കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Sunday, January 8, 2012

പുരുഷവൃക്ഷങ്ങള്‍

അത്തി, ഇത്തി , അരയാല് , പേരാല്
പിന്നെ ,
പേരറിഞ്ഞും അറിയാതെയും
കണ്ടും കാണാതെയും
തൊട്ടും തൊടാതെയും അറിഞ്ഞ
പുരുഷവൃക്ഷങ്ങള്‍ .

നിരാസത്തില്‍ ചുറ്റിപ്പടര്‍ന്ന
വേരുകളില്‍ ഒറ്റത്തടിയായുയര്‍ന്ന്
തെങ്ങുകള്‍ പോലെ ചിലര്‍ ,
ഇളനീരോ, പച്ചോലയോ
മൂപ്പെത്തിയ കായ്കളോ
വേണ്ടതെന്തുമെടുക്കുക
എന്നൊരു മുനിവാക്യം
പോലെ ഈര്‍ക്കില്‍ മുനകള്‍ ,
ചായാനും ചരിയാനുമില്ലെന്നു
കാറ്റിനോടും ഭരതവാക്യം.

ചാരിനിന്നാലും മുഖം ചേര്‍ത്തമര്‍ന്നാലും
ഉള്ളില്‍ തുളുമ്പുന്ന മണമറിയിക്കാതെ
ചന്ദനം പോലെ ചിലര്‍,
ഒന്നു ചീന്തിത്തുറന്നാലോ
വിടാതാലിംഗനം ചെയ്യും സുഗന്ധശാലകള്‍,
കൈവിട്ടു കാലം കഴിഞ്ഞാലും
വിരല്‍ത്തുമ്പിലോ മുന്‍‌കഴുത്തിലോ
തൂമണം തൂകിയൊരു സ്മൃതിക്കുറി.

ചിലര്‍ വാക പോലെ
ഇലച്ചാര്‍ത്തും പൂപ്പടര്‍പ്പും കാട്ടി കൊതിപ്പിച്ച്,
വരൂ , കൂടുകള്‍ കൂട്ടു എന്നു പ്രലോഭിപ്പിക്കും
ആഞ്ഞൊരു കാറ്റു വീശിയാല്‍
എല്ലാം തകര്‍ന്നേയെന്നൊരു നിലവിളിയില്‍
അടര്‍ന്നു വീഴുന്ന ചില്ലകള്‍.
ഒന്നു മയങ്ങിയുണര്‍ന്ന്
പച്ചച്ചിരി നാമ്പു കാട്ടി തിരിച്ചുവിളിക്കുമെങ്കിലും
ചിതറിത്തെറിച്ച കൂടുകളും കിളിമുട്ടകളും
തിരിച്ചു തരാനാവില്ലല്ലോ.

ചിലര്‍, മലമുകളിലെ പാറക്കെട്ടിനിടെ
വേരാഴത്തിന്റെ അതുല്യതയില്‍
തലയുയര്‍ത്തി നില്‍ക്കുന്നവര്‍.
ഏറ്റവും ഉയരത്തില്‍ പറക്കുന്ന
കിളിക്കേ കൂടുകൂട്ടാനാവൂ എന്നു
കാറ്റിന്റെ മുന്നറിയിപ്പ്.
താഴ്വരയില്‍ നിന്ന്
ഒരു വൃക്ഷപൂജ നടത്തി
ആരാധിക്കാമെന്നു മാത്രം.

ഇലയും പൂവും കായുമൊക്കെ
ഏതാണ്ടൊരേ തരത്തില്‍
പാഴ് മരങ്ങളേറെ,
കുലവും ഗോത്രവുമറിഞ്ഞിട്ടെന്തിനാണെന്ന്
ഒറ്റനോട്ടത്തില്‍ തോന്നിപ്പോകും.

ഇത്തിള്‍‌ക്കണ്ണികള്‍ നിറഞ്ഞ
ശാഖികളില്‍ കൂടുകൂട്ടുന്ന മരണം
ചുമന്ന് പിന്നെയും ചിലര്‍.

കാടും മരങ്ങളും ഇനിയുമെന്നു
വഴിക്കിളികള്‍ ചിലയ്ക്കുമ്പോള്‍
പിന്നിലേയ്ക്കോടി മറയുകയാണ്,
പച്ചച്ച മരകാഴ്ചകള്‍ ..

( ജനുവരി ലക്കം മലയാളനാടില്‍ പ്രസിദ്ധീകരിച്ചത് , എം. ആർ. അനിൽകുമാറിന്റെ എനിക്ക്‌ പരിചയമുള്ള സ്ത്രീകള്‍ എന്ന കവിത പ്രചോദനം)