കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Monday, December 12, 2011

പഴയൊരു വഴി

പഴയൊരു വഴി
ഓര്‍മ്മിച്ചെടുക്കുമ്പോള്‍
ചെമ്മണ്ണു പാറി
വഴിക്കണ്ണു ചിമ്മുന്നു.

വഴിയോരത്തൊരു മരമതിനു
പേരു പേരാലോ അരയാലോ?
ആരെയോ കാത്താരാനുമവിടെ
മനമിളകാതെ നിന്നിരുന്നോ?
വഴി പിഴയ്ക്കുമ്പോള്‍ വലം കൈ
പിടിച്ചിടം കൈ പിടിച്ചൊരു
കാറ്റതിലൂടെ നടന്നിരുന്നോ
ഒഴുക്കിലൊരു പാലം
നെഞ്ചോടു ചേര്‍ത്തൊരു പുഴ
വഴിയില്‍ സ്നേഹം പകര്‍ന്നിരുന്നോ?

കാല്‍‌വിരല്‍‌ച്ചോര കിനിഞ്ഞ
കല്‍മൂര്‍ച്ചകള്‍
കരിയിലച്ചൂടില്‍
വിയര്‍ത്ത മണ്‍‌പൊത്തുകള്‍
പാടിത്തളര്‍ന്ന ചീവിടിനൊച്ചകള്‍
വീണു മയങ്ങിയ തളിരിലത്തുണ്ടുകള്‍
മറവിയില്‍ നിന്നുണര്‍ന്ന പൂമ്പാറ്റകള്‍ .

പഴയൊരാ വഴി നടന്നകലുന്നു,
തിരിവിലോര്‍മ്മകള്‍ പിരിഞ്ഞിടറുന്നു.

(ഡിസംബര്‍ ലക്കം തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത് )

Wednesday, August 24, 2011

സംശയം

മുറ തെറ്റാതെ മിടിക്കുന്നുണ്ട്,
പ്രദക്ഷിണം കഴിഞ്ഞെത്തുന്ന
ചോരക്കുഞ്ഞുങ്ങളെ
കുളിപ്പിച്ചു തുവര്‍ത്തി
കാല്‍‌വിരല്‍ത്തുമ്പോളമയയ്ക്കുന്നുണ്ട്,
എന്നിട്ടുമെന്തിനാണെന്റെ ഹൃദയമേ
നീ അവിടെയുണ്ടോയെന്നിടയ്ക്കിടെ ഞാന്‍
നെഞ്ചിന്‍കൂടിനുള്ളില്‍
വിരലാഴ്ത്തുന്നത്?

Monday, June 20, 2011

മടക്കം

ഓരോ തവണയും
ഞാന്‍ നിന്നിലേയ്ക്കു
തിരിച്ചെത്തുന്നു.

ഉപേക്ഷിക്കപ്പെട്ട
പൂച്ചക്കുട്ടിയുടെ
വീട്ടിലേയ്ക്കുള്ള മടക്കം
പോലെയാണത്.

അറിയാതെ വാല്‍ തട്ടി
അടുപ്പിലേയ്ക്കു മറിഞ്ഞ
ചായ വെന്ത മണമോ,
കുടിച്ചുവറ്റിച്ച അന്തിവിളക്കിലെ
എള്ളെണ്ണ രുചിയോ,
വരച്ചു തരുന്ന വഴിയോരം പറ്റി
എലിമാളങ്ങളില്ലാത്ത കല്‍മതില്‍ വരെ,
നഖമിറക്കാത്ത പൂച്ചക്കാല്‍ ചവിട്ടി
അടുക്കള വാതിലൂടെ
അകത്തേയ്ക്ക് കടക്കുമ്പോള്‍ ,
വരും വരായ്മകളുടെ വലച്ചാര്‍ത്തുകളില്‍
വീണുടയാനൊരു മണ്‍കലമോ,
പാല്‍ നിറമുള്ളൊരു ചില്ലു പാത്രമോ
വെള്ളാരം കണ്ണുകളില്‍ ഭീതി പരത്തുന്നുണ്ട്.

വര്‍ത്തമാനങ്ങളിടിഞ്ഞു വീഴുന്ന
കാണാക്കിണറും
വാക്കുകള്‍ പുകയുന്ന
അഗ്നികോണുകളും
നാളേയ്ക്കും ബാക്കിയെന്ന
തിരിച്ചറിവുകള്‍
എന്റെ തിരിച്ചുവരവിലും.

Tuesday, May 17, 2011

ഏകാന്തം

തനിച്ചാണുറക്കം
കിഴക്കിന്റെയുച്ചിയില്‍
വെളിച്ചം ചികഞ്ഞാ
കിളിക്കൂട്ടമെത്തി
ചിരിച്ചുണര്‍ത്തും വരെ.

തനിച്ചാണിറക്കം
കിനാവിന്റെ തോണിയില്‍
ഇടംകൈ വലംകൈ മാറി മാറി
തുഴഞ്ഞാ വിരല്‍ത്തുമ്പിലൊ
ന്നെത്തിത്തൊടും വരെ.

തനിച്ചേ നടത്തം
തൊടിയിലെ ദൂരങ്ങള്‍
വിറയ്ക്കും പദങ്ങളാലെണ്ണിയെണ്ണി
ക്കടന്നാ മാഞ്ചുവട്ടില്‍
ക്കിതച്ചിരിക്കും വരെ.

തനിച്ചാണിരുത്തം
പാതികണ്ണടച്ചീ പകലിന്റെ
സൂചിയില്‍ നൂല്‍
കോര്‍ത്തുകോര്‍ത്തിരുട്ടിന്‍
തിരശ്ശീലചേര്‍ത്തു തുന്നും വരെ.

തനിച്ചേ മടക്കം,
ഇരുള്‍ വീണ പാതയി-
ലിനി വേണ്ട യാത്രയീ
മണ്ണിലേയ്ക്കൊന്നു നീ
പോരുകെന്നാരോ
കരം നീട്ടി പേരു ചൊല്ലും വരെ.

Wednesday, April 13, 2011

മുറിവുകള്‍

ചൂണ്ടുവിരലിലെ ഒന്നാം മുറിവ്
കയ്പക്ക മുറിച്ചപ്പോള്‍ മൂര്‍ച്ച പാളിയതാണ്.
എണ്ണയില്‍ വറുത്തുകോരിയ കയ്പക്കയുടെ രുചി
എല്ലാവര്‍ക്കുമായി വിളമ്പിയപ്പോള്‍
ചോരയുണങ്ങി,
കയ്പുനീര്‍ കുടിച്ച് വേദനയും.

നടുവിരലിലെ രണ്ടാം മുറിവ്
ആപ്പിള്‍ കഷണങ്ങളിലൂടെ കത്തി
ആഴം തേടിയതാണ്.
കിനിയുന്ന രക്തത്തിനും
തുടുക്കുന്ന വേദനയ്ക്കും
ലളിതമധുരമേ തോന്നിയുള്ളു.

കാരണം മറന്ന്, നിറം മങ്ങിയ
മൂന്നാം മുറിവിലും നാലാം മുറിവിലും
വരണ്ട രക്തത്തിന്റെ ചവര്‍പ്പു മാത്രം.

നിന്റെ മൌനം തുളച്ചുകയറിയ
അഞ്ചാം മുറിവ്
ഹൃദയത്തിന്റെ ആഴങ്ങളിലാണ്.
അത്, ഓരോ മിടിപ്പിലും
വേദന നിറച്ചു ചുവപ്പിച്ച രക്തത്തെ
ശരീരഭാഷയിലേയ്ക്കു ഒഴുക്കി വിടുന്നു.
ചിലപ്പോള്‍ കൈത്തണ്ടയില്‍ ,
ചിലപ്പോള്‍ വലതുകാല്‍മുട്ടില്‍ ,
അതുമല്ലെങ്കില്‍
മസ്തിഷ്കത്തിന്റെ വെണ്മയിലോ
കണ്‍ പോളയുടെ മസൃണതയിലോ
സൂചിമുന കുത്തും പോലൊരു പിടച്ചില്‍ .

നോവിന്റെ ആഴങ്ങള്‍
അസ്ഥിമജ്ജയിലേയ്ക്കും പടരുമ്പോള്‍
ഒരൊറ്റവരിക്കവിതയില്‍
മുറിപ്പാട് കുളിരുന്നു.
“ഞാന്‍ നിന്നെ സ്നേഹിക്കുന്നു.”

(ഏപ്രില്‍ ലക്കം തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത് )
http://www.chintha.com/node/103294

Tuesday, March 29, 2011

തിളനില.

ഇത്
തിളനിലയിലെ ഭൌതികമാറ്റം.

ചാരം ചൂടിയൊളിച്ച കനലേതോ
കാറ്റൂതിയുണര്‍ത്തി പെരുപ്പിച്ച്,
തിളച്ചു തുടങ്ങുമ്പോഴൊരു കുതിപ്പ് .
കെട്ടുപാടുകളെ അടര്‍ത്തി,
പിന്‍‌വിളികളെ പുറംകാതാല്‍ക്കുടഞ്ഞ്
കനം മറന്ന്, ഇടം മറന്നുയരാന്‍
ഉള്‍ച്ചൂടില്‍ നിന്നു ലീനതാപം.

വെയില്‍മരത്തിന്റെ ഉച്ചിയിലേയ്ക്ക് ,
കൈതൊടാതെ ഓടിക്കയറാനും
തണുക്കുന്നുവെന്നു ചിണുങ്ങുന്ന
മഴത്തുള്ളികള്‍ക്ക് കുപ്പായമൂരി
എറിഞ്ഞുകൊടുക്കാനും
പിന്നെയൊരരനിമിഷം മാത്രം മതി.

ഇരുളിന്റെ പാതിവഴിയെന്നോ
നട്ടുച്ചയിലെ കിനാവെളിച്ചമെന്നോ
നിനയ്ക്കാതെ തുള്ളിത്തുളുമ്പോള്‍
ഹൃദയരക്തമിറ്റുവീഴുന്നത്
നിന്റെ കാല്‍‌വിരലുകളിലാണ്.

ഉന്മാദത്തിന്റെ നിഗൂഡനിമിഷങ്ങള്‍
തണുത്തൊടുങ്ങുമ്പോള്‍
ഒറ്റച്ചെരുപ്പുമായൊരോട്ടമുണ്ട്,
നാലുചുവരുകള്‍ക്കുള്ളിലെ
കണ്ണാടിയില്‍ പുനര്‍ജനിക്കും വരെ.

(‘ഒരില വെറുതെ ” എന്ന ബ്ലോഗിലെ ‘ഒറ്റയ്ക്കാവുന്ന നേരങ്ങളില്‍ ചില മഴനൃത്തങ്ങള്‍ ‘ എന്ന വായനയാണ് ഈ വരികള്‍ക്കു പ്രചോദനം എന്ന് കുറ്റസമ്മതമായും കടപ്പാടായും പറഞ്ഞുകൊണ്ട്.......)

Sunday, March 6, 2011

ഒടുവില്‍ .

(ശ്രീ എസ് . കലേഷിന്റെ “ അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍ / നീ “ എന്ന കവിത വായിച്ചപ്പോള്‍ കുറിച്ചത്. കവിതയുടെ ലിങ്ക് ,കവിയോട് അനുവാദം ചോദിക്കാതെ , ഇവിടെ ചേര്‍ത്തിരിക്കുന്നു. )

ഒടുവില്‍ ,
അതിങ്ങനെയേ സംഭവിക്കൂ,
ഒരു നിമിഷം മുന്‍പേ ഞാനവിടെത്തും .
എന്നുമെപ്പോഴുമെന്തിനും
എനിക്കായിരുന്നില്ലെ ധൃതി?
( മെല്ലെയാകട്ടെയെന്നു നീയും )
ഇനി ശീലങ്ങളൊന്നും മാറില്ലല്ലോ.

സാരി പോലും മാറ്റിയുടുക്കാതെ ,
കൈവളയും മാലയുമെല്ലാം വേണ്ടവര്‍
അഴിച്ചെടുക്കട്ടെയെന്നുപേക്ഷിച്ച്,
ജീവനുണ്ടായിരുപ്പോള്‍ കഴിയാത്തൊ-
രെടുത്തുചാട്ടത്തിലേയ്ക്ക് ചിറകുവിടര്‍ത്തി ,
മുന്‍പൊരിക്കലും വന്നിട്ടില്ലെങ്കിലും
കൃത്യമായിങ്ങെത്തിയില്ലേയെന്നു വിളിച്ചു കൂവി
ഒരു നിമിഷം മുന്‍പേ ഞാനവിടെത്തും.

പാതികുടിച്ച കട്ടന്‍ ചായയുടെ കപ്പ്
അരഭിത്തിയില്‍ വച്ച് ,
വരാന്തയിലെ ചാരുകസേരയില്‍ നീ,
കാക്കുന്നതെന്നെയാണെന്നെനിക്കറിയാം.

വന്ന കിതപ്പടങ്ങും മുന്‍പേ ,
ആദ്യസ്വപ്നം ഞാന്‍ നിറവേറ്റും,
വലംകയ്യിലെ അഞ്ചു വിരല്‍ക്കുഞ്ഞുങ്ങളെയും
നക്കിത്തുവര്‍ത്തി ഞാനുമ്മവയ്ക്കും.
കണ്ണു കൊണ്ട് നീ വിളിക്കുന്നതറിഞ്ഞ്
നെഞ്ചില്‍ മുഖം ചേര്‍ത്തുവയ്ക്കും.
പത്ത്, ഒന്‍പത്, എട്ട് , ഏഴ്...
നിന്റെ ഹൃദയം പിന്നിലേയ്ക്കെണ്ണുമ്പോള്‍
ഇല്ലാത്ത ചങ്കു പൊള്ളിപ്പിടഞ്ഞ് ഞാന്‍ തേങ്ങും.
പൂജ്യമെത്തുമ്പോള്‍ കൈപിടിച്ചെഴുനേല്‍ക്കും,
“ അകത്താരുമില്ലേ , ഒന്നിങ്ങോട്ടു വരൂ,
കരഞ്ഞും വിളിച്ചും ,
ഇലയിട്ടോ , പായ വിരിച്ചോ
ഇറക്കിക്കിടത്തിക്കോളൂ,
അരിയും പൂവുമൊക്കെയര്‍ച്ചിച്ചോളൂ,
ഞങ്ങളിറങ്ങുന്നു” എന്ന് ലോകമത്രയും
കേള്‍ക്കുന്നത്ര പതുക്കെ പറഞ്ഞ്
നമ്മുടെ മണ്ണിലേയ്ക്കിറങ്ങും.
നീ വിട്ടുപോകാന്‍ മടിക്കുന്ന
പൂമരക്കാട്ടിലെ ലഹരിയുടെ
മണങ്ങള്‍ ഞാനുമറിയട്ടെ.
പൊന്‍ ചെമ്പകപ്പൂവൊന്നിറുത്ത്
മുടിയിലണിയിക്കൂന്നേ,‘ ഹാ,
എന്തു മണ‘മെന്നെന്നെ നീ വാസനിക്കൂ.

ഇനി യാത്രയല്ലേ,
കടലില്‍ കുളിച്ചീറനായ് പുണര്‍ന്നൊരു
മഴയിലേയ്ക്ക് നാം നീന്തിക്കയറണം.
ചേര്‍ന്നു ചേര്‍ന്നു ചേര്‍ന്ന് മഴ നനയണം...
മഴയോടു ചേര്‍ന്നു മഴയായ് പൊഴിയണം

ഒക്കെയെരിഞ്ഞൊടുങ്ങുമ്പോള്‍ ,
പതുക്കെപ്പറക്കാം.
അമ്പിളി അമ്മാവന്റെ വലതുവശത്തെ
നക്ഷത്രകുസൃതിയുടെ പിന്‍ മുറ്റത്തൊരു
കളിവീടൊരുങ്ങിയിട്ടുണ്ട്..

ആരും തിരഞ്ഞുവരല്ലേ,
ഞങ്ങള്‍ക്കിനി മടക്കമില്ല.

http://vaikunneramanu.blogspot.com/2011/03/blog-post.html

Sunday, February 13, 2011

പ്രിയനേ...

ക്ഷണിക്കപ്പെട്ട അതിഥിയാണു നീ.
നിനക്കായി,
കവാടങ്ങള്‍ തുറന്നിരിക്കുന്നു,
നഗരം ഒരുങ്ങിയിരിക്കുന്നു.

നിന്റെ സ്വപ്നങ്ങള്‍ക്കൊളിച്ചിരിക്കാന്‍
പിന്‍ കഴുത്തിലൊരു പൂമരക്കാട്.
തോളെല്ലില്‍ അസ്ഥിവാരമിട്ട്
നിനക്കൊരു കളിവീട്.

ഒറ്റകുതിപ്പിലുയരങ്ങളിലേയ്ക്കു പറക്കാ‍ന്‍
ഇടനെഞ്ചിലൊരു മേഘത്തേര്
താഴ്വരയിലേയ്ക്കൊഴുകിയിറങ്ങാന്‍
മലയിടുക്കിലൂടൊരാകാശത്തോണി.

നഗരമധ്യത്തില്‍ ചുറ്റുവിളക്കോടെ
നടപ്പാതയുടെ ദീര്‍ഘവൃത്തം.
നിന്റെ ദിശമാറ്റങ്ങളില്‍
അഷ്ടദിക്കുകളിലേയ്ക്കും
ആയത്തിലാടാനൊരൂഞ്ഞാല്‍ ‍.
തിരയിളക്കങ്ങളിലുലയാതെ,
ജലതരംഗങ്ങളുടെ ചുഴിയില്‍
നങ്കൂരമിട്ടൊരു പടക്കപ്പല്‍ ‍.

പ്രിയനേ,
അകത്തളങ്ങളില്‍
വിളക്കുകള്‍ തെളിഞ്ഞിരിക്കുന്നു.
അന്തപ്പുരം നിലാവില്‍ നനയുന്നു.
വരിക,
ക്ഷണിക്കപ്പെട്ട അതിഥിയാണു നീ.

Wednesday, February 9, 2011

ഒരു ‘ടാഗോര്‍ ‘ പരിഭാഷ

(" Land of Exile " - Rabindra Nath Tagore. )


അമ്മേ, വെട്ടം മങ്ങി. ആകാശമൊക്കെ ഇരുണ്ടു. സമയമെത്രയായെന്ന് എനിക്കറിയില്ല. കളിക്കാനൊരു രസവും തോന്നുന്നില്ല. അതാ ഞാന്‍ അമ്മയുടെ അടുത്തേയ്ക്ക് ഓടിവന്നത്. ഇന്നു ശനിയാഴ്ചയല്ലേ, നമ്മുടെ അവധി ദിവസം?

ആ പണിയെല്ലാം അവിടെയിട്ടിട്ട് ഇവിടെ വരൂ, അമ്മേ. ഈ ജനാലപ്പടിയിലിരുന്നു യക്ഷിക്കഥയിലെ ആ വലിയ തെപാന്തര്‍ മരുഭൂമി എവീടെയാണെന്നു എനിക്കു പറഞ്ഞു തരൂ.

ആകെ മഴ മൂടിയ ദിവസം.

ആകാശത്തെ മാന്തിപ്പൊളിക്കുന്ന ഇടിമിന്നല്‍ . ഈ മേഘങ്ങള്‍ ഇങ്ങനെ അലറിക്കുലുങ്ങുമ്പോള്‍ , പേടിച്ചു വിറച്ച് അമ്മയെ കെട്ടിപ്പിടിച്ചിരിക്കാന്‍ കൊതിയാണെനിക്ക്.

കനത്ത മഴ മുളങ്കാടുകള്‍ക്കു മേല്‍ ഇടതടവില്ലാതെ കോരിച്ചൊരിയുമ്പോള്‍ , കൊടുങ്കാറ്റില്‍ ജനല്പാളികള്‍ കിലുകിലാ വിറയ്ക്കുമ്പോള്‍ വേറാരുമടുത്തിലാതെ അമ്മയോടൊപ്പമിരിക്കാനാണ് എനിക്കിഷ്ടം. അങ്ങനെയിരുന്ന് ആ മോഹിപ്പിക്കുന്ന മാന്ത്രികകഥയിലെ മരുഭൂമിയെപ്പറ്റി കേള്‍ക്കണം.

അതെവിടെയാണമ്മേ , ആ മരുഭൂമി?
ഏതു കടലിന്റെ തീരത്താണ് ? ഏതു മലയുടെ അടിവാരത്താണ്? ഏതു രാജാവിന്റെ രാജ്യത്തിലാണ്?

അവിടെ വേലികളും അതിരുകളും ഒന്നുമില്ല. ഗ്രാമവാസികള്‍ക്കുവീടണയാനോ , നാട്ടിലെ പെണ്ണുങ്ങള്‍ക്കു കാട്ടില്‍ നിന്നു ചുള്ളിക്കമ്പുകള്‍ ശേഖരിച്ചു ചന്തയിലെത്തിക്കാനോ ഒന്നും അവിടെ നടപ്പാതകളില്ല. മണല്‍പ്പരപ്പില്‍ അവിടവിടെ മഞ്ഞപ്പാടുകള്‍ പോലെ പുല്ലു മുളച്ചിട്ടുണ്ട്. ആകെ ഒരു മരവും ആ മരത്തിന്റെ പൊത്തില്‍ ബുദ്ധിയുള്ള രണ്ടു കിളികളും. അത്രയുമല്ലേ ആ തെപാന്തര്‍ മരുഭൂമിയിലുള്ളത്?

ഇതുപോലൊരു മഴക്കാറുള്ള ദിവസം ഏതോ കടലിനപ്പുറമുള്ള രാക്ഷസന്റെ കൊട്ടാരത്തിലെ തടവറയില്‍ കഴിയുന്ന രാജകുമാരിയെ അന്വേഷിച്ച് ഇരുണ്ട കുതിരപ്പുറത്തലയുന്ന രാജകുമാരനെ എനിക്കു സങ്കല്പിക്കാന്‍ കഴിയുന്നുണ്ട്.
മരുഭൂമിയിലെ കുതിരസവാരിയ്ക്കിടെ, അകലെ ആകാശച്ചെരിവില്‍ , മഴക്കാറിറങ്ങിവരുമ്പോള്‍ , പെട്ടെന്നൊരു വേദന പോലെ ഇടിമിന്നല്‍ വീശുമ്പോള്‍ , അവനോര്‍മ്മിക്കുന്നുണ്ടാവുമോ രാജാവുപേക്ഷിച്ച അവന്റെ അമ്മയെ? കണ്ണീരൊഴുക്കിക്കൊണ്ട് പശുത്തൊഴുത്ത് വൃത്തിയാക്കുന്ന ആ പാവം അമ്മയെ?

നോക്കമ്മേ, പകല്‍ തീരും മുന്‍പ് എങ്ങും ഇരുട്ടായിക്കഴിഞ്ഞു. നാടുപാതയില്‍ യാത്രികാരാരുമില്ല.
ഇടയച്ചെക്കന്‍ മേച്ചില്‍ സ്ഥലം വിട്ട് നേരത്തെ തിരിച്ചു പോയിരിക്കുന്നു.
കൃഷിക്കാരൊക്കെ പാടങ്ങളില്‍ നിന്നു മടങ്ങി അവരുടെ കുടിലുകളുടെ ഇറയത്ത്, മുരളുന്ന മാനം നോക്കിയിരിപ്പായി.
അമ്മേ, ഞാനെന്റെ പുസ്തകങ്ങളെല്ലാം അലമാരയില്‍ വച്ചു കഴിഞ്ഞു. ഇപ്പോള്‍ ഒന്നും പഠിക്കാന്‍ എന്നോടു പറയരുതേ. വളര്‍ന്നു അച്ഛന്റെയത്രയാകുമ്പോള്‍ അറിയേണ്ടതെല്ലാം ഞാന്‍ പഠിച്ചോളാം.

പക്ഷെ, ഇന്ന്, ഇന്നു തന്നെ ഒന്നു പറഞ്ഞുതരൂ , യക്ഷിക്കഥയിലെ ആ തെപാന്തര്‍ മരുഭൂമി എവിടെയാണ്?

Monday, January 31, 2011

കരിയില

മണ്ണാങ്കട്ടയുടെ കൂടെ
കാശിയ്ക്കു യാത്ര പുറപ്പെട്ട
കരിയിലയാണു ഞാന്‍ ,
മഴവെള്ളത്തോടൊപ്പം
ഗംഗയുടെ മേല്‍ വിലാസം തേടി
മണ്ണാങ്കട്ട അലിഞ്ഞൊഴുകിയപ്പോള്‍
കാറ്റിലായിരുന്നു എന്റെ അഭയം.
മോക്ഷത്തിലേയ്ക്ക് പറന്ന്
ഭാരങ്ങള്‍ പൊഴിച്ചപ്പോള്‍
ഇലഞരമ്പുകളുടെ രേഖാചിത്രം ബാക്കി.

പറന്നും തളര്‍ന്നും
ഒടുവിലീ ജാലകത്തിലെ
കിളിക്കൂടിന്റെ അടിച്ചുമരില്‍
താങ്ങായിരിക്കവേ,
വഴി മറക്കാത്ത കാറ്റ്
ചിലമ്പിട്ടു തുള്ളി
വിളിച്ചുണര്‍ത്തുന്നു.
വരികയെന്നൊരു
സ്വകാര്യമോതുന്നു.

Monday, January 3, 2011

പകര്‍ന്നാട്ടം

കുളിച്ചുവന്നു
കണ്ണാടിയില്‍ നോക്കുമ്പോള്‍
കാണുന്നതെന്നെത്തന്നെ .
വട്ട മുഖം, വലിയ നെറ്റി,
ഉരുളന്‍ കണ്ണുകള്‍.....
എങ്കിലും,
കണ്ണാടി കാണ്മോളം
എത്രയെത്ര വേഷപ്പകര്‍ച്ചകള്‍.

കവിത മൂളിക്കൊണ്ടീറന്‍
മുടി കോതുമ്പോള്‍
കണ്ണുകളില്‍ സ്വപ്നമുറങ്ങുന്ന ജലജ,
നീളന്‍ മുടി സ്വയമറിയാതെ ചുരുണ്ടു തുടങ്ങും.

പത്രവാര്‍ത്തയിലെ അനീതിയില്‍
നൊന്തു കലഹിക്കുമ്പോള്‍
സുഹാസിനി കൂടു വിട്ടെന്നിലേയ്ക്ക്.
കൃത്യതയോടെ വാക്കുകള്‍ നാവിലെത്തും.

കുസൃതിയുടെ കൊലുസണിയുമ്പോള്‍
രേവതിയുടെ ആഡംബരമില്ലാത്ത മുഖം
ചിരിച്ചും ചിരിപ്പിച്ചും പിണങ്ങിക്കിലുങ്ങിയും.

നിന്റെ പ്രണയത്തിലലിയുമ്പോള്‍
‘അര്‍ധ നിമീലിത‘മെന്നൊക്കെ പറയാവുന്ന
മിഴികളാല്‍ ചിരിച്ചും പറഞ്ഞും ശാന്തികൃഷ്ണ,

മഴയില്‍ ചിലമ്പില്ലാതെ ആടുമ്പോള്‍
ഉള്ളു നനയുന്ന ഭാനുപ്രിയ, ഒരു ജലചിത്രം പോലെ.
എനിക്കിത്ര ഭംഗിയോ, നിന്നെയോര്‍ക്കുമ്പോള്‍ ‍?

ഒരു നൃത്തച്ചുവടില്‍ മോഹിതയാകുമ്പോള്‍
ഇന്നലെയുടെ ശോഭന,
ഒരു മറവിയിലും പ്രണയം മറക്കാത്തവള്‍.

മുഖപടങ്ങളൊക്കെയിങ്ങനെ
മുന്‍പിലെത്തുകയല്ലേ
എടുത്തണിയാന്‍ പാകത്തില്‍.
വെള്ളിത്തിരയിലല്ലെങ്കിലും
കാണുമ്പോള്‍
ഒരു ഭംഗി വേണ്ടേ എന്നു ന്യായം.

ഒന്നു കുടഞ്ഞഴിച്ചു വെച്ച്
“ഇതാ ഞാന്‍“ എന്നു
അടുക്കളയിലേയ്ക്കൊ,
കിടപ്പുമുറിയിലേയ്ക്കോ
കരിമഷിയെഴുതാത്ത കണ്ണും,
ഉയര്‍ത്തിക്കെട്ടിയ നീളന്‍മുടിയുമായി
കടക്കാന്‍ പാകത്തില്‍
പകര്‍ന്നാട്ടത്തിന്റെ ജീവിതക്കൂട്ട്.

ഇന്നുമിന്നലെയും തുടങ്ങിയതല്ലല്ലോ
മനസ്സിന്റെയീ ആള്‍മാറാട്ടങ്ങള്‍.