കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Thursday, July 22, 2010

തനിച്ച്.

തനിച്ചാണ്,
നഗരമദ്ധ്യത്തിലെ
തിരക്കിന്റെ തിരകളെടുത്തു പോയ
പഴയ തുരുത്തില്‍ തന്നെ...

പിന്നിലളന്ന ദൂരങ്ങളത്രയും
മറവിയില്‍ കളഞ്ഞുപോയി.
നഗരത്തിന്റെ വരമ്പുകള്‍ക്കപ്പുറം പുഴ നീന്തി,
മല ചുറ്റി, പിടഞ്ഞു പോകും വഴി,
ഓരത്തെവിടെയൊ
കാട്ടുചെമ്പകം പൂത്തുനിന്നതു
പൂമണം മാത്രമായോര്‍മ്മയില്‍.
കണ്ണുകളിറുക്കിയടച്ചിട്ടും
മറയിട്ടു മറയുന്ന വഴിക്കാഴ്ചകള്‍
എത്തിപ്പിടിക്കുവാനാഞ്ഞു ചായുമ്പോള്‍
വിരല്‍ തുമ്പില്‍ കാറ്റുമ്മവെയ്ക്കുന്നു..

ഇവിടെയൊ,
പതറിപ്പോയ സൂര്യന്‍
കുടഞ്ഞെറിഞ്ഞ വെളിച്ചം
രാവും പകലും നിറഞ്ഞ്പതഞ്ഞ്
കണ്ണുകളില്‍ തിമിരമാകുന്നു.
കാഴ്ചയ്ക്കൊരു കാക്കചിറകിന്റെ
ഇരുള്‍പോലുംഅവശേഷിക്കുന്നില്ല.

എങ്കിലും
ഇലയനക്കം പോലെ
നിഴല്‍പ്പെരുക്കം പോലെ
ജാലകവാതിലിലാരോ....?

Wednesday, July 7, 2010

അവസരവാദം അഥവാ നാട്ടുനടപ്പ്.

.
‘പ്രണയ‘മെന്നു കേള്‍ക്കുമ്പോള്‍
മറുചോദ്യമുടനെ...
ആരോടാണു നിന്റെ പ്രണയം?
“ ഭര്‍ത്താവിനോട്
“ഹൊ ഒരു പതിവ്രത ചമയല്‍ “
എന്നുടനെ പരിഹാസോക്തി.
"പോയ മഞ്ഞുകാലത്തിലെന്‍
കവിതയ്ക്കൊരു നക്ഷത്ര മൂക്കുത്തി
ചാര്‍ത്തി തന്ന സ്നേഹിതനോട്"
“അസന്മാര്‍ഗ്ഗം, അവിഹിതം..“
ആക്ഷേപങ്ങള്‍ ഉച്ചത്തിലുയരും
“വിസ്മയം വിടര്‍ത്തുന്നൊരീ പ്രപഞ്ചത്തോട്”
ജാടയെന്നു കൊള്ളിവാക്കില്‍ മുഖം തിരിക്കും
“എന്നെത്തന്നെ പ്രണയിക്കുന്നു“വെന്ന്
ഉത്തരം കേട്ടാല്‍ അറപ്പോടെ ഒരു നോട്ടം.

“ഞാന്‍ പ്രണയിക്കുന്നതു നിന്നെയാണു
കണ്ണടച്ചാല്‍ കിനാവു കാണുന്നതും
കണ്‍ തുറന്നാല്‍ കാതോരമറിയുന്നതും
നിന്നെയാണു, നിന്നെ മാത്രം.“
എന്നു പറഞ്ഞാലോ?

ഒട്ടു ചിരിച്ചു നീ ജ്ഞാനിയാകുന്നു.
“ഇതു നിയോഗം,
ഞാനരികിലുള്ളപ്പോള്‍
നിന്‍ ഹൃദയം തുളുമ്പുന്നതും
കാറ്റിലിലുലയും പൂവിതള്‍പോലെ
നീ വിറയാര്‍ന്നു നില്‍പ്പതും
നിന്‍ വ്രതശുദ്ധി.
നിത്യ കന്യേ ,
അണിയുകീ പ്രണയപ്രസാദം,
സഫലമായി നിന്‍ സ്ത്രീ ജന്മം.“

അഹന്തയുടെ തലപ്പാവില്‍
‍ഒരു തൂവല്‍ കൂടി ചേര്‍ക്കപ്പെടുന്നു...
പ്രണയം ഒച്ചയുണ്ടാക്കാതെ
ഒളിച്ചുനില്‍ക്കുന്നു.