കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Monday, December 12, 2011

പഴയൊരു വഴി

പഴയൊരു വഴി
ഓര്‍മ്മിച്ചെടുക്കുമ്പോള്‍
ചെമ്മണ്ണു പാറി
വഴിക്കണ്ണു ചിമ്മുന്നു.

വഴിയോരത്തൊരു മരമതിനു
പേരു പേരാലോ അരയാലോ?
ആരെയോ കാത്താരാനുമവിടെ
മനമിളകാതെ നിന്നിരുന്നോ?
വഴി പിഴയ്ക്കുമ്പോള്‍ വലം കൈ
പിടിച്ചിടം കൈ പിടിച്ചൊരു
കാറ്റതിലൂടെ നടന്നിരുന്നോ
ഒഴുക്കിലൊരു പാലം
നെഞ്ചോടു ചേര്‍ത്തൊരു പുഴ
വഴിയില്‍ സ്നേഹം പകര്‍ന്നിരുന്നോ?

കാല്‍‌വിരല്‍‌ച്ചോര കിനിഞ്ഞ
കല്‍മൂര്‍ച്ചകള്‍
കരിയിലച്ചൂടില്‍
വിയര്‍ത്ത മണ്‍‌പൊത്തുകള്‍
പാടിത്തളര്‍ന്ന ചീവിടിനൊച്ചകള്‍
വീണു മയങ്ങിയ തളിരിലത്തുണ്ടുകള്‍
മറവിയില്‍ നിന്നുണര്‍ന്ന പൂമ്പാറ്റകള്‍ .

പഴയൊരാ വഴി നടന്നകലുന്നു,
തിരിവിലോര്‍മ്മകള്‍ പിരിഞ്ഞിടറുന്നു.

(ഡിസംബര്‍ ലക്കം തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത് )

Wednesday, August 24, 2011

സംശയം

മുറ തെറ്റാതെ മിടിക്കുന്നുണ്ട്,
പ്രദക്ഷിണം കഴിഞ്ഞെത്തുന്ന
ചോരക്കുഞ്ഞുങ്ങളെ
കുളിപ്പിച്ചു തുവര്‍ത്തി
കാല്‍‌വിരല്‍ത്തുമ്പോളമയയ്ക്കുന്നുണ്ട്,
എന്നിട്ടുമെന്തിനാണെന്റെ ഹൃദയമേ
നീ അവിടെയുണ്ടോയെന്നിടയ്ക്കിടെ ഞാന്‍
നെഞ്ചിന്‍കൂടിനുള്ളില്‍
വിരലാഴ്ത്തുന്നത്?

Monday, June 20, 2011

മടക്കം

ഓരോ തവണയും
ഞാന്‍ നിന്നിലേയ്ക്കു
തിരിച്ചെത്തുന്നു.

ഉപേക്ഷിക്കപ്പെട്ട
പൂച്ചക്കുട്ടിയുടെ
വീട്ടിലേയ്ക്കുള്ള മടക്കം
പോലെയാണത്.

അറിയാതെ വാല്‍ തട്ടി
അടുപ്പിലേയ്ക്കു മറിഞ്ഞ
ചായ വെന്ത മണമോ,
കുടിച്ചുവറ്റിച്ച അന്തിവിളക്കിലെ
എള്ളെണ്ണ രുചിയോ,
വരച്ചു തരുന്ന വഴിയോരം പറ്റി
എലിമാളങ്ങളില്ലാത്ത കല്‍മതില്‍ വരെ,
നഖമിറക്കാത്ത പൂച്ചക്കാല്‍ ചവിട്ടി
അടുക്കള വാതിലൂടെ
അകത്തേയ്ക്ക് കടക്കുമ്പോള്‍ ,
വരും വരായ്മകളുടെ വലച്ചാര്‍ത്തുകളില്‍
വീണുടയാനൊരു മണ്‍കലമോ,
പാല്‍ നിറമുള്ളൊരു ചില്ലു പാത്രമോ
വെള്ളാരം കണ്ണുകളില്‍ ഭീതി പരത്തുന്നുണ്ട്.

വര്‍ത്തമാനങ്ങളിടിഞ്ഞു വീഴുന്ന
കാണാക്കിണറും
വാക്കുകള്‍ പുകയുന്ന
അഗ്നികോണുകളും
നാളേയ്ക്കും ബാക്കിയെന്ന
തിരിച്ചറിവുകള്‍
എന്റെ തിരിച്ചുവരവിലും.

Tuesday, May 17, 2011

ഏകാന്തം

തനിച്ചാണുറക്കം
കിഴക്കിന്റെയുച്ചിയില്‍
വെളിച്ചം ചികഞ്ഞാ
കിളിക്കൂട്ടമെത്തി
ചിരിച്ചുണര്‍ത്തും വരെ.

തനിച്ചാണിറക്കം
കിനാവിന്റെ തോണിയില്‍
ഇടംകൈ വലംകൈ മാറി മാറി
തുഴഞ്ഞാ വിരല്‍ത്തുമ്പിലൊ
ന്നെത്തിത്തൊടും വരെ.

തനിച്ചേ നടത്തം
തൊടിയിലെ ദൂരങ്ങള്‍
വിറയ്ക്കും പദങ്ങളാലെണ്ണിയെണ്ണി
ക്കടന്നാ മാഞ്ചുവട്ടില്‍
ക്കിതച്ചിരിക്കും വരെ.

തനിച്ചാണിരുത്തം
പാതികണ്ണടച്ചീ പകലിന്റെ
സൂചിയില്‍ നൂല്‍
കോര്‍ത്തുകോര്‍ത്തിരുട്ടിന്‍
തിരശ്ശീലചേര്‍ത്തു തുന്നും വരെ.

തനിച്ചേ മടക്കം,
ഇരുള്‍ വീണ പാതയി-
ലിനി വേണ്ട യാത്രയീ
മണ്ണിലേയ്ക്കൊന്നു നീ
പോരുകെന്നാരോ
കരം നീട്ടി പേരു ചൊല്ലും വരെ.

Wednesday, April 13, 2011

മുറിവുകള്‍

ചൂണ്ടുവിരലിലെ ഒന്നാം മുറിവ്
കയ്പക്ക മുറിച്ചപ്പോള്‍ മൂര്‍ച്ച പാളിയതാണ്.
എണ്ണയില്‍ വറുത്തുകോരിയ കയ്പക്കയുടെ രുചി
എല്ലാവര്‍ക്കുമായി വിളമ്പിയപ്പോള്‍
ചോരയുണങ്ങി,
കയ്പുനീര്‍ കുടിച്ച് വേദനയും.

നടുവിരലിലെ രണ്ടാം മുറിവ്
ആപ്പിള്‍ കഷണങ്ങളിലൂടെ കത്തി
ആഴം തേടിയതാണ്.
കിനിയുന്ന രക്തത്തിനും
തുടുക്കുന്ന വേദനയ്ക്കും
ലളിതമധുരമേ തോന്നിയുള്ളു.

കാരണം മറന്ന്, നിറം മങ്ങിയ
മൂന്നാം മുറിവിലും നാലാം മുറിവിലും
വരണ്ട രക്തത്തിന്റെ ചവര്‍പ്പു മാത്രം.

നിന്റെ മൌനം തുളച്ചുകയറിയ
അഞ്ചാം മുറിവ്
ഹൃദയത്തിന്റെ ആഴങ്ങളിലാണ്.
അത്, ഓരോ മിടിപ്പിലും
വേദന നിറച്ചു ചുവപ്പിച്ച രക്തത്തെ
ശരീരഭാഷയിലേയ്ക്കു ഒഴുക്കി വിടുന്നു.
ചിലപ്പോള്‍ കൈത്തണ്ടയില്‍ ,
ചിലപ്പോള്‍ വലതുകാല്‍മുട്ടില്‍ ,
അതുമല്ലെങ്കില്‍
മസ്തിഷ്കത്തിന്റെ വെണ്മയിലോ
കണ്‍ പോളയുടെ മസൃണതയിലോ
സൂചിമുന കുത്തും പോലൊരു പിടച്ചില്‍ .

നോവിന്റെ ആഴങ്ങള്‍
അസ്ഥിമജ്ജയിലേയ്ക്കും പടരുമ്പോള്‍
ഒരൊറ്റവരിക്കവിതയില്‍
മുറിപ്പാട് കുളിരുന്നു.
“ഞാന്‍ നിന്നെ സ്നേഹിക്കുന്നു.”

(ഏപ്രില്‍ ലക്കം തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത് )
http://www.chintha.com/node/103294

Tuesday, March 29, 2011

തിളനില.

ഇത്
തിളനിലയിലെ ഭൌതികമാറ്റം.

ചാരം ചൂടിയൊളിച്ച കനലേതോ
കാറ്റൂതിയുണര്‍ത്തി പെരുപ്പിച്ച്,
തിളച്ചു തുടങ്ങുമ്പോഴൊരു കുതിപ്പ് .
കെട്ടുപാടുകളെ അടര്‍ത്തി,
പിന്‍‌വിളികളെ പുറംകാതാല്‍ക്കുടഞ്ഞ്
കനം മറന്ന്, ഇടം മറന്നുയരാന്‍
ഉള്‍ച്ചൂടില്‍ നിന്നു ലീനതാപം.

വെയില്‍മരത്തിന്റെ ഉച്ചിയിലേയ്ക്ക് ,
കൈതൊടാതെ ഓടിക്കയറാനും
തണുക്കുന്നുവെന്നു ചിണുങ്ങുന്ന
മഴത്തുള്ളികള്‍ക്ക് കുപ്പായമൂരി
എറിഞ്ഞുകൊടുക്കാനും
പിന്നെയൊരരനിമിഷം മാത്രം മതി.

ഇരുളിന്റെ പാതിവഴിയെന്നോ
നട്ടുച്ചയിലെ കിനാവെളിച്ചമെന്നോ
നിനയ്ക്കാതെ തുള്ളിത്തുളുമ്പോള്‍
ഹൃദയരക്തമിറ്റുവീഴുന്നത്
നിന്റെ കാല്‍‌വിരലുകളിലാണ്.

ഉന്മാദത്തിന്റെ നിഗൂഡനിമിഷങ്ങള്‍
തണുത്തൊടുങ്ങുമ്പോള്‍
ഒറ്റച്ചെരുപ്പുമായൊരോട്ടമുണ്ട്,
നാലുചുവരുകള്‍ക്കുള്ളിലെ
കണ്ണാടിയില്‍ പുനര്‍ജനിക്കും വരെ.

(‘ഒരില വെറുതെ ” എന്ന ബ്ലോഗിലെ ‘ഒറ്റയ്ക്കാവുന്ന നേരങ്ങളില്‍ ചില മഴനൃത്തങ്ങള്‍ ‘ എന്ന വായനയാണ് ഈ വരികള്‍ക്കു പ്രചോദനം എന്ന് കുറ്റസമ്മതമായും കടപ്പാടായും പറഞ്ഞുകൊണ്ട്.......)

Sunday, March 6, 2011

ഒടുവില്‍ .

(ശ്രീ എസ് . കലേഷിന്റെ “ അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍ / നീ “ എന്ന കവിത വായിച്ചപ്പോള്‍ കുറിച്ചത്. കവിതയുടെ ലിങ്ക് ,കവിയോട് അനുവാദം ചോദിക്കാതെ , ഇവിടെ ചേര്‍ത്തിരിക്കുന്നു. )

ഒടുവില്‍ ,
അതിങ്ങനെയേ സംഭവിക്കൂ,
ഒരു നിമിഷം മുന്‍പേ ഞാനവിടെത്തും .
എന്നുമെപ്പോഴുമെന്തിനും
എനിക്കായിരുന്നില്ലെ ധൃതി?
( മെല്ലെയാകട്ടെയെന്നു നീയും )
ഇനി ശീലങ്ങളൊന്നും മാറില്ലല്ലോ.

സാരി പോലും മാറ്റിയുടുക്കാതെ ,
കൈവളയും മാലയുമെല്ലാം വേണ്ടവര്‍
അഴിച്ചെടുക്കട്ടെയെന്നുപേക്ഷിച്ച്,
ജീവനുണ്ടായിരുപ്പോള്‍ കഴിയാത്തൊ-
രെടുത്തുചാട്ടത്തിലേയ്ക്ക് ചിറകുവിടര്‍ത്തി ,
മുന്‍പൊരിക്കലും വന്നിട്ടില്ലെങ്കിലും
കൃത്യമായിങ്ങെത്തിയില്ലേയെന്നു വിളിച്ചു കൂവി
ഒരു നിമിഷം മുന്‍പേ ഞാനവിടെത്തും.

പാതികുടിച്ച കട്ടന്‍ ചായയുടെ കപ്പ്
അരഭിത്തിയില്‍ വച്ച് ,
വരാന്തയിലെ ചാരുകസേരയില്‍ നീ,
കാക്കുന്നതെന്നെയാണെന്നെനിക്കറിയാം.

വന്ന കിതപ്പടങ്ങും മുന്‍പേ ,
ആദ്യസ്വപ്നം ഞാന്‍ നിറവേറ്റും,
വലംകയ്യിലെ അഞ്ചു വിരല്‍ക്കുഞ്ഞുങ്ങളെയും
നക്കിത്തുവര്‍ത്തി ഞാനുമ്മവയ്ക്കും.
കണ്ണു കൊണ്ട് നീ വിളിക്കുന്നതറിഞ്ഞ്
നെഞ്ചില്‍ മുഖം ചേര്‍ത്തുവയ്ക്കും.
പത്ത്, ഒന്‍പത്, എട്ട് , ഏഴ്...
നിന്റെ ഹൃദയം പിന്നിലേയ്ക്കെണ്ണുമ്പോള്‍
ഇല്ലാത്ത ചങ്കു പൊള്ളിപ്പിടഞ്ഞ് ഞാന്‍ തേങ്ങും.
പൂജ്യമെത്തുമ്പോള്‍ കൈപിടിച്ചെഴുനേല്‍ക്കും,
“ അകത്താരുമില്ലേ , ഒന്നിങ്ങോട്ടു വരൂ,
കരഞ്ഞും വിളിച്ചും ,
ഇലയിട്ടോ , പായ വിരിച്ചോ
ഇറക്കിക്കിടത്തിക്കോളൂ,
അരിയും പൂവുമൊക്കെയര്‍ച്ചിച്ചോളൂ,
ഞങ്ങളിറങ്ങുന്നു” എന്ന് ലോകമത്രയും
കേള്‍ക്കുന്നത്ര പതുക്കെ പറഞ്ഞ്
നമ്മുടെ മണ്ണിലേയ്ക്കിറങ്ങും.
നീ വിട്ടുപോകാന്‍ മടിക്കുന്ന
പൂമരക്കാട്ടിലെ ലഹരിയുടെ
മണങ്ങള്‍ ഞാനുമറിയട്ടെ.
പൊന്‍ ചെമ്പകപ്പൂവൊന്നിറുത്ത്
മുടിയിലണിയിക്കൂന്നേ,‘ ഹാ,
എന്തു മണ‘മെന്നെന്നെ നീ വാസനിക്കൂ.

ഇനി യാത്രയല്ലേ,
കടലില്‍ കുളിച്ചീറനായ് പുണര്‍ന്നൊരു
മഴയിലേയ്ക്ക് നാം നീന്തിക്കയറണം.
ചേര്‍ന്നു ചേര്‍ന്നു ചേര്‍ന്ന് മഴ നനയണം...
മഴയോടു ചേര്‍ന്നു മഴയായ് പൊഴിയണം

ഒക്കെയെരിഞ്ഞൊടുങ്ങുമ്പോള്‍ ,
പതുക്കെപ്പറക്കാം.
അമ്പിളി അമ്മാവന്റെ വലതുവശത്തെ
നക്ഷത്രകുസൃതിയുടെ പിന്‍ മുറ്റത്തൊരു
കളിവീടൊരുങ്ങിയിട്ടുണ്ട്..

ആരും തിരഞ്ഞുവരല്ലേ,
ഞങ്ങള്‍ക്കിനി മടക്കമില്ല.

http://vaikunneramanu.blogspot.com/2011/03/blog-post.html