കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Wednesday, August 25, 2010

പിറവി

“കാറ്റുണ്ട്....“
ഒച്ചയില്ലാതെ ഇലയനങ്ങി,
“കരുതലുണ്ട്...“
ഒന്നുചിമ്മി തണ്ടുണര്‍ന്നു.
അറിയുന്നുവെന്ന്
മണ്ണുറപ്പില്‍ പിടിച്ചമര്‍ന്നൂ വേര്..
വേരിറുക്കത്തില്‍ മനമര്‍പ്പിച്ച്
തണ്ടു നിവര്‍ന്നു.
ഇലമടക്കില്‍ ധ്യാനത്തിന്റെ
അതിദീര്‍ഘ ശ്വാസം..
ഒന്നു തുടിച്ച്,
വിരല്‍ പച്ചകളില്‍
ഇളം മേനി താങ്ങി
മിഴി തുറന്നു പൂ മൊട്ട്..
ഇറ്റു സുഗന്ധം ചാലിച്ച്
പിറവിയുടെ വര്‍ത്തമാനം പേറി
കാറ്റ് ഉള്‍ക്കുളിരോടെ ....

(ആഗസ്ത് ലക്കം തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത്.
http://www.chintha.com/node/82126)

Monday, August 16, 2010

നീയും ഞാനും.

ഞാന്‍ നിന്നെയും
നീ എന്നെയും വായിക്കുമ്പോള്‍
അക്ഷരത്തെറ്റുകള്‍,
പരിഭവിച്ചും പറഞ്ഞും മുന്നേറുമ്പോള്‍
ഇതാ, ചിതലരിച്ചു
ദ്രവിച്ചൊരു വാക്കെന്നു ഞാന്‍,
ഇവിടിതാ,
പരമ്പരാഗത ചിന്താവഴിയില്‍ നിന്നു
കടമെടുത്തയൊരു വരിയെന്നു നീ...
പിണങ്ങി,
വഴിയോരം, പുഴയോരം
അലയാന്‍ പോയ കണ്ണുകള്‍
തിരികെയെത്തുമ്പൊള്‍,
പുതുപുസ്തകത്തിന്റെ സുഗന്ധം
നിന്നിലെന്നു ഞാനും,
എന്നിലെന്നു നീയും.

Wednesday, August 11, 2010

വേലി

വേലി,
അതിരിലെ അവകാശ പ്രഖ്യാപനം,
മറവിന്റെ ഹരിതക നിര്‍മ്മിതി
പിന്നെ,
സ്വാതന്ത്ര്യത്തിന്റെ നിലവിളിയും.

അതിരുകള്‍ അളന്നു തിരിച്ച്
വേലി കെട്ടിയപ്പോള്‍ ‍
ഓര്‍മ്മ വന്നത്
ഉപോത്പന്നമാകുന്ന വേലിചാട്ടം.

ഇളകിയ ഒരു വേലിക്കമ്പ്
നുഴഞ്ഞുകയറ്റതിനുള്ള
രഹസ്യവാക്കാണ്,
പാമ്പിനു പടമൂരാനുള്ള കൊളുത്തും.

Monday, August 2, 2010

തേജോമയം - ഒരു വായന

ശ്രീമതി സാറാ ജോസഫിന്റെ “തേജോമയം” എന്ന നോവല്‍ വായിച്ച്, മനസ്സു കുറിച്ച വരികള്‍ .


“ഓര്‍മീലേ ...രൂബീ... , ഓര്‍മയുണ്ട് ജെമ്മാ...പിന്നെ സഞ്ചാരമാണ് , ചിരിച്ചും കുഴഞ്ഞും കരഞ്ഞും പിഴിഞ്ഞും ഓര്‍മകളിലൂടങ്ങനെ”
അറുപത്തിമൂന്നും അറുപതും വയസ്സായ യൌവ്വനങ്ങള്‍ പുര കത്തുന്ന പോലെയും പുഴ നീന്തുന്നപോലെയും ഇങ്ങനെ പിന്നോക്കം പോകുമ്പോള്‍ തേജോമയമായ ഒരു ലോകം തുറക്കപ്പെടുകയാണ്. ആ യാത്ര ചെന്നെത്തുന്നത് ഒരു തക്കിടമുണ്ടത്തി ചേച്ചിയുടെയും കൊട്ടക്കോലു പോലെ ഉണങ്ങിയ ഒരു അനുജത്തികുട്ടിയുടെയും മുന്‍പിലാകും. അവിടെ മൂന്നു പേര്‍ കൂടിയുണ്ട്.അവരുടെ അപ്പനും അമ്മയും അനുജനും. ഒന്നര വയസ്സുള്ളപ്പോള്‍ കയ്യിലൊരു റബ്ബര്‍ താറാവിനെയും പിടിച്ചു നില്‍ക്കുന്ന തക്കിടമുണ്ടത്തി, പിന്നെ ഏഴുവയസ്സുള്ള കൊട്ടക്കോല്, നാലുവയസ്സുകാരന്‍ അനുജന്‍.. ഈ ചിത്രങ്ങളാണ് കാലത്തിന്റെ തുടക്കത്തില്‍ കാണാന്‍ കിട്ടുക.

കാലം കടന്നു പോകുന്നു, ജെമ്മ വിവാഹിതയായി, റൂബിയാകട്ടെ പുസ്തകങ്ങളെ പ്രണയിച്ചു, വിവാഹം വേണ്ടാ എന്നുറച്ചുനിന്നു. അതുകൊണ്ടു അനുജന്‍ ഇസ്സാക്കിനു അവള്‍ക്കു വേണ്ടി സ്ത്രീ ധനം കൊടുക്കേണ്ടിവന്നില്ല, സ്വന്തം പേരില്‍ കിട്ടിയ കുടുംബവീട് വിറ്റ് അവന്‍ ഭാര്യയുടെയും മകളുടെയും പേരില്‍ ഫ്ലാറ്റും ഭൂമിയും വാങ്ങി. എങ്കിലും കൂടെ താമസിക്കാന്‍ പെങ്ങളെ അവന്‍ അനുവദിച്ചു, പക്ഷെ ജെമ്മയാണ് എതിര്‍ത്തത്, “വേണ്ട രൂബീ അവന്‍ നിന്നെക്കൊല്ലും” . സ്വത്തു ചോദിക്കാതിരിക്കാന്‍ അവന്‍ അതു ചെയ്താലൊ എന്നയിരുന്നു ജെമ്മയുടെ പേടി, സ്വത്തല്ല, ഇസ്സാക്കിന്റെ വീട്ടിലെ ബേബി സിറ്ററുടെ ജോലിയാണ് അവീടെ തമസിക്കുന്നതില്‍ നിന്നും റൂബിയെ മടുപ്പിച്ചത്. അങ്ങനെയാണു ജെമ്മയുടെയും ഭര്‍ത്താവ് റാഫെലിന്റെയും കൂടെ റൂബി താമസം തുടങ്ങിയത്. “ രാഫേലിനോടു ശിങ്ങരിക്കണമെന്നു തോന്നിയാല്‍ ഇത്തിരി ശിങ്ങരിച്ചൊ“എന്നു ജെമ്മയുടെ അനുവാദവും. പക്ഷെ റൂബിയ്ക്കു ശൃഗാരം ഇല്ലായിരുന്നു. അവള്‍ പുസ്തകങ്ങളുടെ ലോകത്തില്‍ സന്തോഷവതിയായിരുന്നു, കൂടെ വീട്ടുജോലികളും സമാധാനത്തോടെ ചെയ്തു.

റാഫേലിന്റെ വീട് നിര്‍മിതി വിസ്മയം തന്നെയാണ് . അതിനു ഉത്തരവാദി അപ്പനാണെന്നു റാഫേല്‍. “ലോകത്തിന്റെ ഏകാന്തമായ ഒരു മൂലയില്‍, അങ്ങനെ പറഞ്ഞാലൊന്നും ശരിയാവില്ല -ഏകാന്തമായ ഒരു കുഴിയില്‍ “ ആണ് ആ വീട്. പലതട്ടുകളിലായി പത്തിരുപത്തൊന്നു പടികള്‍ കയറിയും ഇറങ്ങിയും വേണം വീടെത്താന്‍, വീടെത്തിയാലൊഉള്ളില്‍ വീണ്ടും കുന്നും കുഴികളും. അതു നിര്‍മ്മിച്ച മൂത്താശ്ശാരിമാരെ ശപിക്കാനേ റൂബിയ്ക്കു നേരമുള്ളു, വണ്ണം അധികമായ ജെമ്മയാണ് പടികളില്‍ തട്ടി വീഴുക. വല്ലാതെ വണ്ണം വെച്ച ജെമ്മ സാരിയുടുത്തുനടന്നിട്ടല്ലേ തട്ടിവീഴുന്നതെന്നു നമ്മള്‍ വിഷമിക്കുമ്പൊഴേയ്ക്കും റൂബി എത്തുകയായി, “ജെമ്മ ഇനി ഉടുപ്പിട്ടാ മതി“ എന്ന്. ഗൃഹനിര്‍മ്മാണത്തിന്റെ ഈ കാഴ്ച കൌതുകകരമാണ്. ഈ വീട്ടില്‍ പൂമുഖത്ത് ഒരാള്‍ കൂടിയുണ്ട്, ഗെദ്സെമെന്‍ തോട്ടത്തില്‍ ചിന്താധീനനായിരിക്കുന്ന യേശു. രക്തം വിയര്‍ക്കുമ്പോഴും അതു ആ സഹോദരിമാരുടെ മേല്‍ വീഴാതിരിക്കാന്‍ അഡ്ജസ്റ്റ് ചെയ്തു ചുവരിലിരിക്കുന്ന ദൈവപുത്രനോട് ആശയവിനിമയം ഉള്ളതു റൂബിക്കാണ്.

ജെമ്മയൂടെ ഉള്ളില്‍ അറുപത്തിമൂന്നാം വയസ്സിലും ഒരു പൂങ്കാവനം പൂത്തുലയുന്നുണ്ട്, അവരുടെ കവിള്‍ ചുവക്കുകയും കണ്ണൂകള്‍ തിളങ്ങുകയും ചെയ്യാറുണ്ട്. ഒന്നരവയസ്സുള്ളപ്പോള്‍ റബ്ബര്‍ താറാവിനെയും പിടിച്ചുനിന്നഫോട്ടൊയിലെ കുഞ്ഞുടുപ്പു ഈ പ്രായത്തിലും സ്വപ്നം കാണുന്നവളാണ്. ആ ഫോട്ടോയ്ക്ക് പല കഥകളും ഉണ്ട്. അതിലൊന്നു വിവാഹപിറ്റേന്ന് അതു റാഫേലിനെ കാണിച്ചതാണ്. “ഇതാരാ അറിയൊ” എന്നു കൊഞ്ചിയ ജെമ്മയോട്റാഫേല്‍ വികൃതിച്ചിരിയോടെ പറഞ്ഞതു “ ആ റബ്ബര്‍ താറാവിനെ ഞാന്‍ കണ്ടിട്ടില്ല, പക്ഷെ ആ ജട്ടി ഞാന്‍ കണ്ടിട്ടുണ്ട്.”എന്നാണ്. “എന്തു വഷളനാല്ലേ റാഫേല്‍“ എന്നു സങ്കടപ്പെടുന്ന ജെമ്മയൊടു വിവാഹം കഴിക്കാത്ത റൂബി പറയുന്നത് ഇത്തരം വഷളത്തരങ്ങളൊക്കെ പൊറുക്കുന്നതാണ് ദാമ്പത്യമെന്നാണ്.

കല്യാണം കഴിച്ചതില്‍ പിന്നെ ജെമ്മയ്ക്കു അല്‍പ്പായുസ്സുക്കാളായ ഒരുപാടു പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്, പലതിനും ഒരു ദിവസത്തിനപ്പുറം വളര്‍ച്ചയുണ്ടാകാറില്ല എന്നു മാത്രം. “എത്ര കൊണ്ടാലും പഠിക്കില്ലെ ജെമ്മാ” റൂബി ചൊദിക്കും, ജെമ്മയുടെ മറുപടികള്‍ തികച്ചും ആത്മാര്‍ത്ഥമാണ്, അവള്‍ക്കു പ്രണയം പ്രണയം തന്നെയായിരുന്നു. അവള്‍ പ്രണയത്തിന്റ മാലാഖയായിരുന്നു. അതുകൊണ്ടാണ് പൂവിതളുകള്‍ പൊലെ അവളുടെ ശരീരത്തില്‍ പറ്റിചേര്‍ന്നുകിടന്ന പാന്റീസിന്റെ അതിരുകള്‍, നനുത്ത അടിപ്പാവാടയ്ക്കും അതിലും നനുത്ത സാരിയ്ക്കും അടിയിലൂടെ കണ്ട് അതിനെ അനുഗമിച്ചുനിലതെറ്റി പ്രണയം ഭാവിച്ചു ചുംബിച്ച കാമുകനെ അവള്‍ ഒഴിവാക്കിയത്. . “ ആദ്യായിട്ടു കാണുമ്പോള്‍ മുഖത്തേയ്ക്കു നോക്കുന്നതിനു പകരം പാന്റീസിലേയ്ക്കു നോക്ക്വോ, അധമന്‍” , സത്യമല്ലെ?കാമുകന്‍ ചുംബിക്കുമ്പോള്‍ പ്രണയം മണക്കണം എന്നു പറയുന്ന ജെമ്മ മുലപ്പാലു കുടിക്കുന്ന കുഞ്ഞിന്റെ വായയുടെ മണമാണതെന്നു റൂബിയ്ക്കു പറഞ്ഞുകൊടുക്കുന്നു. “യൌവ്വനംഇളംചുവപ്പു നിറത്തില്‍ അവളുടെ ദേഹമാകെ ഓളങ്ങളിളക്കിക്കൊണ്ടിരുന്ന കാലത്താണു“ ജെമ്മ അങ്ങനെ പറഞ്ഞത്. “ മുലപ്പാലിന്റെ ഇളം മണമുള്ള വായ കൊണ്ടു അവളെചുംബിക്കാന്‍ കര്‍ത്താവു തന്നെ വരേണ്ടിവരും“ എന്നു റൂബി കരുതിയെങ്കിലും ഒരാള്‍ എത്തുക തന്നെ ചെയ്തു. “ ഇഷ്ടന്‍ “ എന്ന് ജെമ്മ വിളിച്ച കാമുകന്‍. അയാള്‍ മരിക്കും വരെ ജെമ്മ ഭൂമിയില്‍ കാല്‍ കുത്തിയിട്ടില്ല , ആകാശത്ത് മേഘങ്ങളുടെ വീട്ടില്‍ തന്നെ ആയിരുന്നു. അയാളുടെ മരണം അവളെ ആറുമാസത്തെയ്ക്കു കിടക്കയില്‍ തള്ളിയിട്ടു. പ്രണയത്തിന്റെ പൂക്കളെല്ലാംഅവള്‍ ഇഷ്ടന്റെ കുഴിമാടത്തില്‍ തല്ലിക്കൊഴിച്ചിട്ടു. പിന്നീടു കരഞ്ഞില്ല, മുഖം ചീര്‍ത്തു , വേഷം അലസമായി.

പിന്നീടായിരുന്നു രോഗബാധിതനായിരുന്ന റാഫേലിന്റെ മരണം. മരണക്കിടക്കയില്‍ അയാളെ മടുപ്പില്ലാതെ ശുശ്രൂഷിച്ചതു റൂബിയാണ്. “ ആ ദിവസങ്ങളിലാണു അവള്‍ ഏറ്റവുംകൂടുതല്‍ പുസ്തകങ്ങള്‍ വായിച്ചതും“. ഒടുവില്‍ മരിക്കുന്ന അന്നു രാവിലെ ജെമ്മ അയാളുടെ മുറിയില്‍ വന്നു, കൈപിടിച്ച് അടുത്തിരുന്നു. ഒടുവില്‍ ആ കൈ തണുത്തു മരവിച്ചപ്പോള്‍റൂബിയാണ് അവളുടെ ചൂടുള്ള കൈകളെ അടര്‍ത്തിയെടുത്തത്.

ക്രിസ്തു ചിരിക്കാത്തതിനെപ്പറ്റിയും ജെമ്മയ്ക്കു പരാതി ഉണ്ടായിരുന്നു. ഹൃദയം പൊരിയുന്നവര്‍ക്കു കൂട്ടാകാന്‍ എപ്പോഴും അഗാധചിന്തയില്‍ ഇരിക്കുന്ന ഒരാള്‍ക്കു പറ്റുമൊയെന്നയിരുന്നു അവരുടെ സംശയം.

ഇസ്സാക്കിന്റെ ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കാന്‍ റൂബിയ്ക്കു പോകേണ്ടിവരുമ്പോള്‍ കൂടെ പോകാതിരിക്കാന്‍ ജെമ്മയ്ക്കാവുന്നില്ല. അവിടെ ജീവിതം ദുസ്സഹമായിരിക്കുമെന്നറിഞ്ഞിട്ടും .വിചാരിച്ചതില്‍ അധികം കഷ്ടപ്പാടുകള്‍ നിറഞ്ഞ ആ ജീവിതത്തില്‍നിന്നു തിരിച്ചുവരുമ്പോള്‍ റൂബിയ്ക്കു മരണചീട്ടേഴുതികിട്ടിയിരുന്നു. പതിമൂന്നു ദിവസം കൂടി പുസ്തകം വായിച്ച് അവള്‍ കണ്ണടച്ചു.റൂബി ഒരു ഗാന്ധിയനായിരുന്നു എന്ന ജെമ്മയുടെ വാ‍ക്കു മനസ്സിലാകാതെ ഇസ്സാക്ക് അവളെ ഭാര്യയുടെ സില്‍ക്കുസ്സാരി ഉടുപ്പിച്ചു,ഇവിടെ സാറ റ്റീച്ചര്‍ പറയുന്നു, “ജീവിച്ചിരിക്കുമ്പോള്‍ ചെയ്ത ശരികള്‍ മരിക്കുമ്പോള്‍ മറ്റുള്ളവര്‍ തിരുത്തുന്നു”.

പ്രണയങ്ങളും റൂബിയും ഇല്ലാതായ ജെമ്മ തനിച്ചായി. ഭിത്തിയിലെ കര്‍ത്താവിനോടു അവള്‍ക്കു വിനിമയങ്ങളില്ലായിരുന്നു. “മടങ്ങിവരില്ലെന്ന മൊഴിയോടെ എല്ലാ കിളികളും പറന്നുപോയ മരം പോലെ ജെമ്മ നില്‍ക്കുന്നു’എന്നാണ് നൊവെലിസ്റ്റ് പറയുന്നത്.റൂബി വായിച്ചു മുഴുമിക്കാതെ വച്ചിരുന്ന പുസ്തകം എടുക്കുന്നു. “അതു വായിച്ചുമുഴുമിക്കേണ്ടവള്‍ ജെമ്മയാണെന്നു ജെമ്മയ്ക്കറിയാം” , മിലാന്‍ കുന്ദേരയുടെ “ഫെയര്‍വെല്‍ വാല്‍ട്ട്സ് “.ഇടയ്ക്കു വെച്ചു വായന തുടങ്ങിയ ജെമ്മ അതില്‍ മുങ്ങിത്തുടിക്കുന്നു. ശ്വാസം നിലച്ചുപോകുന്ന അവസ്ഥയില്‍ അവള്‍ പുസ്തകത്തിന്റെ തുടക്കത്തിലേയ്ക്കു തിരിച്ചുപൊകുന്നു, വായന തുടരുമ്പോള്‍ പ്രണയാതുരയായ അവള്‍ക്കായി കര്‍ത്താവു
ഒലിവിലകളുടെമണമുള്ള ഒരു കാറ്റ് അയച്ചുകൊടുത്തു. പേജുകള്‍ ഒരു ധൃതിയുമില്ലാതെ മറിഞ്ഞുകൊണ്ടിരുന്നു. അപ്പോള്‍ ഒരുപാടു കാലത്തിനു ശേഷം ജെമ്മയുടെ ടെലിഫോണ്‍ റിംഗ് ചെയ്യുന്നു.
അവള്‍ കേള്‍ക്കുന്നു,“ ജെമ്മാ എന്റെ പ്രണയമേ..”
ജെമ്മ ഉറക്കെ നിലവിളിച്ചു, “ആരാ”? "മുളംകുഴലിലൂടെകടന്നുപോകുന്ന ഗംഭീരമായ കാറ്റു പോലെ അയാള്‍ പറഞ്ഞു.. .....ഞാന്‍ ......മിലാന്‍ കുന്ദേര”.

ഈ ലോകം തേജോമയം തന്നെ. പ്രണയത്തിന്റെ, പെണ്ണിന്റെ, പ്രകൃതിയുടെ, പുസ്തകങ്ങളുടെ, സ്നേഹത്തിന്റെ ... എന്തിനേറെ, ജീവിതത്തിന്റെ തേജസ്സു വിളങ്ങുന്ന ലോകം. സാറാ റ്റീച്ചറിനു ഒരുപാടു നന്ദി... ഹൃദയം തുളുമ്പുന്ന സ്നേഹവും...