കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Monday, January 31, 2011

കരിയില

മണ്ണാങ്കട്ടയുടെ കൂടെ
കാശിയ്ക്കു യാത്ര പുറപ്പെട്ട
കരിയിലയാണു ഞാന്‍ ,
മഴവെള്ളത്തോടൊപ്പം
ഗംഗയുടെ മേല്‍ വിലാസം തേടി
മണ്ണാങ്കട്ട അലിഞ്ഞൊഴുകിയപ്പോള്‍
കാറ്റിലായിരുന്നു എന്റെ അഭയം.
മോക്ഷത്തിലേയ്ക്ക് പറന്ന്
ഭാരങ്ങള്‍ പൊഴിച്ചപ്പോള്‍
ഇലഞരമ്പുകളുടെ രേഖാചിത്രം ബാക്കി.

പറന്നും തളര്‍ന്നും
ഒടുവിലീ ജാലകത്തിലെ
കിളിക്കൂടിന്റെ അടിച്ചുമരില്‍
താങ്ങായിരിക്കവേ,
വഴി മറക്കാത്ത കാറ്റ്
ചിലമ്പിട്ടു തുള്ളി
വിളിച്ചുണര്‍ത്തുന്നു.
വരികയെന്നൊരു
സ്വകാര്യമോതുന്നു.

Monday, January 3, 2011

പകര്‍ന്നാട്ടം

കുളിച്ചുവന്നു
കണ്ണാടിയില്‍ നോക്കുമ്പോള്‍
കാണുന്നതെന്നെത്തന്നെ .
വട്ട മുഖം, വലിയ നെറ്റി,
ഉരുളന്‍ കണ്ണുകള്‍.....
എങ്കിലും,
കണ്ണാടി കാണ്മോളം
എത്രയെത്ര വേഷപ്പകര്‍ച്ചകള്‍.

കവിത മൂളിക്കൊണ്ടീറന്‍
മുടി കോതുമ്പോള്‍
കണ്ണുകളില്‍ സ്വപ്നമുറങ്ങുന്ന ജലജ,
നീളന്‍ മുടി സ്വയമറിയാതെ ചുരുണ്ടു തുടങ്ങും.

പത്രവാര്‍ത്തയിലെ അനീതിയില്‍
നൊന്തു കലഹിക്കുമ്പോള്‍
സുഹാസിനി കൂടു വിട്ടെന്നിലേയ്ക്ക്.
കൃത്യതയോടെ വാക്കുകള്‍ നാവിലെത്തും.

കുസൃതിയുടെ കൊലുസണിയുമ്പോള്‍
രേവതിയുടെ ആഡംബരമില്ലാത്ത മുഖം
ചിരിച്ചും ചിരിപ്പിച്ചും പിണങ്ങിക്കിലുങ്ങിയും.

നിന്റെ പ്രണയത്തിലലിയുമ്പോള്‍
‘അര്‍ധ നിമീലിത‘മെന്നൊക്കെ പറയാവുന്ന
മിഴികളാല്‍ ചിരിച്ചും പറഞ്ഞും ശാന്തികൃഷ്ണ,

മഴയില്‍ ചിലമ്പില്ലാതെ ആടുമ്പോള്‍
ഉള്ളു നനയുന്ന ഭാനുപ്രിയ, ഒരു ജലചിത്രം പോലെ.
എനിക്കിത്ര ഭംഗിയോ, നിന്നെയോര്‍ക്കുമ്പോള്‍ ‍?

ഒരു നൃത്തച്ചുവടില്‍ മോഹിതയാകുമ്പോള്‍
ഇന്നലെയുടെ ശോഭന,
ഒരു മറവിയിലും പ്രണയം മറക്കാത്തവള്‍.

മുഖപടങ്ങളൊക്കെയിങ്ങനെ
മുന്‍പിലെത്തുകയല്ലേ
എടുത്തണിയാന്‍ പാകത്തില്‍.
വെള്ളിത്തിരയിലല്ലെങ്കിലും
കാണുമ്പോള്‍
ഒരു ഭംഗി വേണ്ടേ എന്നു ന്യായം.

ഒന്നു കുടഞ്ഞഴിച്ചു വെച്ച്
“ഇതാ ഞാന്‍“ എന്നു
അടുക്കളയിലേയ്ക്കൊ,
കിടപ്പുമുറിയിലേയ്ക്കോ
കരിമഷിയെഴുതാത്ത കണ്ണും,
ഉയര്‍ത്തിക്കെട്ടിയ നീളന്‍മുടിയുമായി
കടക്കാന്‍ പാകത്തില്‍
പകര്‍ന്നാട്ടത്തിന്റെ ജീവിതക്കൂട്ട്.

ഇന്നുമിന്നലെയും തുടങ്ങിയതല്ലല്ലോ
മനസ്സിന്റെയീ ആള്‍മാറാട്ടങ്ങള്‍.