കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Monday, November 22, 2010

ഉപമകളില്ലാതെ.


"പ്രണയം അര്‍ബുദം പോലെ“ന്നു *
ഒരു കവി,
“നെഞ്ചു ചീഞ്ഞു, രക്തഞരമ്പുകള്‍ പുളയ്ക്കുന്നു,
പ്രണയം ഉള്ളില്‍കടന്നതാണെന്നു“*
മറ്റൊരു വിലാപം...

ഉപമയും ഉത്പ്രേക്ഷയും
വിട്ട് ഭയന്നോടിയ പ്രണയം
ആത്മഹത്യയ്ക്കു മലകയറുമ്പോള്‍
ഉള്ളില്‍ എന്റെ ആകാശം
ഇലച്ചില്ലകളില്‍നിന്നു
പൂക്കള്‍ പറത്തുന്നു,
മേഘക്കുളിരില്‍ കാറ്റു വിതച്ച്
പൂമ്പാറ്റചിറകുകളാല്‍
പ്രണയം പെയ്യിക്കുന്നു.

കാളിന്ദിയും കടമ്പുമെല്ലാം
എനിക്കു സ്വന്തമെന്നൊരു
കാല്‍പ്പനികഭംഗിയില്‍
കണ്‍ചിമ്മിനില്‍ക്കേ
ഒരു കായാമ്പൂവടര്‍ന്നുവീണപോല്‍
നെറുകയില്‍ നീ പതിയെ ചുംബിച്ചുവോ.

( ഗൌരി നന്ദന, ടി. എ. ശശി എന്നിവരുടെ കവിതകള്‍ )
*1 http://ekaanthathaaram.blogspot.com/2009/01/blog-post.html -ഗൌരി നന്ദനം
*2 http://sasiayyappan.blogspot.com/2010/07/blog-post_16.html - എരകപ്പുല്ല്.

Thursday, November 4, 2010

മഴവില്ല് ( ഒരു റീ പോസ്റ്റ് )

ഒരു പുരുഷനെ പ്രണയിച്ചിട്ടുണ്ടോ ?
അടിവയറ്റില്‍ വളരുന്ന കുരുന്നുജീവനെയെന്നപോലെ
രക്തമൊഴുക്കിക്കൊടുത്തു സ്നേഹിച്ചിട്ടുണ്ടോ?
ഓരോ വാക്കും ഓരോ ചുംബനമായി
ഏറ്റുവാങ്ങിയിട്ടുണ്ടോ?
ഒരു നെടുവീര്‍പ്പിന്റെ ശ്വാസഗതി
ആലിംഗനമായി പൊതിയുന്നത് അറിഞ്ഞിട്ടുണ്ടോ?
ഓര്‍ക്കാപ്പുറത്ത് പിന്‍കഴുത്തിലെ വിരല്‍സ്പര്‍ശത്തില്‍
മുല്ലക്കാടുകള്‍ കുളിര്‍ന്നു പൂത്തു ചിരിച്ചിട്ടുണ്ടോ?
കാറ്റിലൂടെ എത്തുന്ന അവന്റെ ശബ്ദത്തിലെ ‍
രതിഭംഗിലഹരിയില്‍ മിഴി ചിമ്മിയിട്ടുണ്ടോ?
ഒരു വരിക്കവിതയില്‍ നിന്നു
അവന്റെ പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിച്ചിട്ടുണ്ടോ?
എങ്കില്‍ കേള്‍ക്കൂ
തിരികെ വരാത്ത മഴവില്ലുപോലെ
അവന്‍ മാഞ്ഞു പോകുമ്പോള്‍
നീയറിയും
ജീവിതം തന്നെയാണ് മരണമെന്ന്.