവിലല്ലോ കവിതയവള്‍
ഉറഞ്ഞു തുള്ളി ഉണര്ത്തിടുമ്പോള്‍
ഉണ്മയാര്‍ന്ന വരികള്‍ എഴുതതെയായി ഇപ്പോള്‍
ഉപ്പോളം ഇഷ്ടമെന്ന് പറഞ്ഞു ഏറ്റു വാങ്ങിയിപ്പോള്‍
ഉഷസും രാവും ഏറെ സൃഷ്ട്ടിക്കും പ്രവര്‍ത്തികള്‍
ഉര്‍ന്നു പകര്‍ന്നു തരുമി കാളിന്ദിയിലുടെ
ഉഴലുമ്പോള്‍ പറയാതെ ഇരിക്ക വയ്യ
ഉഷ്മളമേകുംഈകവിക്കു ആശംസകളായിരം

Unknown said...

നന്നായെഴുതി....

ശ്രീജ എന്‍ എസ് said...

ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടമുള്ള എനിക്ക് ഈ കവിത ഒരു പാടിഷ്ടമായി ..

ഗീത രാജന്‍ said...

നന്നായിരിക്കുന്നു സ്മിത....
ചിന്തനീയമായ വരികള്‍
ഇഷ്ടമായീ ഈ ഏകാന്തത

Vayady said...

മനോഹരമായ വരികൾ! ഇതിലെ ഏകാന്തത എന്നെ വാരിപ്പുല്‍‌കുന്നതു പോലെ..

Kalavallabhan said...

ഏകാന്തതയുടെ ആഴങ്ങളിലേക്ക് കൂട്ടികൊണ്ടുപോകുന്നതിൽ വിജയിച്ചു

ഭാനു കളരിക്കല്‍ said...

ഏകാന്തം എഴുതി ഏകയായി ഇരിക്ക്യാണോ?
പുതിയ കവിത ഉണ്ടോ എന്നു നോക്കാന്‍ വന്നതാണ്.

ചെറുത്* said...

ഇത് ഇഷ്ടപെട്ടു. ആശയം മനസ്സിലാക്കാന്‍ വളരെ എളുപ്പമുള്ളതും, ഈണമുള്ളതുമായ നല്ല വരികള്‍!

ഏറ്റവും പുതിയ “മടക്കം” കണ്ട് ഇഷ്ടപെടാതെയാണ്‍ പഴയതിലേക്കൊന്ന് എത്തിനോക്കിയത്. നിരാശപെടേണ്ടി വന്നില്ല. :)

“ഏകാന്തം” കവിത തന്നെ
“മടക്കം” വെട്ടികീറപെട്ട ഗദ്യവും
(( ചെറുതിന്‍‍റെ വായനയില്‍ ‍‍)‍)

അപ്പൊ ആശംസകള്‍! കാണാം :)

ശങ്കൂന്റമ്മ said...

ഒരുപാടു വൈകി വായിച്ചു..
നല്ല കവിത.

change said...

nalla rachana

നിരഞ്ജന്‍.ടി.ജി said...

മനോഹരം സ്മിത..