കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Sunday, December 26, 2010

പച്ചപ്പുള്ള കഥ - ഹരിത മോഹനം

രണ്ടാഴ്ച മുന്‍പു മാതൃഭൂമി വാരന്ത്യപ്പതിപ്പില്‍ വായിച്ച “ഹരിതം മോഹനം” എന്ന ലേഖനമാണ് ശ്രീ സുസ്മേഷ് ചന്ദ്രോത്തിന്റെ ‘ഹരിതമോഹനം‘ എന്ന കഥയെ വീണ്ടും ഓര്‍മ്മയിലേയ്ക്കു കൂട്ടികൊണ്ടുവന്നത്.

മാതൃഭൂമിയില്‍ ( വാരിക, സെപ്റ്റെംബെര്‍ 2009) തന്നെയാണ് “ ഹരിതമോഹനം” ആദ്യമായി വായിച്ചത്. ഈ എഴുത്തുകാരന്റെ ഏതൊക്കെയോ കഥകള്‍ മുന്‍പു വായിച്ചിരുന്നെങ്കിലും ഒരു മുന്‍ വിധിയുമില്ലാതെ വായന തുടങ്ങി. പക്ഷേ, ഞാന്‍ വായിക്കുകയായിരിന്നില്ല, ആശയമോ കാവ്യഭാഷയോ എന്തുകൊണ്ടാണെന്നറിയില്ല, മനസ്സു അതിലൂടെ ഒഴുകിനീങ്ങുന്ന ഒരനുഭവം പോലെയാണു തോന്നിയത്. വായിച്ചു തീരുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. മഹാനഗരത്തില്‍ മണ്ണ് അന്വേഷിച്ചു പോയ സ്വാനുഭവങ്ങള്‍ ഓര്‍ത്തോ, നാടുവിട്ട് ഒരുപാടു വര്‍ഷങ്ങള്‍ കഴിഞ്ഞും മനസ്സില്‍ ബാക്കി നില്‍ക്കുന്ന ഹരിത നൊസ്റ്റാല്‍ജിയ കൊണ്ടോ എന്നറിയില്ല, ഞാന്‍ അല്പനേരം നിശബ്ദമായി കരഞ്ഞു.

“ ഈ ഭൂമിയെ സംബന്ധിച്ച ചില ആലോചനകളിലാണ്ടു കിടക്കുകയായിരുന്നു ഞാന്‍ .” എന്നാണു കഥ തുടങ്ങുന്നത്. ഭൌമോപരിതലത്തിലെ മഹാജീവജാലങ്ങളും കാനനനിഗൂഡതയും ഒക്കെ ചേര്‍ന്ന സ്വപ്ന സദൃശ രംഗങ്ങള്‍ എന്ന അരവിന്ദന്റെ ആലോചനകള്‍ പ്രകൃതിയെ സ്നേഹിക്കുന്ന ആരെയും കഥയിലേയ്ക്കു ആകര്‍ഷിക്കും.
ഏഴാം നിലയിലെ ചെറിയ ഫ്ലാറ്റില്‍ ജീവിക്കുകയാണു അരവിന്ദാക്ഷന്റെ ഇടത്തരം കുടുംബം. കുടുംബമെന്നാല്‍ ‍, ഭാര്യ സുമനയും മക്കള്‍ തന്മയയും പീലിയും. ആ ഇത്തിരിക്കൂട്ടിലേയ്ക്കു, ലിഫ്റ്റ് കയറിവരുന്ന തൈ മരങ്ങള്‍ അവിടെ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ , ഒപ്പം എന്നെങ്കിലും ഇത്തിരി മണ്ണ് സ്വന്തമായി വാങ്ങി അവിടെയൊരു വീടുവയ്ക്കും എന്ന സ്വപ്നം മരങ്ങള്‍ കൂടി പങ്കുവയ്ക്കുമ്പോഴുണ്ടാകുന്ന വിശാലത.. ഒക്കെയാണു കഥാകാരന്‍ പ്രകൃതിസ്നേഹത്തില്‍ ചാലിച്ച് പച്ച നിറത്തില്‍ വരച്ചിടുന്നത്.

“ ഒരു മഹാനഗരത്തില്‍ മണ്ണന്വേഷിച്ചു പോകേണ്ടിവരുമ്പോഴേ മണ്ണ് കിട്ടാനില്ലാത്തതിന്റെ സങ്കടം ബോധ്യമാവൂ” കഥയില്‍ പറയുന്നു, അതു സത്യമെന്നു ഞാനും എന്നെപ്പോലെ ഒരുപാടു പേരും അനുഭവിച്ചറിഞ്ഞതാണ്.
ഇലഞ്ഞിയും പൊന്‍ ചെമ്പകവും മന്ദാരവും നാഗലിംഗമരവും നീര്‍ മാതളവും പുന്നയും ഒക്കെ ആ വീട്ടിലേയ്ക്കു ലിഫ്റ്റ് കയറി വരുന്നത് സത്യത്തില്‍ അരവിന്ദന്റെ അതിമോഹം കൊണ്ടാണ്. ആദ്യമൊക്കെ എതിര്‍ത്തെങ്കിലും സുമനയുടെ മനസ്സില്‍ ആ പച്ചപ്പ് സ്വന്തമായൊരു വീട് എന്ന സ്വപ്നത്തിനു തണലാകുകയായിരുന്നു.

“പൂക്കള്‍ വിടരുന്ന ഒരു ചെടി തൊട്ടടുത്തു വളരുന്നത് മക്കള്‍ക്കു ഇനി മുതല്‍ കാണാം“ എന്നു സന്തോഷിക്കുന്ന അരവിന്ദന്‍ പക്ഷേ, “മണ്ണും മരവും ഒരു മനുഷ്യന്‍ ലജ്ജിച്ചും ഭയപ്പെട്ടും കൈകാര്യം ചെയ്യേണ്ടവയായി മാറിക്കഴിഞ്ഞ കെട്ടകാലമാണൊ ഇത്” എന്നു ഭയപ്പെടുകയും ചെയ്യുന്നുണ്ട്.

ലിഫ്റ്റില്‍ മണ്ണു വീണതിനെപറ്റിയുള്ള പരാതികളില്‍ തുടങ്ങുന്ന പ്രശ്നങ്ങള്‍ പിന്നീടും തുടരുകയാണ്.
പക്ഷെ വീടിന്റെ ടെറസ്സിലെ ഹരിത വനം പല പരാതികള്‍ക്കും വഴിവയ്ക്കുന്നത് അരവിന്ദന്‍ അറിയുന്നില്ല, ഒടുവില്‍ പരാതികള്‍ വാടകവീടിന്റെ വാതിലില്‍ മുട്ടി വിളിക്കുമ്പോള്‍ എല്ലാത്തിനും ഉത്തരമായി സുമന കെയര്‍ ടേക്കര്‍ രാജന്‍ പിള്ളയ്ക്കു കൊടുക്കുന്ന ഉത്തരം ‘ ഹെര്‍ബേറിയം “ എന്ന വാക്കും അതിനു പിന്നാലെ പതുക്കെത്തുറന്ന ടെറസ്സ് വാതിലിലൂടെ അകത്തേയ്ക്കു തള്ളിക്കയറിവരുന്ന ഇലച്ചാര്‍ത്തുകളും ആണ്. എന്നെങ്കിലും മണ്ണിലേയ്ക്കു മാറിത്താമസിക്കാം എന്നു കരുതി, കുഞ്ഞു മരങ്ങള്‍ അവയുടെ പേരും ശാസ്ത്രനാമവും എഴുതിയ ചെടിച്ചട്ടികളില്‍ വളരുന്ന ഹരിത മോഹനമായ കാഴ്ച.
മരങ്ങളും ചെടികളും നിറഞ്ഞ, വീടു വയ്ക്കാവുന്ന ഒരു സ്ഥലം വാങ്ങലിലേയ്ക്കു അരവിന്ദന്റെ കൊച്ചുകുടുംബത്തെ എത്തിക്കാന്‍ എത്തിക്കാന്‍ രാജന്‍ പിള്ളയ്ക്ക് ഈ കാഴ്ച ധാരാളമായിരുന്നു.

“ചെമ്പക പുഷ്പ സുവാസിത യാമം മൂളിക്കൊണ്ട് ഞാന്‍ കഴുത്തു പൊക്കി നോക്കി. ഏഴാം നിലയില്‍ നിന്നു ഇലകള്‍ താഴേയ്ക്കു നോക്കി തലയാട്ടുന്നു.” വായിച്ചു നിര്‍ത്തുമ്പോള്‍ നമ്മുടെ മനസ്സിലും ചെമ്പകപുഷ്പ സുവാസിത യാമം നിറയ്ക്കാന്‍ കഥാകാരനു കഴിയുന്നു.

പ്രിയപ്പെട്ട സുസ്മേഷ് ,ഈ പച്ചപ്പിനും പൂമരത്തണലിനും നന്ദി .

മാതൃഭൂമി ബൂക്സ് പ്രസിദ്ധീകരിച്ച “മരണവിദ്യാലയം” എന്ന കഥാ സമാഹാരത്തിലാണ് ‘ഹരിതമോഹനം‘ ഉള്ളത്.

( “ഈ പുസ്തകത്തിന്റെ പേരു ‘ഹരിതമോഹനം‘ എന്നായിരുന്നെങ്കില്‍ , നാഗലിംഗ മരത്തിന്റെ ഇലകള്‍ അതിന്റെ പുറം താളില്‍ കരിമ്പച്ച നിറം പടര്‍ത്തിയിരുന്നെങ്കില്‍ “ എന്നും ആത്മഗതം )

Sunday, December 12, 2010

ഭൂപടങ്ങള്‍.

പെണ്ണുടലില്‍ ഭൂപടങ്ങളും
ഭൂപടങ്ങളില്‍ പെണ്ണുടലുകളും
തേടി നിന്റെ എഴുത്താണി
ചരിത്രങ്ങളില്‍ ചികയുന്നു.

ചിത്രങ്ങള്‍, ശില്‍പ്പങ്ങള്‍,
ലിപികള്‍, ലിഖിതങ്ങള്‍...
അടിത്തട്ടോളം മുങ്ങി
അന്തര്‍വാഹിനികള്‍ തേടുന്നു
കണ്ടെത്താത്ത രേഖകള്‍.

കണ്ടുകിട്ടുന്നവയൊക്കെ
ഒരു വരയ്ക്കും, വരയ്ക്കപ്പുറത്തെ
വരയാ കണക്കുകള്‍ക്കും.

പച്ചപ്പിലെ നീരൊഴുക്കുകള്‍,
മിഴിക്കോണിലെ മഴച്ചാലുകള്‍,
നിയമങ്ങളുടെ തടയണകള്‍,
നേര്‍ രേഖയില്‍ നടപ്പാതകള്‍,
സ്വയരക്ഷയുടെ കണ്ടല്‍ക്കാടുകള്‍,
പ്രലോഭനത്തിന്റെ ധാതുഖനികള്‍,
ആസക്തിയുടെ മഴനിഴല്‍ പ്രദേശങ്ങള്‍,
ഉഷ്ണ, ശീത പ്രവാഹങ്ങള്‍,
ന്യൂനമര്‍ദ്ദ പ്രദേശങ്ങള്‍,
കൊടുങ്കാറ്റുകളുടെ ഈറ്റില്ലങ്ങള്‍.

എന്നിട്ടും,
വരികള്‍ക്കിടയിലെ
വായിക്കപ്പെടാത്ത ചരിത്രമായും
വരകള്‍ക്കിടയിലെ
അടയാളപ്പെടുത്താത്ത
ഭൂപ്രദേശമായും
എന്നുടല്‍ ബാക്കിയാകുമ്പോള്‍
അനുമാനങ്ങള്‍ വരച്ചും നീട്ടിയും
നീ ചമയ്ക്കുന്നൊരീ ഭൂപടത്തില്‍
ഞാനെന്തിനു കൈയ്യൊപ്പു ചാര്‍ത്തണം?

(ഡിസംബര്‍ ലക്കം തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത്. )
http://www.chintha.com/node/92825

Wednesday, December 1, 2010

ആദ്യചുംബനം

(ശ്രീ രവീന്ദ്രനാഥ ടാഗോറിന്റെപ്രഥമചുംബന്‍എന്ന കവിതയുടെ മൊഴിമാറ്റം.
വരികളുടെ തീവ്രസൌന്ദര്യം നശിപ്പിച്ചതിനു ക്ഷമാപണത്തോടെ.)

ആകാശം മിഴി താഴ്ത്തി
നിശ്ശബ്ദതയിലേയ്ക്കു വളര്‍ന്നു.
കിളിപ്പാട്ടുകള്‍ നിലച്ചിരിക്കുന്നു.
തെന്നല്‍ വീണുറങ്ങി.
ഓളങ്ങള്‍ മാഞ്ഞ
ജലാശയം ഒച്ചയില്ലാതെ.
നിമിനേരം കൊണ്ട് വനഹൃദയം
മര്‍മ്മരങ്ങളൊഴിഞ്ഞ് പ്രശാന്തമായി.

വിജനമായ പുഴയോരത്തെ
ചലനമറ്റ സാന്ധ്യനിഴലുകളില്‍
ചാഞ്ഞിറങ്ങിയ ചക്രവാളം
നിശ്ശബ്ദഭൂമിയെ പുല്‍കിനിന്നു.

ആ നിശ്ചല നിമിഷത്തില്‍
ആ ഏകാന്തജാലകത്തിങ്കല്‍
നമ്മള്‍ ആദ്യമായി ചുംബിച്ചു.

പെട്ടെന്ന്,
ദേവാലയമണികളുണര്‍ന്ന്
ആകാശത്തിലേയ്ക്കു മുഴങ്ങി നിറഞ്ഞു.
അനശ്വര താരകള്‍ വിറകൊണ്ടു.
നമ്മുടെ കണ്ണുകളില്‍
കണ്ണുനീര്‍ തുളുമ്പി.