കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Saturday, February 27, 2010

ഭ്രമണം

ഒരു മോഹക്കുതിപ്പില്‍ തെറിച്ചു
ഭ്രമണപഥത്തില്‍ വീണപ്പോള്‍
നിലനില്‍പ്പിനായി വട്ടം കറങ്ങേണ്ടിവന്നു.
അകക്കാഴ്ചകള്‍ ‍ സുന്ദരം
മുഖപടം വര്‍ണപൂരിതം,
സൂര്യ തേജസ്സു,
അഗ്നിപ്രഭ,
വിശേഷണങ്ങള്‍ക്കു ക്ഷാമം...

ഒരു മിഴിപ്പാടു പിന്നോട്ടു മാറി
ഗുരുത്വാകര്‍ഷണം ഭേദിച്ചപ്പോള്‍
കാഴ്ചക്കുറ്റങ്ങള്‍..
കറുപ്പില്‍ കരിമ്പുള്ളികളുള്ള മുഖം,
നിഴല്‍ക്കുത്തില്‍ എന്നിലേയ്ക്ക്
താഴുന്ന കത്തി,
അലങ്കാരങ്ങള്‍ വേണ്ടാത്ത ഭയം.
ഇല്ല,
കറങ്ങിയാലും നിലനില്‍പ്പില്ല.

Friday, February 26, 2010

കൈവഴി

(എന്റെ പ്രിയപ്പെട്ട കൂട്ടുകാരി സരള പൊറ്റെക്കാടിനു)

ഇന്നലെ ഞാനൊരു കലങ്ങിയ
പുഴയായിരുന്നു.
തിടുക്കത്തിലൊരാള്‍ മറികടന്നപ്പോള്‍
‍അടിത്തട്ടോളം ചവിട്ടിയിളക്കി
കണ്ണീരും ചോരയും കലര്‍ന്നു കലങ്ങി
ഒഴുകിയിട്ടും ഒഴുകിയിട്ടും തീരാതെ ഞാന്‍ ....

നീയോ,
ചേര്‍ന്നു ചെരിഞ്ഞു നിന്ന്
ഒരു കൈവഴി തീര്‍ത്തു.
കലക്കവെള്ളമത്രയും ഊക്കോടെ
നിന്നിലേയ്ക്ക്....
അതു കൊണ്ടു
ഞാനിപ്പോള്‍ വീണ്ടും
തെളിഞ്ഞ്, തെളിഞ്ഞ്, തെളിഞ്ഞ് ........

കൂട്ടുകാരീ, സ്നേഹം..........

Sunday, February 21, 2010

അടയാളങ്ങള്‍

(ഹേനാ രാഹുലിന്റെ ബ്ലോഗിലെ “പല ജന്മം” എന്ന കവിത വായിച്ചതില്‍ നിന്നു)

അതെ,
എല്ലാ അടയാളങ്ങളും കൃത്യമാണു ,
വലത്തേ തോളില്‍ താഴേയ്ക്കു
നീളത്തില്‍ നീലിച്ച മറുക്,
ഇടനെഞ്ചില്‍ ഭാഗ്യക്കല,
അതിമധുരമുള്ള ചുണ്ടുകള്‍ ,
ചുടുനീരുറവയുടെ ആലിംഗനങ്ങള്‍
വാക്കുകളില്‍ തിരിവെളിച്ചങ്ങള്‍
കണ്ണൂകളില്‍ വിസ്മയങ്ങളുടെ പകര്‍ന്നാട്ടങ്ങള്‍
കല്ലും മണ്ണും കടലുപ്പും
കവിമനസ്സിന്റെ തീയും കുളിരും
എല്ലാം, ....
ഇന്നലെയോളം അറിഞ്ഞും നുണഞ്ഞും...
പക്ഷെ...
ഇന്നുറക്കമുണര്‍ന്നപ്പോള്‍
പാതികിടക്ക ശൂന്യമായിരുന്നു.
വാതിലോളം പതിഞ്ഞ കാല്‍പ്പാടുകളെണ്ണി
സംഖ്യാജ്യോതിഷം ഗണിച്ചപ്പോള്‍
മടക്കമില്ലായാത്രയില്‍ അക്കങ്ങള്‍.

മുഴക്കോലുകളെ അവന്‍ കബളിപ്പിച്ചിരുന്നു,
ചിലപ്പോള്‍ മലപോലെ വലുതായും
ചിലപ്പോള്‍ എലി പോലെ ചെറുതായും
എങ്കിലും ഇതാ എന്റെ ശരീരത്തില്‍ അവിടവിടെ
അവന്റെ പാടുകള്‍, അടയാളങ്ങള്‍,
എല്ലാം ചേര്‍ത്തു ജ്യാമിതിയും ബീജഗണിതവും
കുടഞ്ഞ് ഞാന്‍ വരച്ചെടുക്കാന്‍ പണിപ്പെടുമ്പൊള്‍
വാതിലിനപ്പുറം പുതുജന്മത്തിന്റെ
വാ കീറിയ കരച്ചില്‍
(പറക്കാന്‍ ഒരു കൂട്ടു തേടിയ കാറ്റതിനെ മാറോടു ചേര്‍ത്തിരിക്കും)

ഭയം

ഒന്നാം നാള്‍,
വിലക്കപ്പെട്ട ജാലകത്തിനപ്പുറം
നിന്റെ നിഴല്‍.
ഭയന്നു വിറപൂണ്ട ഞാനൊളിച്ചതു
മുത്തശ്ശിയുടെ രക്ഷാമന്ത്രത്തുമ്പില്‍.

രണ്ടാം നാള്‍,
പാതിതുറന്ന ജാലകത്തിലൂടെ
നിന്റെ നിശ്വാസം ഇളംചൂടുകാറ്റായി
പിന്‍ കഴുത്തില്‍തൊട്ടപ്പോള്‍,
അരുതെന്നടക്കം പറഞ്ഞതു മനസ്സറിയാതെ.

മൂന്നാം നാള്‍
ചാരിയ വാതില്‍ മെല്ലെത്തുറന്നതു കാറ്റൊ,
പൂച്ചക്കാല്‍ ചവിട്ടിവന്ന നീയോ?,
അടയ്ക്കാന്‍ മറന്ന വാതിലിന്‍ പിന്നില്‍
രക്ഷാമന്ത്രങ്ങള്‍ മറന്ന ചുണ്ടില്‍ പെയ്തിറങ്ങിയ
ചുംബനങ്ങളുടെ പെരുമഴയില്‍
അഴിഞ്ഞു വീണതു എന്റെ മന്ത്രച്ചരടും മുലക്കച്ചയും.

പിന്നെ
പടിയിറങ്ങി, പുഴകടന്നു, മല കയറി
ആകാശക്കോണിലേയ്ക്കു പറന്നപ്പോള്‍
നിനക്കും എനിക്കും തൂവലിന്റെ ഭാരം.
തിരിച്ചെത്തിയപ്പോള്‍ കാറ്റു ചോദിച്ചു
ആരു, ആര്‍ക്കു സ്വന്തം?
ഞാനറിയാത്ത ഭാഷയില്‍ ഉത്തരം പറഞ്ഞു
നീ ഞ്ജാനിയുടെ വിളക്കു തെളിച്ചു.

ഇപ്പോള്‍,
നിന്റെ തുടറ്ച്ചയായ വേലിയേറ്റങളില്‍
എന്റെ കളിവള്ളങ്ങള്‍ മറിയുന്നു,
ഞാന്‍ വള്ളവും തുഴയും നഷ്ടപ്പെട്ടു
നിന്നോടൊത്തൊഴുകുന്നു,
അതുകൊണ്ടു നിന്റെ വേലിയിറക്കങ്ങളെ
ഞാന്‍ ഭയത്തൊടെ നോക്കിക്കാണുന്നു.
പേടി സ്വപ്നങ്ങള്‍ എന്റെ രാത്രികളെ
പ്രണയരഹിതമാക്കുന്നു.
ഒഴുക്കും കാറ്റുമില്ലാത്ത ഒരു നിശ്ശബ്ദ രാത്രിയില്‍
ഒടുവില്‍, ഞാനറിയാത്ത ഏതു തീരത്താണു
നീ എന്നെ ഉപേക്ഷിക്കുക?
http://www.chintha.com/node/63003

Friday, February 19, 2010

പ്രണയം

പ്രണയം പുര നിറഞ്ഞു
പുറത്തേയ്ക്കു വളര്‍ന്നപ്പോള്‍
മുറ്റത്തൊരു പന്തലിട്ടു
താളമേളങ്ങളൊടെ താലി ചാര്‍ത്തി തളച്ചു
ആശ്വാസം, പിന്നെയതു വളര്‍ന്നില്ല.

“നീ ഒരുപാടു ഉടുപ്പുകളില്‍ നിന്നെ പൊതിഞ്ഞിരിക്കുന്നു,
എനിക്കു നിന്നിലേയ്ക്കു കടക്കാനാകുന്നില്ല”
പ്രണയം പരാതിപ്പെട്ടു.
എല്ലാം അഴിച്ചു നഗ്നയാക്കികൊടുത്തപ്പോള്‍
പറയുന്നു,“ ഉടയാടകള്‍ മുറുകി നീ
ഒരു ശിലയായിരിക്കുന്നു
ഇനി കാക്കുക, രാമന്‍ വരട്ടെ.”

കിടപ്പുമുറിയുടെ വാസ്തു
ശരിയല്ലാത്തതിനാല്‍
പ്രണയം വാതില്‍ തുറന്നോടിപ്പൊയി
കാറ്റതിനെ കടല്‍ തീരത്തേയ്ക്കു
കൂട്ടിക്കൊണ്ടുപോയി, മുക്കിക്കൊല്ലാന്‍

നിന്റെ ചിത്രം എഴുതിയും മായ്ച്ചും
വരച്ചു തളര്‍ന്നപ്പോള്‍
ഞാന്‍ എന്നെ വരച്ചു നോക്കി
കണ്ണാടിയില്‍ കണ്ട രൂപം
കടലാസ്സിലെത്തിയപ്പോള്‍
കാല്‍ചിലമ്പ്, പള്ളിവാള്‍, പിന്നെ
ചെമ്പട്ടിന്റെ ഉടയാടയും

കിഴക്കുനിന്നു പുറപ്പെട്ട്, ഒന്നിച്ചു
ദിക്കുകളെല്ലാം താണ്ടിയാണു നമ്മള്‍
പ്രണയവ്രുത്തം പൂര്‍ത്തിയാക്കിയത്
എന്നിട്ടും തിരിച്ചെത്തിയപ്പോള്‍
എന്റെ തെക്കു നിനക്കു വടക്കും
നിന്റെ കിഴക്കു എനിക്കു പടിഞ്ഞാറുമായി

വഴിമുട്ടിയപ്പോള്‍ പ്രണയം പറഞ്ഞു
നമുക്കു പിരിയാം
അതെ, പിരിയാം, പക്ഷെ
പിരിയാന്‍ ഇനി ഇഴകളെവിടെ?
http://www.chintha.com/node/58157

തിരിച്ചറിവ്

വലതുകാല്‍ വച്ചു പടി കയറിയപ്പൊള്‍
എന്റെ മനസ്സിനു ചിറകുകള്‍ ഉണ്ടായിരുന്നു.
ഉയര്‍ന്നും ചെരിഞ്ഞും താഴ്ന്നും പറന്ന്
മോഹിപ്പിക്കുന്ന ഇടങ്ങളിലൊക്കെയുമെത്തിച്ചിരുന്ന
വര്‍ണ്ണചിറകുകള്‍
മലമുകളിലെ ഏകാന്തതകള്‍,
കടലൊരത്തെ പ്രണയസായന്തനങ്ങള്‍
മഴയില്‍ ചാഞ്ഞ വയല്പച്ചകള്‍
എല്ലാ ദൂരങ്ങളും എന്റെ ചിറകുകള്‍ക്കു
പരിചിതമായിരുന്നു

പിന്നെ, പതുക്കെ പതുക്കെ
ചിറകുകള്‍ തൂവല്‍ കൊഴിഞ്ഞുണങ്ങി
തിരിച്ചറിവിന്റെ കുത്തൊഴുക്കില്‍
എന്റെ പകലിനു മേല്‍ക്കൂര നഷ്ടമായി
രാത്രിക്കു പുതപ്പും

അറിവിന്റെ കനല്‍ചൂടില്‍
അക്ഷരങ്ങള്‍ വെന്തുനീറി
ചുട്ടുപൊള്ളിവിടര്‍ന്നവ
ഇന്നിന്റെ പ്രായശ്ചിത്തം
കരിഞ്ഞു ചുളുങ്ങിയവ
ഇന്നലെയുടെ ബലിക്കു
ഉണങ്ങാന്‍ കൂട്ടാക്കാതെ
കണ്ണീരില്‍ കുതിറ്ന്നവ
കൂടണയാത്ത കിളികള്‍ക്കു.
ഓരോന്നും ഓരോ പാകം
നാളെയ്ക്കു വീണുമുളയ്ക്കാന്‍
ഒന്നും അവശേഷിക്കുന്നില്ല

മനസ്സിന്റെ നെരിപ്പോടില്‍
ഒന്നും ഒന്നും അവശേഷിക്കുന്നില്ല
ഇന്നലെയുടെ ദലങ്ങളില്‍
പ്രണയം പെയ്ത ഒരു നീര്‍ത്തുള്ളിയോ
ഒരു ചുംബനമൊ പോലും.
ഇപ്പോള്‍ എനിക്കറിയാം
എങ്ങനെയാണു മനസ്സില്‍
മരുഭൂമികളുണ്ടാകുന്നതെന്നു.