അത്തി, ഇത്തി , അരയാല് , പേരാല്
പിന്നെ ,
പേരറിഞ്ഞും അറിയാതെയും
കണ്ടും കാണാതെയും
തൊട്ടും തൊടാതെയും അറിഞ്ഞ
പുരുഷവൃക്ഷങ്ങള്‍ .
നിരാസത്തില്‍ ചുറ്റിപ്പടര്‍ന്ന
വേരുകളില്‍ ഒറ്റത്തടിയായുയര്‍ന്ന്
തെങ്ങുകള്‍ പോലെ ചിലര്‍ ,
ഇളനീരോ, പച്ചോലയോ
മൂപ്പെത്തിയ കായ്കളോ
വേണ്ടതെന്തുമെടുക്കുക
എന്നൊരു മുനിവാക്യം
പോലെ ഈര്‍ക്കില്‍ മുനകള്‍ ,
ചായാനും ചരിയാനുമില്ലെന്നു
കാറ്റിനോടും ഭരതവാക്യം.
ചാരിനിന്നാലും മുഖം ചേര്‍ത്തമര്‍ന്നാലും
ഉള്ളില്‍ തുളുമ്പുന്ന മണമറിയിക്കാതെ
ചന്ദനം പോലെ ചിലര്‍,
ഒന്നു ചീന്തിത്തുറന്നാലോ
വിടാതാലിംഗനം ചെയ്യും സുഗന്ധശാലകള്‍,
കൈവിട്ടു കാലം കഴിഞ്ഞാലും
വിരല്‍ത്തുമ്പിലോ മുന്‍കഴുത്തിലോ
തൂമണം തൂകിയൊരു സ്മൃതിക്കുറി.
ചിലര്‍ വാക പോലെ
ഇലച്ചാര്‍ത്തും പൂപ്പടര്‍പ്പും കാട്ടി കൊതിപ്പിച്ച്,
വരൂ , കൂടുകള്‍ കൂട്ടു എന്നു പ്രലോഭിപ്പിക്കും
ആഞ്ഞൊരു കാറ്റു വീശിയാല്‍
എല്ലാം തകര്‍ന്നേയെന്നൊരു നിലവിളിയില്‍
അടര്‍ന്നു വീഴുന്ന ചില്ലകള്‍.
ഒന്നു മയങ്ങിയുണര്‍ന്ന്
പച്ചച്ചിരി നാമ്പു കാട്ടി തിരിച്ചുവിളിക്കുമെങ്കിലും
ചിതറിത്തെറിച്ച കൂടുകളും കിളിമുട്ടകളും
തിരിച്ചു തരാനാവില്ലല്ലോ.
ചിലര്‍, മലമുകളിലെ പാറക്കെട്ടിനിടെ
വേരാഴത്തിന്റെ അതുല്യതയില്‍
തലയുയര്‍ത്തി നില്‍ക്കുന്നവര്‍.
ഏറ്റവും ഉയരത്തില്‍ പറക്കുന്ന
കിളിക്കേ കൂടുകൂട്ടാനാവൂ എന്നു
കാറ്റിന്റെ മുന്നറിയിപ്പ്.
താഴ്വരയില്‍ നിന്ന്
ഒരു വൃക്ഷപൂജ നടത്തി
ആരാധിക്കാമെന്നു മാത്രം.
ഇലയും പൂവും കായുമൊക്കെ
ഏതാണ്ടൊരേ തരത്തില്‍
പാഴ് മരങ്ങളേറെ,
കുലവും ഗോത്രവുമറിഞ്ഞിട്ടെന്തിനാണെന്ന്
ഒറ്റനോട്ടത്തില്‍ തോന്നിപ്പോകും.
ഇത്തിള്‍ക്കണ്ണികള്‍ നിറഞ്ഞ
ശാഖികളില്‍ കൂടുകൂട്ടുന്ന മരണം
ചുമന്ന് പിന്നെയും ചിലര്‍.
കാടും മരങ്ങളും ഇനിയുമെന്നു
വഴിക്കിളികള്‍ ചിലയ്ക്കുമ്പോള്‍
പിന്നിലേയ്ക്കോടി മറയുകയാണ്,
പച്ചച്ച മരകാഴ്ചകള്‍ ..
( ജനുവരി ലക്കം മലയാളനാടില്‍ പ്രസിദ്ധീകരിച്ചത് , എം. ആർ. അനിൽകുമാറിന്റെ എനിക്ക് പരിചയമുള്ള സ്ത്രീകള്‍ എന്ന കവിത പ്രചോദനം)
Sunday, January 8, 2012
Monday, December 12, 2011
പഴയൊരു വഴി
പഴയൊരു വഴി
ഓര്‍മ്മിച്ചെടുക്കുമ്പോള്‍
ചെമ്മണ്ണു പാറി
വഴിക്കണ്ണു ചിമ്മുന്നു.
വഴിയോരത്തൊരു മരമതിനു
പേരു പേരാലോ അരയാലോ?
ആരെയോ കാത്താരാനുമവിടെ
മനമിളകാതെ നിന്നിരുന്നോ?
വഴി പിഴയ്ക്കുമ്പോള്‍ വലം കൈ
പിടിച്ചിടം കൈ പിടിച്ചൊരു
കാറ്റതിലൂടെ നടന്നിരുന്നോ
ഒഴുക്കിലൊരു പാലം
നെഞ്ചോടു ചേര്‍ത്തൊരു പുഴ
വഴിയില്‍ സ്നേഹം പകര്‍ന്നിരുന്നോ?
കാല്‍വിരല്‍ച്ചോര കിനിഞ്ഞ
കല്‍മൂര്‍ച്ചകള്‍
കരിയിലച്ചൂടില്‍
വിയര്‍ത്ത മണ്‍പൊത്തുകള്‍
പാടിത്തളര്‍ന്ന ചീവിടിനൊച്ചകള്‍
വീണു മയങ്ങിയ തളിരിലത്തുണ്ടുകള്‍
മറവിയില്‍ നിന്നുണര്‍ന്ന പൂമ്പാറ്റകള്‍ .
പഴയൊരാ വഴി നടന്നകലുന്നു,
തിരിവിലോര്‍മ്മകള്‍ പിരിഞ്ഞിടറുന്നു.
(ഡിസംബര്‍ ലക്കം തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത് )

Wednesday, August 24, 2011
സംശയം
മുറ തെറ്റാതെ മിടിക്കുന്നുണ്ട്,
പ്രദക്ഷിണം കഴിഞ്ഞെത്തുന്ന
ചോരക്കുഞ്ഞുങ്ങളെ
കുളിപ്പിച്ചു തുവര്‍ത്തി
കാല്‍വിരല്‍ത്തുമ്പോളമയയ്ക്കുന്നുണ്ട്,
എന്നിട്ടുമെന്തിനാണെന്റെ ഹൃദയമേ
നീ അവിടെയുണ്ടോയെന്നിടയ്ക്കിടെ ഞാന്‍
നെഞ്ചിന്‍കൂടിനുള്ളില്‍
വിരലാഴ്ത്തുന്നത്?
പ്രദക്ഷിണം കഴിഞ്ഞെത്തുന്ന
ചോരക്കുഞ്ഞുങ്ങളെ
കുളിപ്പിച്ചു തുവര്‍ത്തി
കാല്‍വിരല്‍ത്തുമ്പോളമയയ്ക്കുന്നുണ്ട്,
എന്നിട്ടുമെന്തിനാണെന്റെ ഹൃദയമേ
നീ അവിടെയുണ്ടോയെന്നിടയ്ക്കിടെ ഞാന്‍
നെഞ്ചിന്‍കൂടിനുള്ളില്‍
വിരലാഴ്ത്തുന്നത്?
Monday, June 20, 2011
മടക്കം
ഓരോ തവണയും
ഞാന്‍ നിന്നിലേയ്ക്കു
തിരിച്ചെത്തുന്നു.
ഉപേക്ഷിക്കപ്പെട്ട
പൂച്ചക്കുട്ടിയുടെ
വീട്ടിലേയ്ക്കുള്ള മടക്കം
പോലെയാണത്.
അറിയാതെ വാല്‍ തട്ടി
അടുപ്പിലേയ്ക്കു മറിഞ്ഞ
ചായ വെന്ത മണമോ,
കുടിച്ചുവറ്റിച്ച അന്തിവിളക്കിലെ
എള്ളെണ്ണ രുചിയോ,
വരച്ചു തരുന്ന വഴിയോരം പറ്റി
എലിമാളങ്ങളില്ലാത്ത കല്‍മതില്‍ വരെ,
നഖമിറക്കാത്ത പൂച്ചക്കാല്‍ ചവിട്ടി
അടുക്കള വാതിലൂടെ
അകത്തേയ്ക്ക് കടക്കുമ്പോള്‍ ,
വരും വരായ്മകളുടെ വലച്ചാര്‍ത്തുകളില്‍
വീണുടയാനൊരു മണ്‍കലമോ,
പാല്‍ നിറമുള്ളൊരു ചില്ലു പാത്രമോ
വെള്ളാരം കണ്ണുകളില്‍ ഭീതി പരത്തുന്നുണ്ട്.
വര്‍ത്തമാനങ്ങളിടിഞ്ഞു വീഴുന്ന
കാണാക്കിണറും
വാക്കുകള്‍ പുകയുന്ന
അഗ്നികോണുകളും
നാളേയ്ക്കും ബാക്കിയെന്ന
തിരിച്ചറിവുകള്‍
എന്റെ തിരിച്ചുവരവിലും.

Tuesday, May 17, 2011
ഏകാന്തം
തനിച്ചാണുറക്കം
കിഴക്കിന്റെയുച്ചിയില്‍
വെളിച്ചം ചികഞ്ഞാ
കിളിക്കൂട്ടമെത്തി
ചിരിച്ചുണര്‍ത്തും വരെ.
തനിച്ചാണിറക്കം
കിനാവിന്റെ തോണിയില്‍
ഇടംകൈ വലംകൈ മാറി മാറി
തുഴഞ്ഞാ വിരല്‍ത്തുമ്പിലൊ
ന്നെത്തിത്തൊടും വരെ.
തനിച്ചേ നടത്തം
തൊടിയിലെ ദൂരങ്ങള്‍
വിറയ്ക്കും പദങ്ങളാലെണ്ണിയെണ്ണി
ക്കടന്നാ മാഞ്ചുവട്ടില്‍
ക്കിതച്ചിരിക്കും വരെ.
തനിച്ചാണിരുത്തം
പാതികണ്ണടച്ചീ പകലിന്റെ
സൂചിയില്‍ നൂല്‍
കോര്‍ത്തുകോര്‍ത്തിരുട്ടിന്‍
തിരശ്ശീലചേര്‍ത്തു തുന്നും വരെ.
തനിച്ചേ മടക്കം,
ഇരുള്‍ വീണ പാതയി-
ലിനി വേണ്ട യാത്രയീ
മണ്ണിലേയ്ക്കൊന്നു നീ
പോരുകെന്നാരോ
കരം നീട്ടി പേരു ചൊല്ലും വരെ.
കിഴക്കിന്റെയുച്ചിയില്‍
വെളിച്ചം ചികഞ്ഞാ
കിളിക്കൂട്ടമെത്തി
ചിരിച്ചുണര്‍ത്തും വരെ.
തനിച്ചാണിറക്കം
കിനാവിന്റെ തോണിയില്‍
ഇടംകൈ വലംകൈ മാറി മാറി
തുഴഞ്ഞാ വിരല്‍ത്തുമ്പിലൊ
ന്നെത്തിത്തൊടും വരെ.
തനിച്ചേ നടത്തം
തൊടിയിലെ ദൂരങ്ങള്‍
വിറയ്ക്കും പദങ്ങളാലെണ്ണിയെണ്ണി
ക്കടന്നാ മാഞ്ചുവട്ടില്‍
ക്കിതച്ചിരിക്കും വരെ.
തനിച്ചാണിരുത്തം
പാതികണ്ണടച്ചീ പകലിന്റെ
സൂചിയില്‍ നൂല്‍
കോര്‍ത്തുകോര്‍ത്തിരുട്ടിന്‍
തിരശ്ശീലചേര്‍ത്തു തുന്നും വരെ.
തനിച്ചേ മടക്കം,
ഇരുള്‍ വീണ പാതയി-
ലിനി വേണ്ട യാത്രയീ
മണ്ണിലേയ്ക്കൊന്നു നീ
പോരുകെന്നാരോ
കരം നീട്ടി പേരു ചൊല്ലും വരെ.
Wednesday, April 13, 2011
മുറിവുകള്‍
ചൂണ്ടുവിരലിലെ ഒന്നാം മുറിവ്
കയ്പക്ക മുറിച്ചപ്പോള്‍ മൂര്‍ച്ച പാളിയതാണ്.
എണ്ണയില്‍ വറുത്തുകോരിയ കയ്പക്കയുടെ രുചി
എല്ലാവര്‍ക്കുമായി വിളമ്പിയപ്പോള്‍
ചോരയുണങ്ങി,
കയ്പുനീര്‍ കുടിച്ച് വേദനയും.
നടുവിരലിലെ രണ്ടാം മുറിവ്
ആപ്പിള്‍ കഷണങ്ങളിലൂടെ കത്തി
ആഴം തേടിയതാണ്.
കിനിയുന്ന രക്തത്തിനും
തുടുക്കുന്ന വേദനയ്ക്കും
ലളിതമധുരമേ തോന്നിയുള്ളു.
കാരണം മറന്ന്, നിറം മങ്ങിയ
മൂന്നാം മുറിവിലും നാലാം മുറിവിലും
വരണ്ട രക്തത്തിന്റെ ചവര്‍പ്പു മാത്രം.
നിന്റെ മൌനം തുളച്ചുകയറിയ
അഞ്ചാം മുറിവ്
ഹൃദയത്തിന്റെ ആഴങ്ങളിലാണ്.
അത്, ഓരോ മിടിപ്പിലും
വേദന നിറച്ചു ചുവപ്പിച്ച രക്തത്തെ
ശരീരഭാഷയിലേയ്ക്കു ഒഴുക്കി വിടുന്നു.
ചിലപ്പോള്‍ കൈത്തണ്ടയില്‍ ,
ചിലപ്പോള്‍ വലതുകാല്‍മുട്ടില്‍ ,
അതുമല്ലെങ്കില്‍
മസ്തിഷ്കത്തിന്റെ വെണ്മയിലോ
കണ്‍ പോളയുടെ മസൃണതയിലോ
സൂചിമുന കുത്തും പോലൊരു പിടച്ചില്‍ .
നോവിന്റെ ആഴങ്ങള്‍
അസ്ഥിമജ്ജയിലേയ്ക്കും പടരുമ്പോള്‍
ഒരൊറ്റവരിക്കവിതയില്‍
മുറിപ്പാട് കുളിരുന്നു.
“ഞാന്‍ നിന്നെ സ്നേഹിക്കുന്നു.”
(ഏപ്രില്‍ ലക്കം തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത് )
http://www.chintha.com/node/103294

Tuesday, March 29, 2011
തിളനില.
ഇത്
തിളനിലയിലെ ഭൌതികമാറ്റം.
ചാരം ചൂടിയൊളിച്ച കനലേതോ
കാറ്റൂതിയുണര്‍ത്തി പെരുപ്പിച്ച്,
തിളച്ചു തുടങ്ങുമ്പോഴൊരു കുതിപ്പ് .
കെട്ടുപാടുകളെ അടര്‍ത്തി,
പിന്‍വിളികളെ പുറംകാതാല്‍ക്കുടഞ്ഞ്
കനം മറന്ന്, ഇടം മറന്നുയരാന്‍
ഉള്‍ച്ചൂടില്‍ നിന്നു ലീനതാപം.
വെയില്‍മരത്തിന്റെ ഉച്ചിയിലേയ്ക്ക് ,
കൈതൊടാതെ ഓടിക്കയറാനും
തണുക്കുന്നുവെന്നു ചിണുങ്ങുന്ന
മഴത്തുള്ളികള്‍ക്ക് കുപ്പായമൂരി
എറിഞ്ഞുകൊടുക്കാനും
പിന്നെയൊരരനിമിഷം മാത്രം മതി.
ഇരുളിന്റെ പാതിവഴിയെന്നോ
നട്ടുച്ചയിലെ കിനാവെളിച്ചമെന്നോ
നിനയ്ക്കാതെ തുള്ളിത്തുളുമ്പോള്‍
ഹൃദയരക്തമിറ്റുവീഴുന്നത്
നിന്റെ കാല്‍വിരലുകളിലാണ്.
ഉന്മാദത്തിന്റെ നിഗൂഡനിമിഷങ്ങള്‍
തണുത്തൊടുങ്ങുമ്പോള്‍
ഒറ്റച്ചെരുപ്പുമായൊരോട്ടമുണ്ട്,
നാലുചുവരുകള്‍ക്കുള്ളിലെ
കണ്ണാടിയില്‍ പുനര്‍ജനിക്കും വരെ.
(‘ഒരില വെറുതെ ” എന്ന ബ്ലോഗിലെ ‘ഒറ്റയ്ക്കാവുന്ന നേരങ്ങളില്‍ ചില മഴനൃത്തങ്ങള്‍ ‘ എന്ന വായനയാണ് ഈ വരികള്‍ക്കു പ്രചോദനം എന്ന് കുറ്റസമ്മതമായും കടപ്പാടായും പറഞ്ഞുകൊണ്ട്.......)

Sunday, March 6, 2011
ഒടുവില്‍ .
(ശ്രീ എസ് . കലേഷിന്റെ “ അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍ / നീ “ എന്ന കവിത വായിച്ചപ്പോള്‍ കുറിച്ചത്. കവിതയുടെ ലിങ്ക് ,കവിയോട് അനുവാദം ചോദിക്കാതെ , ഇവിടെ ചേര്‍ത്തിരിക്കുന്നു. )
ഒടുവില്‍ ,
അതിങ്ങനെയേ സംഭവിക്കൂ,
ഒരു നിമിഷം മുന്‍പേ ഞാനവിടെത്തും .
എന്നുമെപ്പോഴുമെന്തിനും
എനിക്കായിരുന്നില്ലെ ധൃതി?
( മെല്ലെയാകട്ടെയെന്നു നീയും )
ഇനി ശീലങ്ങളൊന്നും മാറില്ലല്ലോ.
സാരി പോലും മാറ്റിയുടുക്കാതെ ,
കൈവളയും മാലയുമെല്ലാം വേണ്ടവര്‍
അഴിച്ചെടുക്കട്ടെയെന്നുപേക്ഷിച്ച്,
ജീവനുണ്ടായിരുപ്പോള്‍ കഴിയാത്തൊ-
രെടുത്തുചാട്ടത്തിലേയ്ക്ക് ചിറകുവിടര്‍ത്തി ,
മുന്‍പൊരിക്കലും വന്നിട്ടില്ലെങ്കിലും
കൃത്യമായിങ്ങെത്തിയില്ലേയെന്നു വിളിച്ചു കൂവി
ഒരു നിമിഷം മുന്‍പേ ഞാനവിടെത്തും.
പാതികുടിച്ച കട്ടന്‍ ചായയുടെ കപ്പ്
അരഭിത്തിയില്‍ വച്ച് ,
വരാന്തയിലെ ചാരുകസേരയില്‍ നീ,
കാക്കുന്നതെന്നെയാണെന്നെനിക്കറിയാം.
വന്ന കിതപ്പടങ്ങും മുന്‍പേ ,
ആദ്യസ്വപ്നം ഞാന്‍ നിറവേറ്റും,
വലംകയ്യിലെ അഞ്ചു വിരല്‍ക്കുഞ്ഞുങ്ങളെയും
നക്കിത്തുവര്‍ത്തി ഞാനുമ്മവയ്ക്കും.
കണ്ണു കൊണ്ട് നീ വിളിക്കുന്നതറിഞ്ഞ്
നെഞ്ചില്‍ മുഖം ചേര്‍ത്തുവയ്ക്കും.
പത്ത്, ഒന്‍പത്, എട്ട് , ഏഴ്...
നിന്റെ ഹൃദയം പിന്നിലേയ്ക്കെണ്ണുമ്പോള്‍
ഇല്ലാത്ത ചങ്കു പൊള്ളിപ്പിടഞ്ഞ് ഞാന്‍ തേങ്ങും.
പൂജ്യമെത്തുമ്പോള്‍ കൈപിടിച്ചെഴുനേല്‍ക്കും,
“ അകത്താരുമില്ലേ , ഒന്നിങ്ങോട്ടു വരൂ,
കരഞ്ഞും വിളിച്ചും ,
ഇലയിട്ടോ , പായ വിരിച്ചോ
ഇറക്കിക്കിടത്തിക്കോളൂ,
അരിയും പൂവുമൊക്കെയര്‍ച്ചിച്ചോളൂ,
ഞങ്ങളിറങ്ങുന്നു” എന്ന് ലോകമത്രയും
കേള്‍ക്കുന്നത്ര പതുക്കെ പറഞ്ഞ്
നമ്മുടെ മണ്ണിലേയ്ക്കിറങ്ങും.
നീ വിട്ടുപോകാന്‍ മടിക്കുന്ന
പൂമരക്കാട്ടിലെ ലഹരിയുടെ
മണങ്ങള്‍ ഞാനുമറിയട്ടെ.
പൊന്‍ ചെമ്പകപ്പൂവൊന്നിറുത്ത്
മുടിയിലണിയിക്കൂന്നേ,‘ ഹാ,
എന്തു മണ‘മെന്നെന്നെ നീ വാസനിക്കൂ.
ഇനി യാത്രയല്ലേ,
കടലില്‍ കുളിച്ചീറനായ് പുണര്‍ന്നൊരു
മഴയിലേയ്ക്ക് നാം നീന്തിക്കയറണം.
ചേര്‍ന്നു ചേര്‍ന്നു ചേര്‍ന്ന് മഴ നനയണം...
മഴയോടു ചേര്‍ന്നു മഴയായ് പൊഴിയണം
ഒക്കെയെരിഞ്ഞൊടുങ്ങുമ്പോള്‍ ,
പതുക്കെപ്പറക്കാം.
അമ്പിളി അമ്മാവന്റെ വലതുവശത്തെ
നക്ഷത്രകുസൃതിയുടെ പിന്‍ മുറ്റത്തൊരു
കളിവീടൊരുങ്ങിയിട്ടുണ്ട്..
ആരും തിരഞ്ഞുവരല്ലേ,
ഞങ്ങള്‍ക്കിനി മടക്കമില്ല.
http://vaikunneramanu.blogspot.com/2011/03/blog-post.html

Sunday, February 13, 2011
പ്രിയനേ...
ക്ഷണിക്കപ്പെട്ട അതിഥിയാണു നീ.
നിനക്കായി,
കവാടങ്ങള്‍ തുറന്നിരിക്കുന്നു,
നഗരം ഒരുങ്ങിയിരിക്കുന്നു.
നിന്റെ സ്വപ്നങ്ങള്‍ക്കൊളിച്ചിരിക്കാന്‍
പിന്‍ കഴുത്തിലൊരു പൂമരക്കാട്.
തോളെല്ലില്‍ അസ്ഥിവാരമിട്ട്
നിനക്കൊരു കളിവീട്.
ഒറ്റകുതിപ്പിലുയരങ്ങളിലേയ്ക്കു പറക്കാന്‍
ഇടനെഞ്ചിലൊരു മേഘത്തേര്
താഴ്വരയിലേയ്ക്കൊഴുകിയിറങ്ങാന്‍
മലയിടുക്കിലൂടൊരാകാശത്തോണി.
നഗരമധ്യത്തില്‍ ചുറ്റുവിളക്കോടെ
നടപ്പാതയുടെ ദീര്‍ഘവൃത്തം.
നിന്റെ ദിശമാറ്റങ്ങളില്‍
അഷ്ടദിക്കുകളിലേയ്ക്കും
ആയത്തിലാടാനൊരൂഞ്ഞാല്‍ .
തിരയിളക്കങ്ങളിലുലയാതെ,
ജലതരംഗങ്ങളുടെ ചുഴിയില്‍
നങ്കൂരമിട്ടൊരു പടക്കപ്പല്‍ .
പ്രിയനേ,
അകത്തളങ്ങളില്‍
വിളക്കുകള്‍ തെളിഞ്ഞിരിക്കുന്നു.
അന്തപ്പുരം നിലാവില്‍ നനയുന്നു.
വരിക,
ക്ഷണിക്കപ്പെട്ട അതിഥിയാണു നീ.
നിനക്കായി,
കവാടങ്ങള്‍ തുറന്നിരിക്കുന്നു,
നഗരം ഒരുങ്ങിയിരിക്കുന്നു.
നിന്റെ സ്വപ്നങ്ങള്‍ക്കൊളിച്ചിരിക്കാന്‍
പിന്‍ കഴുത്തിലൊരു പൂമരക്കാട്.
തോളെല്ലില്‍ അസ്ഥിവാരമിട്ട്
നിനക്കൊരു കളിവീട്.
ഒറ്റകുതിപ്പിലുയരങ്ങളിലേയ്ക്കു പറക്കാന്‍
ഇടനെഞ്ചിലൊരു മേഘത്തേര്
താഴ്വരയിലേയ്ക്കൊഴുകിയിറങ്ങാന്‍
മലയിടുക്കിലൂടൊരാകാശത്തോണി.
നഗരമധ്യത്തില്‍ ചുറ്റുവിളക്കോടെ
നടപ്പാതയുടെ ദീര്‍ഘവൃത്തം.
നിന്റെ ദിശമാറ്റങ്ങളില്‍
അഷ്ടദിക്കുകളിലേയ്ക്കും
ആയത്തിലാടാനൊരൂഞ്ഞാല്‍ .
തിരയിളക്കങ്ങളിലുലയാതെ,
ജലതരംഗങ്ങളുടെ ചുഴിയില്‍
നങ്കൂരമിട്ടൊരു പടക്കപ്പല്‍ .
പ്രിയനേ,
അകത്തളങ്ങളില്‍
വിളക്കുകള്‍ തെളിഞ്ഞിരിക്കുന്നു.
അന്തപ്പുരം നിലാവില്‍ നനയുന്നു.
വരിക,
ക്ഷണിക്കപ്പെട്ട അതിഥിയാണു നീ.
Wednesday, February 9, 2011
ഒരു ‘ടാഗോര്‍ ‘ പരിഭാഷ
(" Land of Exile " - Rabindra Nath Tagore. )
അമ്മേ, വെട്ടം മങ്ങി. ആകാശമൊക്കെ ഇരുണ്ടു. സമയമെത്രയായെന്ന് എനിക്കറിയില്ല. കളിക്കാനൊരു രസവും തോന്നുന്നില്ല. അതാ ഞാന്‍ അമ്മയുടെ അടുത്തേയ്ക്ക് ഓടിവന്നത്. ഇന്നു ശനിയാഴ്ചയല്ലേ, നമ്മുടെ അവധി ദിവസം?
ആ പണിയെല്ലാം അവിടെയിട്ടിട്ട് ഇവിടെ വരൂ, അമ്മേ. ഈ ജനാലപ്പടിയിലിരുന്നു യക്ഷിക്കഥയിലെ ആ വലിയ തെപാന്തര്‍ മരുഭൂമി എവീടെയാണെന്നു എനിക്കു പറഞ്ഞു തരൂ.
ആകെ മഴ മൂടിയ ദിവസം.
ആകാശത്തെ മാന്തിപ്പൊളിക്കുന്ന ഇടിമിന്നല്‍ . ഈ മേഘങ്ങള്‍ ഇങ്ങനെ അലറിക്കുലുങ്ങുമ്പോള്‍ , പേടിച്ചു വിറച്ച് അമ്മയെ കെട്ടിപ്പിടിച്ചിരിക്കാന്‍ കൊതിയാണെനിക്ക്.
കനത്ത മഴ മുളങ്കാടുകള്‍ക്കു മേല്‍ ഇടതടവില്ലാതെ കോരിച്ചൊരിയുമ്പോള്‍ , കൊടുങ്കാറ്റില്‍ ജനല്പാളികള്‍ കിലുകിലാ വിറയ്ക്കുമ്പോള്‍ വേറാരുമടുത്തിലാതെ അമ്മയോടൊപ്പമിരിക്കാനാണ് എനിക്കിഷ്ടം. അങ്ങനെയിരുന്ന് ആ മോഹിപ്പിക്കുന്ന മാന്ത്രികകഥയിലെ മരുഭൂമിയെപ്പറ്റി കേള്‍ക്കണം.
അതെവിടെയാണമ്മേ , ആ മരുഭൂമി?
ഏതു കടലിന്റെ തീരത്താണ് ? ഏതു മലയുടെ അടിവാരത്താണ്? ഏതു രാജാവിന്റെ രാജ്യത്തിലാണ്?
അവിടെ വേലികളും അതിരുകളും ഒന്നുമില്ല. ഗ്രാമവാസികള്‍ക്കുവീടണയാനോ , നാട്ടിലെ പെണ്ണുങ്ങള്‍ക്കു കാട്ടില്‍ നിന്നു ചുള്ളിക്കമ്പുകള്‍ ശേഖരിച്ചു ചന്തയിലെത്തിക്കാനോ ഒന്നും അവിടെ നടപ്പാതകളില്ല. മണല്‍പ്പരപ്പില്‍ അവിടവിടെ മഞ്ഞപ്പാടുകള്‍ പോലെ പുല്ലു മുളച്ചിട്ടുണ്ട്. ആകെ ഒരു മരവും ആ മരത്തിന്റെ പൊത്തില്‍ ബുദ്ധിയുള്ള രണ്ടു കിളികളും. അത്രയുമല്ലേ ആ തെപാന്തര്‍ മരുഭൂമിയിലുള്ളത്?
ഇതുപോലൊരു മഴക്കാറുള്ള ദിവസം ഏതോ കടലിനപ്പുറമുള്ള രാക്ഷസന്റെ കൊട്ടാരത്തിലെ തടവറയില്‍ കഴിയുന്ന രാജകുമാരിയെ അന്വേഷിച്ച് ഇരുണ്ട കുതിരപ്പുറത്തലയുന്ന രാജകുമാരനെ എനിക്കു സങ്കല്പിക്കാന്‍ കഴിയുന്നുണ്ട്.
മരുഭൂമിയിലെ കുതിരസവാരിയ്ക്കിടെ, അകലെ ആകാശച്ചെരിവില്‍ , മഴക്കാറിറങ്ങിവരുമ്പോള്‍ , പെട്ടെന്നൊരു വേദന പോലെ ഇടിമിന്നല്‍ വീശുമ്പോള്‍ , അവനോര്‍മ്മിക്കുന്നുണ്ടാവുമോ രാജാവുപേക്ഷിച്ച അവന്റെ അമ്മയെ? കണ്ണീരൊഴുക്കിക്കൊണ്ട് പശുത്തൊഴുത്ത് വൃത്തിയാക്കുന്ന ആ പാവം അമ്മയെ?
നോക്കമ്മേ, പകല്‍ തീരും മുന്‍പ് എങ്ങും ഇരുട്ടായിക്കഴിഞ്ഞു. നാടുപാതയില്‍ യാത്രികാരാരുമില്ല.
ഇടയച്ചെക്കന്‍ മേച്ചില്‍ സ്ഥലം വിട്ട് നേരത്തെ തിരിച്ചു പോയിരിക്കുന്നു.
കൃഷിക്കാരൊക്കെ പാടങ്ങളില്‍ നിന്നു മടങ്ങി അവരുടെ കുടിലുകളുടെ ഇറയത്ത്, മുരളുന്ന മാനം നോക്കിയിരിപ്പായി.
അമ്മേ, ഞാനെന്റെ പുസ്തകങ്ങളെല്ലാം അലമാരയില്‍ വച്ചു കഴിഞ്ഞു. ഇപ്പോള്‍ ഒന്നും പഠിക്കാന്‍ എന്നോടു പറയരുതേ. വളര്‍ന്നു അച്ഛന്റെയത്രയാകുമ്പോള്‍ അറിയേണ്ടതെല്ലാം ഞാന്‍ പഠിച്ചോളാം.
പക്ഷെ, ഇന്ന്, ഇന്നു തന്നെ ഒന്നു പറഞ്ഞുതരൂ , യക്ഷിക്കഥയിലെ ആ തെപാന്തര്‍ മരുഭൂമി എവിടെയാണ്?

Monday, January 31, 2011
കരിയില
മണ്ണാങ്കട്ടയുടെ കൂടെ
കാശിയ്ക്കു യാത്ര പുറപ്പെട്ട
കരിയിലയാണു ഞാന്‍ ,
മഴവെള്ളത്തോടൊപ്പം
ഗംഗയുടെ മേല്‍ വിലാസം തേടി
മണ്ണാങ്കട്ട അലിഞ്ഞൊഴുകിയപ്പോള്‍
കാറ്റിലായിരുന്നു എന്റെ അഭയം.
മോക്ഷത്തിലേയ്ക്ക് പറന്ന്
ഭാരങ്ങള്‍ പൊഴിച്ചപ്പോള്‍
ഇലഞരമ്പുകളുടെ രേഖാചിത്രം ബാക്കി.
പറന്നും തളര്‍ന്നും
ഒടുവിലീ ജാലകത്തിലെ
കിളിക്കൂടിന്റെ അടിച്ചുമരില്‍
താങ്ങായിരിക്കവേ,
വഴി മറക്കാത്ത കാറ്റ്
ചിലമ്പിട്ടു തുള്ളി
വിളിച്ചുണര്‍ത്തുന്നു.
വരികയെന്നൊരു
സ്വകാര്യമോതുന്നു.
കാശിയ്ക്കു യാത്ര പുറപ്പെട്ട
കരിയിലയാണു ഞാന്‍ ,
മഴവെള്ളത്തോടൊപ്പം
ഗംഗയുടെ മേല്‍ വിലാസം തേടി
മണ്ണാങ്കട്ട അലിഞ്ഞൊഴുകിയപ്പോള്‍
കാറ്റിലായിരുന്നു എന്റെ അഭയം.
മോക്ഷത്തിലേയ്ക്ക് പറന്ന്
ഭാരങ്ങള്‍ പൊഴിച്ചപ്പോള്‍
ഇലഞരമ്പുകളുടെ രേഖാചിത്രം ബാക്കി.
പറന്നും തളര്‍ന്നും
ഒടുവിലീ ജാലകത്തിലെ
കിളിക്കൂടിന്റെ അടിച്ചുമരില്‍
താങ്ങായിരിക്കവേ,
വഴി മറക്കാത്ത കാറ്റ്
ചിലമ്പിട്ടു തുള്ളി
വിളിച്ചുണര്‍ത്തുന്നു.
വരികയെന്നൊരു
സ്വകാര്യമോതുന്നു.
Monday, January 3, 2011
പകര്‍ന്നാട്ടം
കുളിച്ചുവന്നു
കണ്ണാടിയില്‍ നോക്കുമ്പോള്‍
കാണുന്നതെന്നെത്തന്നെ .
വട്ട മുഖം, വലിയ നെറ്റി,
ഉരുളന്‍ കണ്ണുകള്‍.....
എങ്കിലും,
കണ്ണാടി കാണ്മോളം
എത്രയെത്ര വേഷപ്പകര്‍ച്ചകള്‍.
കവിത മൂളിക്കൊണ്ടീറന്‍
മുടി കോതുമ്പോള്‍
കണ്ണുകളില്‍ സ്വപ്നമുറങ്ങുന്ന ജലജ,
നീളന്‍ മുടി സ്വയമറിയാതെ ചുരുണ്ടു തുടങ്ങും.
പത്രവാര്‍ത്തയിലെ അനീതിയില്‍
നൊന്തു കലഹിക്കുമ്പോള്‍
സുഹാസിനി കൂടു വിട്ടെന്നിലേയ്ക്ക്.
കൃത്യതയോടെ വാക്കുകള്‍ നാവിലെത്തും.
കുസൃതിയുടെ കൊലുസണിയുമ്പോള്‍
രേവതിയുടെ ആഡംബരമില്ലാത്ത മുഖം
ചിരിച്ചും ചിരിപ്പിച്ചും പിണങ്ങിക്കിലുങ്ങിയും.
നിന്റെ പ്രണയത്തിലലിയുമ്പോള്‍
‘അര്‍ധ നിമീലിത‘മെന്നൊക്കെ പറയാവുന്ന
മിഴികളാല്‍ ചിരിച്ചും പറഞ്ഞും ശാന്തികൃഷ്ണ,
മഴയില്‍ ചിലമ്പില്ലാതെ ആടുമ്പോള്‍
ഉള്ളു നനയുന്ന ഭാനുപ്രിയ, ഒരു ജലചിത്രം പോലെ.
എനിക്കിത്ര ഭംഗിയോ, നിന്നെയോര്‍ക്കുമ്പോള്‍ ?
ഒരു നൃത്തച്ചുവടില്‍ മോഹിതയാകുമ്പോള്‍
ഇന്നലെയുടെ ശോഭന,
ഒരു മറവിയിലും പ്രണയം മറക്കാത്തവള്‍.
മുഖപടങ്ങളൊക്കെയിങ്ങനെ
മുന്‍പിലെത്തുകയല്ലേ
എടുത്തണിയാന്‍ പാകത്തില്‍.
വെള്ളിത്തിരയിലല്ലെങ്കിലും
കാണുമ്പോള്‍
ഒരു ഭംഗി വേണ്ടേ എന്നു ന്യായം.
ഒന്നു കുടഞ്ഞഴിച്ചു വെച്ച്
“ഇതാ ഞാന്‍“ എന്നു
അടുക്കളയിലേയ്ക്കൊ,
കിടപ്പുമുറിയിലേയ്ക്കോ
കരിമഷിയെഴുതാത്ത കണ്ണും,
ഉയര്‍ത്തിക്കെട്ടിയ നീളന്‍മുടിയുമായി
കടക്കാന്‍ പാകത്തില്‍
പകര്‍ന്നാട്ടത്തിന്റെ ജീവിതക്കൂട്ട്.
ഇന്നുമിന്നലെയും തുടങ്ങിയതല്ലല്ലോ
മനസ്സിന്റെയീ ആള്‍മാറാട്ടങ്ങള്‍.

Sunday, December 26, 2010
പച്ചപ്പുള്ള കഥ - ഹരിത മോഹനം
രണ്ടാഴ്ച മുന്‍പു മാതൃഭൂമി വാരന്ത്യപ്പതിപ്പില്‍ വായിച്ച “ഹരിതം മോഹനം” എന്ന ലേഖനമാണ് ശ്രീ സുസ്മേഷ് ചന്ദ്രോത്തിന്റെ ‘ഹരിതമോഹനം‘ എന്ന കഥയെ വീണ്ടും ഓര്‍മ്മയിലേയ്ക്കു കൂട്ടികൊണ്ടുവന്നത്.
മാതൃഭൂമിയില്‍ ( വാരിക, സെപ്റ്റെംബെര്‍ 2009) തന്നെയാണ് “ ഹരിതമോഹനം” ആദ്യമായി വായിച്ചത്. ഈ എഴുത്തുകാരന്റെ ഏതൊക്കെയോ കഥകള്‍ മുന്‍പു വായിച്ചിരുന്നെങ്കിലും ഒരു മുന്‍ വിധിയുമില്ലാതെ വായന തുടങ്ങി. പക്ഷേ, ഞാന്‍ വായിക്കുകയായിരിന്നില്ല, ആശയമോ കാവ്യഭാഷയോ എന്തുകൊണ്ടാണെന്നറിയില്ല, മനസ്സു അതിലൂടെ ഒഴുകിനീങ്ങുന്ന ഒരനുഭവം പോലെയാണു തോന്നിയത്. വായിച്ചു തീരുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. മഹാനഗരത്തില്‍ മണ്ണ് അന്വേഷിച്ചു പോയ സ്വാനുഭവങ്ങള്‍ ഓര്‍ത്തോ, നാടുവിട്ട് ഒരുപാടു വര്‍ഷങ്ങള്‍ കഴിഞ്ഞും മനസ്സില്‍ ബാക്കി നില്‍ക്കുന്ന ഹരിത നൊസ്റ്റാല്‍ജിയ കൊണ്ടോ എന്നറിയില്ല, ഞാന്‍ അല്പനേരം നിശബ്ദമായി കരഞ്ഞു.
“ ഈ ഭൂമിയെ സംബന്ധിച്ച ചില ആലോചനകളിലാണ്ടു കിടക്കുകയായിരുന്നു ഞാന്‍ .” എന്നാണു കഥ തുടങ്ങുന്നത്. ഭൌമോപരിതലത്തിലെ മഹാജീവജാലങ്ങളും കാനനനിഗൂഡതയും ഒക്കെ ചേര്‍ന്ന സ്വപ്ന സദൃശ രംഗങ്ങള്‍ എന്ന അരവിന്ദന്റെ ആലോചനകള്‍ പ്രകൃതിയെ സ്നേഹിക്കുന്ന ആരെയും കഥയിലേയ്ക്കു ആകര്‍ഷിക്കും.
ഏഴാം നിലയിലെ ചെറിയ ഫ്ലാറ്റില്‍ ജീവിക്കുകയാണു അരവിന്ദാക്ഷന്റെ ഇടത്തരം കുടുംബം. കുടുംബമെന്നാല്‍ , ഭാര്യ സുമനയും മക്കള്‍ തന്മയയും പീലിയും. ആ ഇത്തിരിക്കൂട്ടിലേയ്ക്കു, ലിഫ്റ്റ് കയറിവരുന്ന തൈ മരങ്ങള്‍ അവിടെ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ , ഒപ്പം എന്നെങ്കിലും ഇത്തിരി മണ്ണ് സ്വന്തമായി വാങ്ങി അവിടെയൊരു വീടുവയ്ക്കും എന്ന സ്വപ്നം മരങ്ങള്‍ കൂടി പങ്കുവയ്ക്കുമ്പോഴുണ്ടാകുന്ന വിശാലത.. ഒക്കെയാണു കഥാകാരന്‍ പ്രകൃതിസ്നേഹത്തില്‍ ചാലിച്ച് പച്ച നിറത്തില്‍ വരച്ചിടുന്നത്.
“ ഒരു മഹാനഗരത്തില്‍ മണ്ണന്വേഷിച്ചു പോകേണ്ടിവരുമ്പോഴേ മണ്ണ് കിട്ടാനില്ലാത്തതിന്റെ സങ്കടം ബോധ്യമാവൂ” കഥയില്‍ പറയുന്നു, അതു സത്യമെന്നു ഞാനും എന്നെപ്പോലെ ഒരുപാടു പേരും അനുഭവിച്ചറിഞ്ഞതാണ്.
ഇലഞ്ഞിയും പൊന്‍ ചെമ്പകവും മന്ദാരവും നാഗലിംഗമരവും നീര്‍ മാതളവും പുന്നയും ഒക്കെ ആ വീട്ടിലേയ്ക്കു ലിഫ്റ്റ് കയറി വരുന്നത് സത്യത്തില്‍ അരവിന്ദന്റെ അതിമോഹം കൊണ്ടാണ്. ആദ്യമൊക്കെ എതിര്‍ത്തെങ്കിലും സുമനയുടെ മനസ്സില്‍ ആ പച്ചപ്പ് സ്വന്തമായൊരു വീട് എന്ന സ്വപ്നത്തിനു തണലാകുകയായിരുന്നു.
“പൂക്കള്‍ വിടരുന്ന ഒരു ചെടി തൊട്ടടുത്തു വളരുന്നത് മക്കള്‍ക്കു ഇനി മുതല്‍ കാണാം“ എന്നു സന്തോഷിക്കുന്ന അരവിന്ദന്‍ പക്ഷേ, “മണ്ണും മരവും ഒരു മനുഷ്യന്‍ ലജ്ജിച്ചും ഭയപ്പെട്ടും കൈകാര്യം ചെയ്യേണ്ടവയായി മാറിക്കഴിഞ്ഞ കെട്ടകാലമാണൊ ഇത്” എന്നു ഭയപ്പെടുകയും ചെയ്യുന്നുണ്ട്.
ലിഫ്റ്റില്‍ മണ്ണു വീണതിനെപറ്റിയുള്ള പരാതികളില്‍ തുടങ്ങുന്ന പ്രശ്നങ്ങള്‍ പിന്നീടും തുടരുകയാണ്.
പക്ഷെ വീടിന്റെ ടെറസ്സിലെ ഹരിത വനം പല പരാതികള്‍ക്കും വഴിവയ്ക്കുന്നത് അരവിന്ദന്‍ അറിയുന്നില്ല, ഒടുവില്‍ പരാതികള്‍ വാടകവീടിന്റെ വാതിലില്‍ മുട്ടി വിളിക്കുമ്പോള്‍ എല്ലാത്തിനും ഉത്തരമായി സുമന കെയര്‍ ടേക്കര്‍ രാജന്‍ പിള്ളയ്ക്കു കൊടുക്കുന്ന ഉത്തരം ‘ ഹെര്‍ബേറിയം “ എന്ന വാക്കും അതിനു പിന്നാലെ പതുക്കെത്തുറന്ന ടെറസ്സ് വാതിലിലൂടെ അകത്തേയ്ക്കു തള്ളിക്കയറിവരുന്ന ഇലച്ചാര്‍ത്തുകളും ആണ്. എന്നെങ്കിലും മണ്ണിലേയ്ക്കു മാറിത്താമസിക്കാം എന്നു കരുതി, കുഞ്ഞു മരങ്ങള്‍ അവയുടെ പേരും ശാസ്ത്രനാമവും എഴുതിയ ചെടിച്ചട്ടികളില്‍ വളരുന്ന ഹരിത മോഹനമായ കാഴ്ച.
മരങ്ങളും ചെടികളും നിറഞ്ഞ, വീടു വയ്ക്കാവുന്ന ഒരു സ്ഥലം വാങ്ങലിലേയ്ക്കു അരവിന്ദന്റെ കൊച്ചുകുടുംബത്തെ എത്തിക്കാന്‍ എത്തിക്കാന്‍ രാജന്‍ പിള്ളയ്ക്ക് ഈ കാഴ്ച ധാരാളമായിരുന്നു.
“ചെമ്പക പുഷ്പ സുവാസിത യാമം മൂളിക്കൊണ്ട് ഞാന്‍ കഴുത്തു പൊക്കി നോക്കി. ഏഴാം നിലയില്‍ നിന്നു ഇലകള്‍ താഴേയ്ക്കു നോക്കി തലയാട്ടുന്നു.” വായിച്ചു നിര്‍ത്തുമ്പോള്‍ നമ്മുടെ മനസ്സിലും ചെമ്പകപുഷ്പ സുവാസിത യാമം നിറയ്ക്കാന്‍ കഥാകാരനു കഴിയുന്നു.
പ്രിയപ്പെട്ട സുസ്മേഷ് ,ഈ പച്ചപ്പിനും പൂമരത്തണലിനും നന്ദി .
മാതൃഭൂമി ബൂക്സ് പ്രസിദ്ധീകരിച്ച “മരണവിദ്യാലയം” എന്ന കഥാ സമാഹാരത്തിലാണ് ‘ഹരിതമോഹനം‘ ഉള്ളത്.
( “ഈ പുസ്തകത്തിന്റെ പേരു ‘ഹരിതമോഹനം‘ എന്നായിരുന്നെങ്കില്‍ , നാഗലിംഗ മരത്തിന്റെ ഇലകള്‍ അതിന്റെ പുറം താളില്‍ കരിമ്പച്ച നിറം പടര്‍ത്തിയിരുന്നെങ്കില്‍ “ എന്നും ആത്മഗതം )

Sunday, December 12, 2010
ഭൂപടങ്ങള്‍.
പെണ്ണുടലില്‍ ഭൂപടങ്ങളും
ഭൂപടങ്ങളില്‍ പെണ്ണുടലുകളും
തേടി നിന്റെ എഴുത്താണി
ചരിത്രങ്ങളില്‍ ചികയുന്നു.
ചിത്രങ്ങള്‍, ശില്‍പ്പങ്ങള്‍,
ലിപികള്‍, ലിഖിതങ്ങള്‍...
അടിത്തട്ടോളം മുങ്ങി
അന്തര്‍വാഹിനികള്‍ തേടുന്നു
കണ്ടെത്താത്ത രേഖകള്‍.
കണ്ടുകിട്ടുന്നവയൊക്കെ
ഒരു വരയ്ക്കും, വരയ്ക്കപ്പുറത്തെ
വരയാ കണക്കുകള്‍ക്കും.
പച്ചപ്പിലെ നീരൊഴുക്കുകള്‍,
മിഴിക്കോണിലെ മഴച്ചാലുകള്‍,
നിയമങ്ങളുടെ തടയണകള്‍,
നേര്‍ രേഖയില്‍ നടപ്പാതകള്‍,
സ്വയരക്ഷയുടെ കണ്ടല്‍ക്കാടുകള്‍,
പ്രലോഭനത്തിന്റെ ധാതുഖനികള്‍,
ആസക്തിയുടെ മഴനിഴല്‍ പ്രദേശങ്ങള്‍,
ഉഷ്ണ, ശീത പ്രവാഹങ്ങള്‍,
ന്യൂനമര്‍ദ്ദ പ്രദേശങ്ങള്‍,
കൊടുങ്കാറ്റുകളുടെ ഈറ്റില്ലങ്ങള്‍.
എന്നിട്ടും,
വരികള്‍ക്കിടയിലെ
വായിക്കപ്പെടാത്ത ചരിത്രമായും
വരകള്‍ക്കിടയിലെ
അടയാളപ്പെടുത്താത്ത
ഭൂപ്രദേശമായും
എന്നുടല്‍ ബാക്കിയാകുമ്പോള്‍
അനുമാനങ്ങള്‍ വരച്ചും നീട്ടിയും
നീ ചമയ്ക്കുന്നൊരീ ഭൂപടത്തില്‍
ഞാനെന്തിനു കൈയ്യൊപ്പു ചാര്‍ത്തണം?
(ഡിസംബര്‍ ലക്കം തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത്. )
http://www.chintha.com/node/92825

Wednesday, December 1, 2010
ആദ്യചുംബനം
(ശ്രീ രവീന്ദ്രനാഥ ടാഗോറിന്റെ “ പ്രഥമചുംബന്“ എന്ന കവിതയുടെ മൊഴിമാറ്റം.
വരികളുടെ തീവ്രസൌന്ദര്യം നശിപ്പിച്ചതിനു ക്ഷമാപണത്തോടെ.)
ആകാശം മിഴി താഴ്ത്തി
നിശ്ശബ്ദതയിലേയ്ക്കു വളര്‍ന്നു.
കിളിപ്പാട്ടുകള്‍ നിലച്ചിരിക്കുന്നു.
തെന്നല്‍ വീണുറങ്ങി.
ഓളങ്ങള്‍ മാഞ്ഞ
ജലാശയം ഒച്ചയില്ലാതെ.
നിമിനേരം കൊണ്ട് വനഹൃദയം
മര്‍മ്മരങ്ങളൊഴിഞ്ഞ് പ്രശാന്തമായി.
വിജനമായ പുഴയോരത്തെ
ചലനമറ്റ സാന്ധ്യനിഴലുകളില്‍
ചാഞ്ഞിറങ്ങിയ ചക്രവാളം
നിശ്ശബ്ദഭൂമിയെ പുല്‍കിനിന്നു.
ആ നിശ്ചല നിമിഷത്തില്‍
ആ ഏകാന്തജാലകത്തിങ്കല്‍
നമ്മള്‍ ആദ്യമായി ചുംബിച്ചു.
പെട്ടെന്ന്,
ദേവാലയമണികളുണര്‍ന്ന്
ആകാശത്തിലേയ്ക്കു മുഴങ്ങി നിറഞ്ഞു.
അനശ്വര താരകള്‍ വിറകൊണ്ടു.
നമ്മുടെ കണ്ണുകളില്‍
കണ്ണുനീര്‍ തുളുമ്പി.

Monday, November 22, 2010
ഉപമകളില്ലാതെ.
"പ്രണയം അര്‍ബുദം പോലെ“ന്നു *
ഒരു കവി,
“നെഞ്ചു ചീഞ്ഞു, രക്തഞരമ്പുകള്‍ പുളയ്ക്കുന്നു,
പ്രണയം ഉള്ളില്‍കടന്നതാണെന്നു“*
മറ്റൊരു വിലാപം...
ഉപമയും ഉത്പ്രേക്ഷയും
വിട്ട് ഭയന്നോടിയ പ്രണയം
ആത്മഹത്യയ്ക്കു മലകയറുമ്പോള്‍
ഉള്ളില്‍ എന്റെ ആകാശം
ഇലച്ചില്ലകളില്‍നിന്നു
പൂക്കള്‍ പറത്തുന്നു,
മേഘക്കുളിരില്‍ കാറ്റു വിതച്ച്
പൂമ്പാറ്റചിറകുകളാല്‍
പ്രണയം പെയ്യിക്കുന്നു.
കാളിന്ദിയും കടമ്പുമെല്ലാം
എനിക്കു സ്വന്തമെന്നൊരു
കാല്‍പ്പനികഭംഗിയില്‍
കണ്‍ചിമ്മിനില്‍ക്കേ
ഒരു കായാമ്പൂവടര്‍ന്നുവീണപോല്‍
നെറുകയില്‍ നീ പതിയെ ചുംബിച്ചുവോ.
( ഗൌരി നന്ദന, ടി. എ. ശശി എന്നിവരുടെ കവിതകള്‍ )
*1 http://ekaanthathaaram.blogspot.com/2009/01/blog-post.html -ഗൌരി നന്ദനം
*2 http://sasiayyappan.blogspot.com/2010/07/blog-post_16.html - എരകപ്പുല്ല്.
Thursday, November 4, 2010
മഴവില്ല് ( ഒരു റീ പോസ്റ്റ് )
ഒരു പുരുഷനെ പ്രണയിച്ചിട്ടുണ്ടോ ?
അടിവയറ്റില്‍ വളരുന്ന കുരുന്നുജീവനെയെന്നപോലെ
രക്തമൊഴുക്കിക്കൊടുത്തു സ്നേഹിച്ചിട്ടുണ്ടോ?
ഓരോ വാക്കും ഓരോ ചുംബനമായി
ഏറ്റുവാങ്ങിയിട്ടുണ്ടോ?
ഒരു നെടുവീര്‍പ്പിന്റെ ശ്വാസഗതി
ആലിംഗനമായി പൊതിയുന്നത് അറിഞ്ഞിട്ടുണ്ടോ?
ഓര്‍ക്കാപ്പുറത്ത് പിന്‍കഴുത്തിലെ വിരല്‍സ്പര്‍ശത്തില്‍
മുല്ലക്കാടുകള്‍ കുളിര്‍ന്നു പൂത്തു ചിരിച്ചിട്ടുണ്ടോ?
കാറ്റിലൂടെ എത്തുന്ന അവന്റെ ശബ്ദത്തിലെ
രതിഭംഗിലഹരിയില്‍ മിഴി ചിമ്മിയിട്ടുണ്ടോ?
ഒരു വരിക്കവിതയില്‍ നിന്നു
അവന്റെ പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിച്ചിട്ടുണ്ടോ?
എങ്കില്‍ കേള്‍ക്കൂ
തിരികെ വരാത്ത മഴവില്ലുപോലെ
അവന്‍ മാഞ്ഞു പോകുമ്പോള്‍
നീയറിയും
ജീവിതം തന്നെയാണ് മരണമെന്ന്.
Monday, September 27, 2010
നുണ
ആനത്തുമ്പികള്‍ ആകാശവും
ദിനോസറുകള്‍ ഭൂമിയും
വാണിരുന്ന കാലത്ത്
ഇവിടെ നുണകളില്ലായിരുന്നു.
മുളച്ചുയര്‍ന്നത് സത്യങ്ങള്‍ മാത്രം
ഇര തേടലിന്റെ
ഇണ ചേരലിന്റെ
ഇടം നേടലിന്റെ
സത്യങ്ങള്‍.
കാലം ഒന്നൂതിക്കുതിക്കവെ,
ജൈവകോശങ്ങളില്‍
ജനിതകച്ചിന്തുകള്‍
ഗോവണിപ്പടികള്‍ കയറിയിറങ്ങവെ,
ഊഞ്ഞാല്‍ മരത്തില്‍ നിന്ന്
വാല്‍ പൊട്ടി വീണ വാനരന്‍
നിവര്‍ന്നെഴുന്നേറ്റു നരനാകവേ,
ഇരുകാല്‍ നഷ്ടപ്പെട്ട സത്യങ്ങള്‍ക്കു
നിലനില്‍പ്പില്ലാതായി.
അനന്തരം,
“ഭൂമിയില്‍ നുണകള്‍ കുരുക്കട്ടെ”
എന്നശരീരിയില്‍
മണ്ണിലും ജലത്തിലും വായുവിലും
മുളച്ചാര്‍ത്തു നുണകള്‍.
കല്ലുവെച്ചിട്ടും ആഴത്തിലാഴാതെ
പൊന്തുന്ന നുണച്ചുമടുകള്‍,
കല്ലുവയ്ക്കാത്ത കനക്കുറവില്‍
കാതോരം പറന്നെത്തും പതിരുകള്‍,
വാക്കിന്റെ വിക്കില്‍ പിറന്ന്
വരികളില്‍ വളരുന്ന പൊളിക്കൂണുകള്‍.
സത്യത്തിനൊപ്പം ചിരിച്ചും കുഴഞ്ഞും
കൊല്ലാതെകൊല്ലുന്ന നുണക്കുഴിക്കുസൃതികള്‍.
നുണയുടെ വേലിപ്പടര്‍പ്പിനുള്ളില്‍
ജന്മങ്ങളെല്ലാം സുരക്ഷിതം.
(നുണമുഴക്കങ്ങള്‍ കൊണ്ടു
കാതുകളടയുന്നതിനാലാണു
സ്നേഹം പറയാന്‍ ഞാന്‍ നിന്നെ
ശിലായുഗത്തിലേയ്ക്കു ക്ഷണിച്ചത്.)
Wednesday, September 15, 2010
നിനക്ക്.
1
നിന്നെ സംഗ്രഹിക്കുമ്പോള്‍
ആദ്യം വാക്കുകളും പിന്നെ വരികളും
മാഞ്ഞുപോകുന്നു.
ഒരു ചുരുക്കെഴുത്തിന്റെ ഭംഗിയില്‍
ആദ്യചുംബനം ബാക്കിയാകുന്നു.
2
പകുത്തെടുക്കുമ്പോള്‍
എനിക്കെനിക്കെന്നു
വാശിയില്‍ ഞാനൊളിപ്പിച്ചതു
നിന്റെ ഹൃദയമായിരുന്നു.
തിരിച്ചുതരാനാകില്ലെനിക്കത്.
3
തിരിഞ്ഞുനടക്കുമ്പോള്‍
കുടയ്ക്കുള്ളിലേയ്ക്കു ചെരിഞ്ഞ്
മഴത്തുള്ളീകള്‍ എന്റെ തോളില്‍
ചേക്കേറിയത്
തണുക്കുന്നുവെന്നു പറഞ്ഞാണ്.
“നിന്നെപ്പോലെ‘ എന്നു കുളിര്‍ന്നു
ഞാനവയെ ഉമ്മ വെച്ചു.
നിന്നെ സംഗ്രഹിക്കുമ്പോള്‍
ആദ്യം വാക്കുകളും പിന്നെ വരികളും
മാഞ്ഞുപോകുന്നു.
ഒരു ചുരുക്കെഴുത്തിന്റെ ഭംഗിയില്‍
ആദ്യചുംബനം ബാക്കിയാകുന്നു.
2
പകുത്തെടുക്കുമ്പോള്‍
എനിക്കെനിക്കെന്നു
വാശിയില്‍ ഞാനൊളിപ്പിച്ചതു
നിന്റെ ഹൃദയമായിരുന്നു.
തിരിച്ചുതരാനാകില്ലെനിക്കത്.
3
തിരിഞ്ഞുനടക്കുമ്പോള്‍
കുടയ്ക്കുള്ളിലേയ്ക്കു ചെരിഞ്ഞ്
മഴത്തുള്ളീകള്‍ എന്റെ തോളില്‍
ചേക്കേറിയത്
തണുക്കുന്നുവെന്നു പറഞ്ഞാണ്.
“നിന്നെപ്പോലെ‘ എന്നു കുളിര്‍ന്നു
ഞാനവയെ ഉമ്മ വെച്ചു.
Wednesday, August 25, 2010
പിറവി
“കാറ്റുണ്ട്....“
ഒച്ചയില്ലാതെ ഇലയനങ്ങി,
“കരുതലുണ്ട്...“
ഒന്നുചിമ്മി തണ്ടുണര്‍ന്നു.
അറിയുന്നുവെന്ന്
മണ്ണുറപ്പില്‍ പിടിച്ചമര്‍ന്നൂ വേര്..
വേരിറുക്കത്തില്‍ മനമര്‍പ്പിച്ച്
തണ്ടു നിവര്‍ന്നു.
ഇലമടക്കില്‍ ധ്യാനത്തിന്റെ
അതിദീര്‍ഘ ശ്വാസം..
ഒന്നു തുടിച്ച്,
വിരല്‍ പച്ചകളില്‍
ഇളം മേനി താങ്ങി
മിഴി തുറന്നു പൂ മൊട്ട്..
ഇറ്റു സുഗന്ധം ചാലിച്ച്
പിറവിയുടെ വര്‍ത്തമാനം പേറി
കാറ്റ് ഉള്‍ക്കുളിരോടെ ....
(ആഗസ്ത് ലക്കം തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത്.
http://www.chintha.com/node/82126)

Subscribe to:
Posts (Atom)