കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Sunday, December 26, 2010

പച്ചപ്പുള്ള കഥ - ഹരിത മോഹനം

രണ്ടാഴ്ച മുന്‍പു മാതൃഭൂമി വാരന്ത്യപ്പതിപ്പില്‍ വായിച്ച “ഹരിതം മോഹനം” എന്ന ലേഖനമാണ് ശ്രീ സുസ്മേഷ് ചന്ദ്രോത്തിന്റെ ‘ഹരിതമോഹനം‘ എന്ന കഥയെ വീണ്ടും ഓര്‍മ്മയിലേയ്ക്കു കൂട്ടികൊണ്ടുവന്നത്.

മാതൃഭൂമിയില്‍ ( വാരിക, സെപ്റ്റെംബെര്‍ 2009) തന്നെയാണ് “ ഹരിതമോഹനം” ആദ്യമായി വായിച്ചത്. ഈ എഴുത്തുകാരന്റെ ഏതൊക്കെയോ കഥകള്‍ മുന്‍പു വായിച്ചിരുന്നെങ്കിലും ഒരു മുന്‍ വിധിയുമില്ലാതെ വായന തുടങ്ങി. പക്ഷേ, ഞാന്‍ വായിക്കുകയായിരിന്നില്ല, ആശയമോ കാവ്യഭാഷയോ എന്തുകൊണ്ടാണെന്നറിയില്ല, മനസ്സു അതിലൂടെ ഒഴുകിനീങ്ങുന്ന ഒരനുഭവം പോലെയാണു തോന്നിയത്. വായിച്ചു തീരുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. മഹാനഗരത്തില്‍ മണ്ണ് അന്വേഷിച്ചു പോയ സ്വാനുഭവങ്ങള്‍ ഓര്‍ത്തോ, നാടുവിട്ട് ഒരുപാടു വര്‍ഷങ്ങള്‍ കഴിഞ്ഞും മനസ്സില്‍ ബാക്കി നില്‍ക്കുന്ന ഹരിത നൊസ്റ്റാല്‍ജിയ കൊണ്ടോ എന്നറിയില്ല, ഞാന്‍ അല്പനേരം നിശബ്ദമായി കരഞ്ഞു.

“ ഈ ഭൂമിയെ സംബന്ധിച്ച ചില ആലോചനകളിലാണ്ടു കിടക്കുകയായിരുന്നു ഞാന്‍ .” എന്നാണു കഥ തുടങ്ങുന്നത്. ഭൌമോപരിതലത്തിലെ മഹാജീവജാലങ്ങളും കാനനനിഗൂഡതയും ഒക്കെ ചേര്‍ന്ന സ്വപ്ന സദൃശ രംഗങ്ങള്‍ എന്ന അരവിന്ദന്റെ ആലോചനകള്‍ പ്രകൃതിയെ സ്നേഹിക്കുന്ന ആരെയും കഥയിലേയ്ക്കു ആകര്‍ഷിക്കും.
ഏഴാം നിലയിലെ ചെറിയ ഫ്ലാറ്റില്‍ ജീവിക്കുകയാണു അരവിന്ദാക്ഷന്റെ ഇടത്തരം കുടുംബം. കുടുംബമെന്നാല്‍ ‍, ഭാര്യ സുമനയും മക്കള്‍ തന്മയയും പീലിയും. ആ ഇത്തിരിക്കൂട്ടിലേയ്ക്കു, ലിഫ്റ്റ് കയറിവരുന്ന തൈ മരങ്ങള്‍ അവിടെ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ , ഒപ്പം എന്നെങ്കിലും ഇത്തിരി മണ്ണ് സ്വന്തമായി വാങ്ങി അവിടെയൊരു വീടുവയ്ക്കും എന്ന സ്വപ്നം മരങ്ങള്‍ കൂടി പങ്കുവയ്ക്കുമ്പോഴുണ്ടാകുന്ന വിശാലത.. ഒക്കെയാണു കഥാകാരന്‍ പ്രകൃതിസ്നേഹത്തില്‍ ചാലിച്ച് പച്ച നിറത്തില്‍ വരച്ചിടുന്നത്.

“ ഒരു മഹാനഗരത്തില്‍ മണ്ണന്വേഷിച്ചു പോകേണ്ടിവരുമ്പോഴേ മണ്ണ് കിട്ടാനില്ലാത്തതിന്റെ സങ്കടം ബോധ്യമാവൂ” കഥയില്‍ പറയുന്നു, അതു സത്യമെന്നു ഞാനും എന്നെപ്പോലെ ഒരുപാടു പേരും അനുഭവിച്ചറിഞ്ഞതാണ്.
ഇലഞ്ഞിയും പൊന്‍ ചെമ്പകവും മന്ദാരവും നാഗലിംഗമരവും നീര്‍ മാതളവും പുന്നയും ഒക്കെ ആ വീട്ടിലേയ്ക്കു ലിഫ്റ്റ് കയറി വരുന്നത് സത്യത്തില്‍ അരവിന്ദന്റെ അതിമോഹം കൊണ്ടാണ്. ആദ്യമൊക്കെ എതിര്‍ത്തെങ്കിലും സുമനയുടെ മനസ്സില്‍ ആ പച്ചപ്പ് സ്വന്തമായൊരു വീട് എന്ന സ്വപ്നത്തിനു തണലാകുകയായിരുന്നു.

“പൂക്കള്‍ വിടരുന്ന ഒരു ചെടി തൊട്ടടുത്തു വളരുന്നത് മക്കള്‍ക്കു ഇനി മുതല്‍ കാണാം“ എന്നു സന്തോഷിക്കുന്ന അരവിന്ദന്‍ പക്ഷേ, “മണ്ണും മരവും ഒരു മനുഷ്യന്‍ ലജ്ജിച്ചും ഭയപ്പെട്ടും കൈകാര്യം ചെയ്യേണ്ടവയായി മാറിക്കഴിഞ്ഞ കെട്ടകാലമാണൊ ഇത്” എന്നു ഭയപ്പെടുകയും ചെയ്യുന്നുണ്ട്.

ലിഫ്റ്റില്‍ മണ്ണു വീണതിനെപറ്റിയുള്ള പരാതികളില്‍ തുടങ്ങുന്ന പ്രശ്നങ്ങള്‍ പിന്നീടും തുടരുകയാണ്.
പക്ഷെ വീടിന്റെ ടെറസ്സിലെ ഹരിത വനം പല പരാതികള്‍ക്കും വഴിവയ്ക്കുന്നത് അരവിന്ദന്‍ അറിയുന്നില്ല, ഒടുവില്‍ പരാതികള്‍ വാടകവീടിന്റെ വാതിലില്‍ മുട്ടി വിളിക്കുമ്പോള്‍ എല്ലാത്തിനും ഉത്തരമായി സുമന കെയര്‍ ടേക്കര്‍ രാജന്‍ പിള്ളയ്ക്കു കൊടുക്കുന്ന ഉത്തരം ‘ ഹെര്‍ബേറിയം “ എന്ന വാക്കും അതിനു പിന്നാലെ പതുക്കെത്തുറന്ന ടെറസ്സ് വാതിലിലൂടെ അകത്തേയ്ക്കു തള്ളിക്കയറിവരുന്ന ഇലച്ചാര്‍ത്തുകളും ആണ്. എന്നെങ്കിലും മണ്ണിലേയ്ക്കു മാറിത്താമസിക്കാം എന്നു കരുതി, കുഞ്ഞു മരങ്ങള്‍ അവയുടെ പേരും ശാസ്ത്രനാമവും എഴുതിയ ചെടിച്ചട്ടികളില്‍ വളരുന്ന ഹരിത മോഹനമായ കാഴ്ച.
മരങ്ങളും ചെടികളും നിറഞ്ഞ, വീടു വയ്ക്കാവുന്ന ഒരു സ്ഥലം വാങ്ങലിലേയ്ക്കു അരവിന്ദന്റെ കൊച്ചുകുടുംബത്തെ എത്തിക്കാന്‍ എത്തിക്കാന്‍ രാജന്‍ പിള്ളയ്ക്ക് ഈ കാഴ്ച ധാരാളമായിരുന്നു.

“ചെമ്പക പുഷ്പ സുവാസിത യാമം മൂളിക്കൊണ്ട് ഞാന്‍ കഴുത്തു പൊക്കി നോക്കി. ഏഴാം നിലയില്‍ നിന്നു ഇലകള്‍ താഴേയ്ക്കു നോക്കി തലയാട്ടുന്നു.” വായിച്ചു നിര്‍ത്തുമ്പോള്‍ നമ്മുടെ മനസ്സിലും ചെമ്പകപുഷ്പ സുവാസിത യാമം നിറയ്ക്കാന്‍ കഥാകാരനു കഴിയുന്നു.

പ്രിയപ്പെട്ട സുസ്മേഷ് ,ഈ പച്ചപ്പിനും പൂമരത്തണലിനും നന്ദി .

മാതൃഭൂമി ബൂക്സ് പ്രസിദ്ധീകരിച്ച “മരണവിദ്യാലയം” എന്ന കഥാ സമാഹാരത്തിലാണ് ‘ഹരിതമോഹനം‘ ഉള്ളത്.

( “ഈ പുസ്തകത്തിന്റെ പേരു ‘ഹരിതമോഹനം‘ എന്നായിരുന്നെങ്കില്‍ , നാഗലിംഗ മരത്തിന്റെ ഇലകള്‍ അതിന്റെ പുറം താളില്‍ കരിമ്പച്ച നിറം പടര്‍ത്തിയിരുന്നെങ്കില്‍ “ എന്നും ആത്മഗതം )

19 comments:

സ്മിത മീനാക്ഷി said...

“ഈ പുസ്തകത്തിന്റെ പേരു ‘ഹരിതമോഹനം‘ എന്നായിരുന്നെങ്കില്‍ , നാഗലിംഗ മരത്തിന്റെ ഇലകള്‍ അതിന്റെ പുറം താളില്‍ കരിമ്പച്ച നിറം പടര്‍ത്തിയിരുന്നെങ്കില്‍ “ എന്നും ആത്മഗതം

faisu madeena said...

"ഏഴാം നിലയില്‍ നിന്നു ഇലകള്‍ താഴേയ്ക്കു നോക്കി തലയാട്ടുന്നു.”


അപ്പൊ വായിക്കേണ്ട ഒരു പുസ്തകം കൂടി ...താങ്ക്സ്

Gopakumar V S (ഗോപന്‍ ) said...

കൊള്ളാം, നന്ദി, പുസ്തകപരിചയത്തിനും പിന്നെ...ആ ആത്മഗതത്തിനും....
ആശംസകള്‍

ശ്രീനാഥന്‍ said...

ഹരിതമീ കുറിപ്പ്!

സുസ്മേഷ് ചന്ത്രോത്ത് said...

ഹരിതമോഹനം കൂടുതല്‍ വായനക്കാരിലേക്ക് എത്തിച്ചേരാന്‍ ഇതൊരു പ്രേരണയും നിമിത്തവുമാകട്ടെ.എന്‍റെ കഥയെക്കുറിച്ചഴുതിയ നല്ല വാക്കുകള്‍ക്ക് ഹൃദയപൂര്‍വ്വം നന്ദി.

vasanthalathika said...

ഹരിതാഭമായ സ്വപ്‌നങ്ങള്‍ കാണാന്‍ ഞാനുമുണ്ട് കൂടെ...

Unknown said...

പുസ്തകങ്ങള്‍ കിട്ടാന്‍ പാട് പെടണം.

നാട്ടിലെ വായനശാലയൊന്ന് കയറിയിറങ്ങണം.
പുതിയതൊക്കെ വന്നോ എന്നറിയണം,

ഈയിടെ ചൂള്ളിക്കാടിന്റെ ചിദംബരസ്മരണയെപ്പറ്റി (മനോരാജിന്റെ ബ്ലോഗില്‍) വായിച്ചത് പുസ്തകം ഒരിക്കല്‍ക്കൂടി വായിക്കാന്‍ തോന്നിപ്പിച്ചു.

പുതുവത്സരാശംസകള്‍

Vayady said...

സ്‌മിതയുടെ വിവരണം ആ കഥ വായിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു‌‌.. നന്ദി. സുസ്മേഷ് ചന്ത്രോത്തിന്‌ അഭിനന്ദനം.

എന്റെ ഹൃദയം നിറഞ്ഞ പുതുവല്‍സരാംശസകള്‍!

mayflowers said...

കുറിപ്പ് കണ്ടപ്പോള്‍ വായിക്കാനുള്ള മോഹം കലശലായി.
എത്രയും പെട്ടെന്ന് പുസ്തകം സംഘടിപ്പിക്കാന്‍ നോക്കട്ടെ.

Kalavallabhan said...

നഗരത്തിലെ കോൺഗ്രീറ്റ് കാടുകളിലിരുന്ന് വായിക്കുന്നവർക്ക് എഴുത്തുകാരൻ കണ്ടതിലും ഏറെ പച്ചപ്പിന്റെ പ്രസക്തി അറിയാൻ കഴിയും.
പരിചയപ്പെടുത്തൽ നന്നായി.

sarala said...

“ഈ പുസ്തകത്തിന്റെ പേരു ‘ഹരിതമോഹനം‘ എന്നായിരുന്നെങ്കില്‍ , നാഗലിംഗ മരത്തിന്റെ ഇലകള്‍ അതിന്റെ പുറം താളില്‍ കരിമ്പച്ച നിറം പടര്‍ത്തിയിരുന്നെങ്കില്‍ “ എന്നും ആത്മഗതം
........ശരിക്കും യോജിക്കുന്നു... മരണവിദ്യാലയം എന്ന പേരല്ല ആ സമാഹാരത്തിനു ചേരുന്നതു.....

എന്‍.ബി.സുരേഷ് said...

കഥ മാതൃഭൂമിയിൽ വന്നപ്പോൾ തന്നെ ഞാൻ സുസ്മേഷിന് എസ്.എം.എസ് അയച്ചിരുന്നു.

ഒരു തരം ഭ്രാന്തമായ ആശയം എന്നൊക്കെ നാഗരികർക്ക് തോന്നാവുന്ന മനസ്സുമായി ഒരാൾ നടക്കുക.. അത് ഒളിക്കേണ്ടി വരുക, പക്ഷേ
എല്ലാ നഗരങ്ങളും ഇങ്ങനെ കാടു മൂടട്ടെ എന്ന് നമ്മുടെ മനസ്സ് ആശിച്ചു പോവുക.

കഴിഞ്ഞ വർഷം വായിച്ച നല്ല കഥകളിൽ ഒന്ന് ഹരിത മോഹനം ആയിരുന്നു.

ഈ വർഷം അശോകൻ ചരുവിലിന്റെ ആമസോൺ ആയതു പോലെ

രണ്ടിനും ചില സാമ്യങ്ങൾ കൂടി ഉണ്ട്
എന്നും പറയാം.

വി.ആർ.സുധീഷിന്റെ ക്ഷീരപഥം എന്ന പുസ്തകത്തിൽ അതേ പേരിൽ ഒരു കഥയുണ്ട്.
ഒരു എഴുത്തുകാരന്റെ മേശയുടെ കാലിൽ നിന്നും പെട്ടന്ന് ഒരു മുൾപ്പ് പൊട്ടുന്നതും അത് മേൽക്കൂരയും കടന്ന് ആകാശത്തേക്ക് തലപ്പ് നീട്ടുന്നതുമായ കഥ.

നമ്മുടെ നഗരങ്ങളിൽ ബോൺസായ്കൾക്ക് പകരം
നിബിഡവനങ്ങൾ നിറയട്ടെ...

സ്മിത മീനാക്ഷി said...

മറുമൊഴികളിലെ സ്നേഹത്തിനു നന്ദി. പച്ചപ്പുള്ള കഥകള്‍ പുതുവര്‍ഷത്തിലും കൂടുതല്‍ കൂടുതല്‍ ഉണ്ടാകട്ടെ എന്നു ആഗ്രഹിക്കാം.

എല്ലാവര്‍ക്കും പുതുവര്‍ഷാശംസകള്‍.

സ്മിത മീനാക്ഷി said...

“ഹരിതമോഹനം” ഉള്‍പ്പെടുന്ന കഥാസമാഹാരം “ മരണവിദ്യാലയം “ മാതൃഭൂമി ബുക്ക്സ്റ്റാളുകളില്‍ ലഭ്യമാണ്.

mumsy-മുംസി said...

ഈ കഥ ആഴ്ചപതിപ്പില്‍ വായിച്ചിരുന്നു. ഒരു മെട്റോനഗരത്തിലിരുന്നു വായിച്ചതു കൊണ്ടു കൂടിയായിരിക്കണം എനിക്കും വളരെ ഹൃദയസ്പര്‍ശിയായി അനുഭവപ്പെട്ടിരുന്നു. അടുത്തിടെ നാട്ടില്‍ പോയപ്പോള്‍ ഏതെങ്കിലും ചെറുകഥകള്‍ ഷോര്‍ട്ട്ഫിലിമിക്കാനുള്ള ഒരു ആഗ്രഹം തോന്നിയപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് ഈ കഥയായിരുന്നു. പക്ഷേ ഏത് ലക്കത്തിലാണ്‌ ഇത് പ്രസിദ്ധീകരിച്ചെതെന്ന് ഓര്‍മ്മയില്ലായിരുന്നു, കഥയുടെ പേരും! അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ്‌ ഈ പോസ്റ്റ് കാണുന്നത് ! നന്ദി ...ഇനി ധൈര്യമായി സുസ്മേഷിനോട് സമ്മതം ചോദിക്കണം! :)

മുകിൽ said...

പുതുവത്സരാശംസകൾ, സ്മിത..

രാജേഷ്‌ ചിത്തിര said...

വായിച്ച കഥയുടെ നല്ല അസ്വാദനം ഇഷ്ടപ്പെടുന്നു.
ഇതേ, കഥാതന്തുവില്‍ മറ്റൊരു കഥയും വായിച്ചതൊര്‍ക്കുന്നു.
സുസ്മേഷിന്റേത്, മായാതെ നില്‍ക്കുന്നു വെന്നതു കഥയുടെ മേന്മ.
സുസ്മേഷിനു, സ്മിതയ്ക്കു നന്ദി.

SUJITH KAYYUR said...

aashamsakal

Wash'Allan JK | വഷളന്‍ ജേക്കെ said...

സ്മിത, പരിചയപ്പെടുത്തലിനു നന്ദി.
ഇന്റര്‍നെറ്റില്‍ കുറെ സെര്‍ച്ച്‌ ചെയ്തു നോക്കി, കണ്ടില്ല. ഇതൊന്നും വായിക്കാന്‍ കിട്ടാത്ത ഹതഭാഗ്യരാണ് ഞങ്ങള്‍