കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Monday, September 27, 2010

നുണ

ആനത്തുമ്പികള്‍ ആകാശവും
ദിനോസറുകള്‍ ഭൂമിയും
വാണിരുന്ന കാലത്ത്
ഇവിടെ നുണകളില്ലായിരുന്നു.
മുളച്ചുയര്‍ന്നത് സത്യങ്ങള്‍ മാത്രം
ഇര തേടലിന്റെ
ഇണ ചേരലിന്റെ
ഇടം നേടലിന്റെ
സത്യങ്ങള്‍.

കാലം ഒന്നൂതിക്കുതിക്കവെ,
ജൈവകോശങ്ങളില്‍
ജനിതകച്ചിന്തുകള്‍
ഗോവണിപ്പടികള്‍ കയറിയിറങ്ങവെ,
ഊഞ്ഞാല്‍ മരത്തില്‍ നിന്ന്
വാല്‍ പൊട്ടി വീണ വാനരന്‍
നിവര്‍ന്നെഴുന്നേറ്റു നരനാകവേ,
ഇരുകാല്‍ നഷ്ടപ്പെട്ട സത്യങ്ങള്‍ക്കു
നിലനില്‍പ്പില്ലാതായി.

അനന്തരം,
“ഭൂമിയില്‍ നുണകള്‍ കുരുക്കട്ടെ”
എന്നശരീരിയില്‍
മണ്ണിലും ജലത്തിലും വായുവിലും
മുളച്ചാര്‍ത്തു നുണകള്‍.

കല്ലുവെച്ചിട്ടും ആഴത്തിലാഴാതെ
പൊന്തുന്ന നുണച്ചുമടുകള്‍,
കല്ലുവയ്ക്കാത്ത കനക്കുറവില്‍
കാതോരം പറന്നെത്തും പതിരുകള്‍,
വാക്കിന്റെ വിക്കില്‍ പിറന്ന്
വരികളില്‍ വളരുന്ന പൊളിക്കൂണുകള്‍.
സത്യത്തിനൊപ്പം ചിരിച്ചും കുഴഞ്ഞും
കൊല്ലാതെകൊല്ലുന്ന നുണക്കുഴിക്കുസൃതികള്‍.
നുണയുടെ വേലിപ്പടര്‍പ്പിനുള്ളില്‍
ജന്മങ്ങളെല്ലാം സുരക്ഷിതം.

(നുണമുഴക്കങ്ങള്‍ കൊണ്ടു
കാതുകളടയുന്നതിനാലാണു
സ്നേഹം പറയാന്‍ ഞാന്‍ നിന്നെ
ശിലായുഗത്തിലേയ്ക്കു ക്ഷണിച്ചത്.)

Wednesday, September 15, 2010

നിനക്ക്.

1
നിന്നെ സംഗ്രഹിക്കുമ്പോള്‍
ആദ്യം വാക്കുകളും പിന്നെ വരികളും
മാഞ്ഞുപോകുന്നു.
ഒരു ചുരുക്കെഴുത്തിന്റെ ഭംഗിയില്‍
ആദ്യചുംബനം ബാക്കിയാകുന്നു.

2
പകുത്തെടുക്കുമ്പോള്‍
എനിക്കെനിക്കെന്നു
വാശിയില്‍ ഞാനൊളിപ്പിച്ചതു
നിന്റെ ഹൃദയമായിരുന്നു.
തിരിച്ചുതരാനാകില്ലെനിക്കത്.

3
തിരിഞ്ഞുനടക്കുമ്പോള്‍
കുടയ്ക്കുള്ളിലേയ്ക്കു ചെരിഞ്ഞ്
മഴത്തുള്ളീകള്‍ എന്റെ തോളില്‍
ചേക്കേറിയത്
തണുക്കുന്നുവെന്നു പറഞ്ഞാണ്.
“നിന്നെപ്പോലെ‘ എന്നു കുളിര്‍ന്നു
ഞാനവയെ ഉമ്മ വെച്ചു.