കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Thursday, April 8, 2010

വാക്കിന്റെ വര്‍ത്തമാനങ്ങള്‍

1
എനിക്കും നിനക്കുമിടയില്‍
‍ഒരു വാക്കിന്റെ അന്ത്യം.
കണ്ടാലും കൊണ്ടാലുമറിയാത്ത രണ്ട്
അഹന്തകള്‍ ചേര്‍ന്നാണു
കൊല നടത്തിയതെന്നു മരണമൊഴി.

2
ഏഴു താളും ഏഴുവരിയും
ഏഴക്ഷരങ്ങളും തള്ളി വായിച്ചപ്പോള്‍
‍ഭാവി ഒരു കടും വാക്കില്‍ തടഞ്ഞു നിന്നു,
എടുത്തുമാറ്റിയപ്പോള്‍, ‍അടിയില്‍
ഒഴിഞ്ഞുപോയെന്നു കരുതിയ ഭൂതം..

3
വരണ്ട മണ്ണിലാണുനീ
വാക്കിന്റെ വിത്തെറിഞ്ഞത്.
നിന്റെ വിശ്വാസപ്പെരുമഴയേറ്റാണൊ
അതത്രയും മുളപൊട്ടിയത്?

4
നമുക്കിടയിലെ എത്രാമത്തെ വാക്കാണിതു?
മുന്‍പെ പിറന്നവയത്രയും
നിലം തൊടാതെ മറഞ്ഞു.
ഇതെങ്കിലും താഴെ വീണു
മണ്ണില്‍ വേരാഴ്ത്തിയെങ്കില്‍

5
കാറ്റെടുത്തോ കടലെടുത്തോ
ഒഴിഞ്ഞു പൊയീ
പ്രിയമുള്ള വാക്കുകള്‍ .
‍ഇനി നീയും ഞാനും പങ്കുവെയ്ക്കുമീ
ശിഷ്ടസ്വപ്നത്തില്‍
മൂകാഭിനയം മാത്രം.

18 comments:

സ്മിത മീനാക്ഷി said...

എനിക്കും നിനക്കുമിടയില്‍
‍ഒരു വാക്കിന്റെ അന്ത്യം.
കണ്ടാലും കൊണ്ടാലുമറിയാത്ത രണ്ട്
അഹന്തകള്‍ ചേര്‍ന്നാണു
കൊല നടത്തിയതെന്നു മരണമൊഴി.

പട്ടേപ്പാടം റാംജി said...

വരണ്ട മണ്ണിലാണുനീ
വാക്കിന്റെ വിത്തെറിഞ്ഞത്.
നിന്റെ വിശ്വാസപ്പെരുമഴയേറ്റാണൊ
അതത്രയും മുളപൊട്ടിയത്?

നിറഞ്ഞു തുളുമ്പിയ നല്ല വരികള്‍.
മനസ്സിലുടക്കുന്നു.

Kalavallabhan said...

"എനിക്കും നിനക്കുമിടയില്‍
‍ഒരു വാക്കിന്റെ അന്ത്യം."

രണ്ട്‌ അഹന്തകൾക്കിടയിലെ
ഒരു വിശ്വാസത്തിന്റെ അന്ത്യമാണു സംഭവിച്ചത്‌, എന്നാണു വായിക്കുന്തോറും തെളിഞ്ഞ്‌ വരുന്നത്‌.

Deepa Bijo Alexander said...

"എനിക്കും നിനക്കുമിടയില്‍
‍ഒരു വാക്കിന്റെ അന്ത്യം.
കണ്ടാലും കൊണ്ടാലുമറിയാത്ത രണ്ട്
അഹന്തകള്‍ ചേര്‍ന്നാണു
കൊല നടത്തിയതെന്നു മരണമൊഴി."

ഇഷ്ടമായി...ഈ വരികൾ...!

Vayady said...

"ഏഴു താളും ഏഴുവരിയും
ഏഴക്ഷരങ്ങളും തള്ളി വായിച്ചപ്പോള്‍
‍ഭാവി ഒരു കടും വാക്കില്‍ തടഞ്ഞു നിന്നു,
എടുത്തുമാറ്റിയപ്പോള്‍, ‍അടിയില്‍
ഒഴിഞ്ഞുപോയെന്നു കരുതിയ ഭൂതം.."


എന്താണ്‌ ഞാന്‍ പറയേണ്ടത് എന്നറിയാതെ ഈ വരികളിലേയ്ക്ക് തന്നെ കുറേ നേരം നോക്കിയിരുന്നു‌!!
പ്രതീക്ഷയും, വിശ്വാസവും, സ്വപ്നവും നഷ്ടപ്പെടുമ്പോള്‍ പിന്നെ നഷ്ടബോധം മാത്രം ബാക്കി!!!!

Vayady said...

പിന്നെ പിച്ചും പേയിലും ഞാനൊരു "സാധനം" വെച്ചിരുന്നു... എടുത്തോയെന്തോ? :)

എന്‍.ബി.സുരേഷ് said...

സ്മിത എന്തൊരു യാദൃഛികത. വാക്കിനെപ്പിടിച്ചു ഞാനൊരു പോസ്റ്റ് ഇട്ടിട്ടു നൊക്കുമ്പോഴ ഇതു കണ്ട്ത്. ആദ്യത്തെ 3 നിരീക്ഷണങ്ങള്‍ വല്ലാതെ പിടിചുലച്ചു. മുളപൊട്ടുന്നിടത്തെന്തൊ ഒരു ആവര്‍ത്തനം പോലെ. പരുക്കന്‍ ഗദ്യത്തിലാക്കാമായിരുന്നു. വാക്കിന്റെ മരണവും മുളപൊട്ടലും ഒരെയിടത്.
നിന്റെ തൊട്ടിലും
അമ്മയുടെ ശവപ്പെട്ടിയും ഇതേ മരത്തിന്റേതാണ്(എ.അയ്യപ്പന്‍) എന്നു പറഞ്ഞപോലെ.

AnaamikA said...

"വരണ്ട മണ്ണിലാണുനീ
വാക്കിന്റെ വിത്തെറിഞ്ഞത്.
നിന്റെ വിശ്വാസപ്പെരുമഴയേറ്റാണൊ
അതത്രയും മുളപൊട്ടിയത്?"

നല്ല വരികള്‍..ഒരുപാട് ഇഷ്ടപ്പെട്ടു.

Wash'Allan JK | വഷളന്‍ ജേക്കെ said...

"ശിഷ്ടസ്വപ്നത്തില്‍
മൂകാഭിനയം മാത്രം. "

പറയാന്‍ വാക്കു‍ കിട്ടാതെ ഞാന്‍ സ്തബ്ധനായി ഇരുന്നുപോയി. നിശബ്ദതയാണ് എനിക്ക് തരാനുള്ള ഏറ്റവും വലിയ കമന്റ്.

t.a.sasi said...

നിശ്ശബ്ദതയോളം അടുക്കുന്നുണ്ട്
സ്മിതയുടെ കവിതകള്‍..

Anonymous said...

ഈ കവിത വായിച്ചു, പഴയ കുറെ പോസ്റ്റുകളും. കവിതയില്‍ കനം തൂങ്ങി നില്‍ക്കുന്ന നിരാശ കാണാം, ദുഃഖവും നിര്‍വ്വികാരതയും കണ്ടു ഞാന്‍....1-ലെ വാക്ക് സ്‌നേഹം എന്നായിരുന്നുവോ. 2-ാമനെ മനസ്സിലായി, പറയാന്‍ വയ്യ.....ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെപ്പച്ച.


വാക്കുകളെ സ്‌നേഹിക്കുന്നു എന്നു പ്രൊഫൈല്‍ കണ്ടു. കൊള്ളാം...മീനാക്ഷി എന്ന പേരും ഇഷ്ടമാണ് ഏറെ.........

പിന്നെ കാളിന്ദി ഒഴുകിക്കൊണ്ടേയിരിക്കട്ടെ......Ever Changing, ever flowing and yet ever the same Ganga...;ചാച്ചാജിയുടേതാണെന്നു തോന്നുന്നു വാക്കുകള്‍...അതുപോലെ എന്നും വ്യത്യസ്തയോടെ വാക്കുകള്‍ ഒഴുകിക്കൊണ്ടേയിരിക്കട്ടെ് താങ്കളുടെ തൂലികയില്‍ നിന്നും, അതിനു വ്യത്യസ്തയുമുണ്ടാകട്ടെ....
സ്‌നേഹം
മൈത്രേയി....

ശ്രീ said...

നന്നായിരിയ്ക്കുന്നു, നല്ല കവിത

രാജേഷ്‌ ചിത്തിര said...

തേടുന്ന വാക്കിന്റെ മഴവില്ല്...

ഒന്നും രണ്ടും ഞാനെടുക്കുന്നു.

മൂന്നും നാലും നമുക്കിടയിലെ കനിവു കിട്ടാത്തൊരു കനവ്;
സ്വപ്നങ്ങളുടെ ചാപിള്ള..

അഞ്ച്......ആടിത്തീരട്ടെ ....

സ്മിത മീനാക്ഷി said...

വാക്കുകള്‍ മുള പൊട്ടാന്‍ മഴ പൊഴിക്കുന്ന സുമനസ്സുകള്‍ക്കു നിറമനസ്സോടെ നന്ദി.. എല്ലാ കൈയ്യൊപ്പുകളും ഹൃദയത്തിലേറ്റുവാങ്ങുന്നു.

സ്നേഹപൂര്‍വം സ്മിത.

നിയ ജിഷാദ് said...

കൊള്ളാം ആശംസകള്‍....

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കവിത നല്ല നിലവാരം പുലര്‍ത്തി ഒപ്പം ഐശ്വര്യ സമൃദ്ധമായ വിഷു ആശംസകള്‍ നേരുന്നു.

Arun Meethale Chirakkal said...

Manoharam! Liked the first one the most.

sm sadique said...

പ്രിയമുള്ള വാക്കുകളെ കാറ്റോ കടലോ എടുക്കുമ്പോള്‍ ശിഷ്ട്ടം ശബ്ദമില്ലാത്ത സ്വപ്നം മാത്രം . കവിത ആശയസമ്പന്നം.