കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Sunday, January 8, 2012

പുരുഷവൃക്ഷങ്ങള്‍

അത്തി, ഇത്തി , അരയാല് , പേരാല്
പിന്നെ ,
പേരറിഞ്ഞും അറിയാതെയും
കണ്ടും കാണാതെയും
തൊട്ടും തൊടാതെയും അറിഞ്ഞ
പുരുഷവൃക്ഷങ്ങള്‍ .

നിരാസത്തില്‍ ചുറ്റിപ്പടര്‍ന്ന
വേരുകളില്‍ ഒറ്റത്തടിയായുയര്‍ന്ന്
തെങ്ങുകള്‍ പോലെ ചിലര്‍ ,
ഇളനീരോ, പച്ചോലയോ
മൂപ്പെത്തിയ കായ്കളോ
വേണ്ടതെന്തുമെടുക്കുക
എന്നൊരു മുനിവാക്യം
പോലെ ഈര്‍ക്കില്‍ മുനകള്‍ ,
ചായാനും ചരിയാനുമില്ലെന്നു
കാറ്റിനോടും ഭരതവാക്യം.

ചാരിനിന്നാലും മുഖം ചേര്‍ത്തമര്‍ന്നാലും
ഉള്ളില്‍ തുളുമ്പുന്ന മണമറിയിക്കാതെ
ചന്ദനം പോലെ ചിലര്‍,
ഒന്നു ചീന്തിത്തുറന്നാലോ
വിടാതാലിംഗനം ചെയ്യും സുഗന്ധശാലകള്‍,
കൈവിട്ടു കാലം കഴിഞ്ഞാലും
വിരല്‍ത്തുമ്പിലോ മുന്‍‌കഴുത്തിലോ
തൂമണം തൂകിയൊരു സ്മൃതിക്കുറി.

ചിലര്‍ വാക പോലെ
ഇലച്ചാര്‍ത്തും പൂപ്പടര്‍പ്പും കാട്ടി കൊതിപ്പിച്ച്,
വരൂ , കൂടുകള്‍ കൂട്ടു എന്നു പ്രലോഭിപ്പിക്കും
ആഞ്ഞൊരു കാറ്റു വീശിയാല്‍
എല്ലാം തകര്‍ന്നേയെന്നൊരു നിലവിളിയില്‍
അടര്‍ന്നു വീഴുന്ന ചില്ലകള്‍.
ഒന്നു മയങ്ങിയുണര്‍ന്ന്
പച്ചച്ചിരി നാമ്പു കാട്ടി തിരിച്ചുവിളിക്കുമെങ്കിലും
ചിതറിത്തെറിച്ച കൂടുകളും കിളിമുട്ടകളും
തിരിച്ചു തരാനാവില്ലല്ലോ.

ചിലര്‍, മലമുകളിലെ പാറക്കെട്ടിനിടെ
വേരാഴത്തിന്റെ അതുല്യതയില്‍
തലയുയര്‍ത്തി നില്‍ക്കുന്നവര്‍.
ഏറ്റവും ഉയരത്തില്‍ പറക്കുന്ന
കിളിക്കേ കൂടുകൂട്ടാനാവൂ എന്നു
കാറ്റിന്റെ മുന്നറിയിപ്പ്.
താഴ്വരയില്‍ നിന്ന്
ഒരു വൃക്ഷപൂജ നടത്തി
ആരാധിക്കാമെന്നു മാത്രം.

ഇലയും പൂവും കായുമൊക്കെ
ഏതാണ്ടൊരേ തരത്തില്‍
പാഴ് മരങ്ങളേറെ,
കുലവും ഗോത്രവുമറിഞ്ഞിട്ടെന്തിനാണെന്ന്
ഒറ്റനോട്ടത്തില്‍ തോന്നിപ്പോകും.

ഇത്തിള്‍‌ക്കണ്ണികള്‍ നിറഞ്ഞ
ശാഖികളില്‍ കൂടുകൂട്ടുന്ന മരണം
ചുമന്ന് പിന്നെയും ചിലര്‍.

കാടും മരങ്ങളും ഇനിയുമെന്നു
വഴിക്കിളികള്‍ ചിലയ്ക്കുമ്പോള്‍
പിന്നിലേയ്ക്കോടി മറയുകയാണ്,
പച്ചച്ച മരകാഴ്ചകള്‍ ..

( ജനുവരി ലക്കം മലയാളനാടില്‍ പ്രസിദ്ധീകരിച്ചത് , എം. ആർ. അനിൽകുമാറിന്റെ എനിക്ക്‌ പരിചയമുള്ള സ്ത്രീകള്‍ എന്ന കവിത പ്രചോദനം)

Monday, December 12, 2011

പഴയൊരു വഴി

പഴയൊരു വഴി
ഓര്‍മ്മിച്ചെടുക്കുമ്പോള്‍
ചെമ്മണ്ണു പാറി
വഴിക്കണ്ണു ചിമ്മുന്നു.

വഴിയോരത്തൊരു മരമതിനു
പേരു പേരാലോ അരയാലോ?
ആരെയോ കാത്താരാനുമവിടെ
മനമിളകാതെ നിന്നിരുന്നോ?
വഴി പിഴയ്ക്കുമ്പോള്‍ വലം കൈ
പിടിച്ചിടം കൈ പിടിച്ചൊരു
കാറ്റതിലൂടെ നടന്നിരുന്നോ
ഒഴുക്കിലൊരു പാലം
നെഞ്ചോടു ചേര്‍ത്തൊരു പുഴ
വഴിയില്‍ സ്നേഹം പകര്‍ന്നിരുന്നോ?

കാല്‍‌വിരല്‍‌ച്ചോര കിനിഞ്ഞ
കല്‍മൂര്‍ച്ചകള്‍
കരിയിലച്ചൂടില്‍
വിയര്‍ത്ത മണ്‍‌പൊത്തുകള്‍
പാടിത്തളര്‍ന്ന ചീവിടിനൊച്ചകള്‍
വീണു മയങ്ങിയ തളിരിലത്തുണ്ടുകള്‍
മറവിയില്‍ നിന്നുണര്‍ന്ന പൂമ്പാറ്റകള്‍ .

പഴയൊരാ വഴി നടന്നകലുന്നു,
തിരിവിലോര്‍മ്മകള്‍ പിരിഞ്ഞിടറുന്നു.

(ഡിസംബര്‍ ലക്കം തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത് )

Wednesday, August 24, 2011

സംശയം

മുറ തെറ്റാതെ മിടിക്കുന്നുണ്ട്,
പ്രദക്ഷിണം കഴിഞ്ഞെത്തുന്ന
ചോരക്കുഞ്ഞുങ്ങളെ
കുളിപ്പിച്ചു തുവര്‍ത്തി
കാല്‍‌വിരല്‍ത്തുമ്പോളമയയ്ക്കുന്നുണ്ട്,
എന്നിട്ടുമെന്തിനാണെന്റെ ഹൃദയമേ
നീ അവിടെയുണ്ടോയെന്നിടയ്ക്കിടെ ഞാന്‍
നെഞ്ചിന്‍കൂടിനുള്ളില്‍
വിരലാഴ്ത്തുന്നത്?

Monday, June 20, 2011

മടക്കം

ഓരോ തവണയും
ഞാന്‍ നിന്നിലേയ്ക്കു
തിരിച്ചെത്തുന്നു.

ഉപേക്ഷിക്കപ്പെട്ട
പൂച്ചക്കുട്ടിയുടെ
വീട്ടിലേയ്ക്കുള്ള മടക്കം
പോലെയാണത്.

അറിയാതെ വാല്‍ തട്ടി
അടുപ്പിലേയ്ക്കു മറിഞ്ഞ
ചായ വെന്ത മണമോ,
കുടിച്ചുവറ്റിച്ച അന്തിവിളക്കിലെ
എള്ളെണ്ണ രുചിയോ,
വരച്ചു തരുന്ന വഴിയോരം പറ്റി
എലിമാളങ്ങളില്ലാത്ത കല്‍മതില്‍ വരെ,
നഖമിറക്കാത്ത പൂച്ചക്കാല്‍ ചവിട്ടി
അടുക്കള വാതിലൂടെ
അകത്തേയ്ക്ക് കടക്കുമ്പോള്‍ ,
വരും വരായ്മകളുടെ വലച്ചാര്‍ത്തുകളില്‍
വീണുടയാനൊരു മണ്‍കലമോ,
പാല്‍ നിറമുള്ളൊരു ചില്ലു പാത്രമോ
വെള്ളാരം കണ്ണുകളില്‍ ഭീതി പരത്തുന്നുണ്ട്.

വര്‍ത്തമാനങ്ങളിടിഞ്ഞു വീഴുന്ന
കാണാക്കിണറും
വാക്കുകള്‍ പുകയുന്ന
അഗ്നികോണുകളും
നാളേയ്ക്കും ബാക്കിയെന്ന
തിരിച്ചറിവുകള്‍
എന്റെ തിരിച്ചുവരവിലും.

Tuesday, May 17, 2011

ഏകാന്തം

തനിച്ചാണുറക്കം
കിഴക്കിന്റെയുച്ചിയില്‍
വെളിച്ചം ചികഞ്ഞാ
കിളിക്കൂട്ടമെത്തി
ചിരിച്ചുണര്‍ത്തും വരെ.

തനിച്ചാണിറക്കം
കിനാവിന്റെ തോണിയില്‍
ഇടംകൈ വലംകൈ മാറി മാറി
തുഴഞ്ഞാ വിരല്‍ത്തുമ്പിലൊ
ന്നെത്തിത്തൊടും വരെ.

തനിച്ചേ നടത്തം
തൊടിയിലെ ദൂരങ്ങള്‍
വിറയ്ക്കും പദങ്ങളാലെണ്ണിയെണ്ണി
ക്കടന്നാ മാഞ്ചുവട്ടില്‍
ക്കിതച്ചിരിക്കും വരെ.

തനിച്ചാണിരുത്തം
പാതികണ്ണടച്ചീ പകലിന്റെ
സൂചിയില്‍ നൂല്‍
കോര്‍ത്തുകോര്‍ത്തിരുട്ടിന്‍
തിരശ്ശീലചേര്‍ത്തു തുന്നും വരെ.

തനിച്ചേ മടക്കം,
ഇരുള്‍ വീണ പാതയി-
ലിനി വേണ്ട യാത്രയീ
മണ്ണിലേയ്ക്കൊന്നു നീ
പോരുകെന്നാരോ
കരം നീട്ടി പേരു ചൊല്ലും വരെ.

Wednesday, April 13, 2011

മുറിവുകള്‍

ചൂണ്ടുവിരലിലെ ഒന്നാം മുറിവ്
കയ്പക്ക മുറിച്ചപ്പോള്‍ മൂര്‍ച്ച പാളിയതാണ്.
എണ്ണയില്‍ വറുത്തുകോരിയ കയ്പക്കയുടെ രുചി
എല്ലാവര്‍ക്കുമായി വിളമ്പിയപ്പോള്‍
ചോരയുണങ്ങി,
കയ്പുനീര്‍ കുടിച്ച് വേദനയും.

നടുവിരലിലെ രണ്ടാം മുറിവ്
ആപ്പിള്‍ കഷണങ്ങളിലൂടെ കത്തി
ആഴം തേടിയതാണ്.
കിനിയുന്ന രക്തത്തിനും
തുടുക്കുന്ന വേദനയ്ക്കും
ലളിതമധുരമേ തോന്നിയുള്ളു.

കാരണം മറന്ന്, നിറം മങ്ങിയ
മൂന്നാം മുറിവിലും നാലാം മുറിവിലും
വരണ്ട രക്തത്തിന്റെ ചവര്‍പ്പു മാത്രം.

നിന്റെ മൌനം തുളച്ചുകയറിയ
അഞ്ചാം മുറിവ്
ഹൃദയത്തിന്റെ ആഴങ്ങളിലാണ്.
അത്, ഓരോ മിടിപ്പിലും
വേദന നിറച്ചു ചുവപ്പിച്ച രക്തത്തെ
ശരീരഭാഷയിലേയ്ക്കു ഒഴുക്കി വിടുന്നു.
ചിലപ്പോള്‍ കൈത്തണ്ടയില്‍ ,
ചിലപ്പോള്‍ വലതുകാല്‍മുട്ടില്‍ ,
അതുമല്ലെങ്കില്‍
മസ്തിഷ്കത്തിന്റെ വെണ്മയിലോ
കണ്‍ പോളയുടെ മസൃണതയിലോ
സൂചിമുന കുത്തും പോലൊരു പിടച്ചില്‍ .

നോവിന്റെ ആഴങ്ങള്‍
അസ്ഥിമജ്ജയിലേയ്ക്കും പടരുമ്പോള്‍
ഒരൊറ്റവരിക്കവിതയില്‍
മുറിപ്പാട് കുളിരുന്നു.
“ഞാന്‍ നിന്നെ സ്നേഹിക്കുന്നു.”

(ഏപ്രില്‍ ലക്കം തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത് )
http://www.chintha.com/node/103294

Tuesday, March 29, 2011

തിളനില.

ഇത്
തിളനിലയിലെ ഭൌതികമാറ്റം.

ചാരം ചൂടിയൊളിച്ച കനലേതോ
കാറ്റൂതിയുണര്‍ത്തി പെരുപ്പിച്ച്,
തിളച്ചു തുടങ്ങുമ്പോഴൊരു കുതിപ്പ് .
കെട്ടുപാടുകളെ അടര്‍ത്തി,
പിന്‍‌വിളികളെ പുറംകാതാല്‍ക്കുടഞ്ഞ്
കനം മറന്ന്, ഇടം മറന്നുയരാന്‍
ഉള്‍ച്ചൂടില്‍ നിന്നു ലീനതാപം.

വെയില്‍മരത്തിന്റെ ഉച്ചിയിലേയ്ക്ക് ,
കൈതൊടാതെ ഓടിക്കയറാനും
തണുക്കുന്നുവെന്നു ചിണുങ്ങുന്ന
മഴത്തുള്ളികള്‍ക്ക് കുപ്പായമൂരി
എറിഞ്ഞുകൊടുക്കാനും
പിന്നെയൊരരനിമിഷം മാത്രം മതി.

ഇരുളിന്റെ പാതിവഴിയെന്നോ
നട്ടുച്ചയിലെ കിനാവെളിച്ചമെന്നോ
നിനയ്ക്കാതെ തുള്ളിത്തുളുമ്പോള്‍
ഹൃദയരക്തമിറ്റുവീഴുന്നത്
നിന്റെ കാല്‍‌വിരലുകളിലാണ്.

ഉന്മാദത്തിന്റെ നിഗൂഡനിമിഷങ്ങള്‍
തണുത്തൊടുങ്ങുമ്പോള്‍
ഒറ്റച്ചെരുപ്പുമായൊരോട്ടമുണ്ട്,
നാലുചുവരുകള്‍ക്കുള്ളിലെ
കണ്ണാടിയില്‍ പുനര്‍ജനിക്കും വരെ.

(‘ഒരില വെറുതെ ” എന്ന ബ്ലോഗിലെ ‘ഒറ്റയ്ക്കാവുന്ന നേരങ്ങളില്‍ ചില മഴനൃത്തങ്ങള്‍ ‘ എന്ന വായനയാണ് ഈ വരികള്‍ക്കു പ്രചോദനം എന്ന് കുറ്റസമ്മതമായും കടപ്പാടായും പറഞ്ഞുകൊണ്ട്.......)