കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Tuesday, March 29, 2011

തിളനില.

ഇത്
തിളനിലയിലെ ഭൌതികമാറ്റം.

ചാരം ചൂടിയൊളിച്ച കനലേതോ
കാറ്റൂതിയുണര്‍ത്തി പെരുപ്പിച്ച്,
തിളച്ചു തുടങ്ങുമ്പോഴൊരു കുതിപ്പ് .
കെട്ടുപാടുകളെ അടര്‍ത്തി,
പിന്‍‌വിളികളെ പുറംകാതാല്‍ക്കുടഞ്ഞ്
കനം മറന്ന്, ഇടം മറന്നുയരാന്‍
ഉള്‍ച്ചൂടില്‍ നിന്നു ലീനതാപം.

വെയില്‍മരത്തിന്റെ ഉച്ചിയിലേയ്ക്ക് ,
കൈതൊടാതെ ഓടിക്കയറാനും
തണുക്കുന്നുവെന്നു ചിണുങ്ങുന്ന
മഴത്തുള്ളികള്‍ക്ക് കുപ്പായമൂരി
എറിഞ്ഞുകൊടുക്കാനും
പിന്നെയൊരരനിമിഷം മാത്രം മതി.

ഇരുളിന്റെ പാതിവഴിയെന്നോ
നട്ടുച്ചയിലെ കിനാവെളിച്ചമെന്നോ
നിനയ്ക്കാതെ തുള്ളിത്തുളുമ്പോള്‍
ഹൃദയരക്തമിറ്റുവീഴുന്നത്
നിന്റെ കാല്‍‌വിരലുകളിലാണ്.

ഉന്മാദത്തിന്റെ നിഗൂഡനിമിഷങ്ങള്‍
തണുത്തൊടുങ്ങുമ്പോള്‍
ഒറ്റച്ചെരുപ്പുമായൊരോട്ടമുണ്ട്,
നാലുചുവരുകള്‍ക്കുള്ളിലെ
കണ്ണാടിയില്‍ പുനര്‍ജനിക്കും വരെ.

(‘ഒരില വെറുതെ ” എന്ന ബ്ലോഗിലെ ‘ഒറ്റയ്ക്കാവുന്ന നേരങ്ങളില്‍ ചില മഴനൃത്തങ്ങള്‍ ‘ എന്ന വായനയാണ് ഈ വരികള്‍ക്കു പ്രചോദനം എന്ന് കുറ്റസമ്മതമായും കടപ്പാടായും പറഞ്ഞുകൊണ്ട്.......)

22 comments:

സ്മിത മീനാക്ഷി said...

ഉന്മാദത്തിന്റെ നിഗൂഡനിമിഷങ്ങള്‍
തണുത്തൊടുങ്ങുമ്പോള്‍
ഒറ്റച്ചെരുപ്പുമായൊരോട്ടമുണ്ട്,
നാലുചുവരുകള്‍ക്കുള്ളിലെ
കണ്ണാടിയില്‍ പുനര്‍ജനിക്കും വരെ.

Unknown said...

congrats smitha !!!

Yasmin NK said...

നന്നായിട്ടുണ്ട്

ഉമാ രാജീവ് said...

/ /ഉന്മാദത്തിന്റെ നിഗൂഡനിമിഷങ്ങള്‍
തണുത്തൊടുങ്ങുമ്പോള്‍
ഒറ്റച്ചെരുപ്പുമായൊരോട്ടമുണ്ട്,
നാലുചുവരുകള്‍ക്കുള്ളിലെ
കണ്ണാടിയില്‍ പുനര്‍ജനിക്കും വരെ//

ഈ വരികളെ ഞാന്‍ പകര്‍ന്നാട്ടവുമായി ചേര്‍ത്തു വായിക്കുന്നു
കവിത നന്നായി

മുകിൽ said...

Beautiful!

സുസ്മേഷ് ചന്ത്രോത്ത് said...

ആഹാ...കൊള്ളാമല്ലോ...ഭാവുകങ്ങള്‍.

t.a.sasi said...

''ഉന്മാദത്തിന്റെ നിഗൂഡനിമിഷങ്ങള്‍
തണുത്തൊടുങ്ങുമ്പോള്‍
ഒറ്റച്ചെരുപ്പുമായൊരോട്ടമുണ്ട്,
നാലുചുവരുകള്‍ക്കുള്ളിലെ
കണ്ണാടിയില്‍ പുനര്‍ജനിക്കും വരെ''
നല്ല വരികള്‍ സ്മിത.

രമേശ്‌ അരൂര്‍ said...

നല്ല കവിത ..വരികളെല്ലാം ഇഷ്ടപ്പെട്ടു

ഒരില വെറുതെ said...

അളവറ്റ സന്തോഷം, സ്മിത.
കൂടുതല്‍ നല്ല ഒന്നിലേക്ക് എന്റെ വാക്കുകള്‍ വഴി തെളിച്ചു എന്നതില്‍.

അതിനപ്പുറം, വാക്കുകളില്‍ ഉന്‍മാദം കൊത്തിയ
ഇക്കവിത അതിന്റെ സത്യസന്ധതയാല്‍
സ്വന്തം ഇടം ആഘോഷിക്കുന്നു .
എല്ലാ ഉന്‍മാദങ്ങളും കെട്ടടങ്ങുന്ന നിത്യജീവിതപ്പെരുക്കങ്ങള്‍.
ഒടുവില്‍ ചെന്നുപെടേണ്ട കണ്ണാടി മുറികളിലെ പൊറുതി.എന്നിട്ടും ഉള്ളകത്തിന്റെ വാതില്‍തുറന്ന് കുതിച്ചു പായുന്നു ചില നേരങ്ങളില്‍ തിളച്ചുതൂവുന്ന ഉന്‍മാദ നേരങ്ങള്‍.
ഒറ്റക്കൊറ്റക്കുള്ള പൂത്തുലയലുകളായിരിക്കാം വാസ്തവത്തില്‍ വ്യക്തിപരമായ സ്വാതന്ത്യ്രം. സ്വപ്നം കൊണ്ട് ഒരു സമാന്തര ജീവിതം.

സന്തോഷം ഒരിക്കല്‍ കൂടെ.

ശ്രീനാഥന്‍ said...

ഈ ലീനതാപം തന്നെയാണല്ലോ കവിതയായും മാറുന്നത്. ഉന്മാദിയായി നടന്ന ശേഷം പിന്നെയാ ഒറ്റച്ചെരുപ്പിട്ടു പോയി കണ്ണാടിയിൽ പുനർജ്ജനിക്കുന്നത് ഓർക്കുമ്പോൾ തീരെ സഹിക്കാൻ വയ്യ. ചുമ്മാ വെറുതെ ലല്ലല്ലം പാടി നടക്കാനാ സുഖം, സാധിക്കുന്നില്ല, എന്തു ചെയ്യാം. ഇഷ്ടമായി കവിത.

സ്മിത മീനാക്ഷി said...

ഉന്മാദത്തിന്റെ നിമിഷങ്ങളെ സ്നേഹത്തോടെ വായിച്ച എല്ലാവര്‍ക്കും നന്ദി, തുള്ളിത്തുളുമ്പുന്ന സന്തോഷം...

Rare Rose said...

ആരാണിത്തരം നിമിഷങ്ങളെയൊരിക്കലും ചേര്‍ത്ത് പിടിക്കാത്തത് അല്ലേ.സിന്‍ഡ്രല്ല കഥകളിലെ പോലെ സമയം തീരുമ്പോള്‍ ഓടാതെ വയ്യ പഴയ വേഷങ്ങളിലേക്ക്..എന്നാലും സൂക്ഷിച്ചു വെയ്ക്കും ഇതുപോലൊരൊറ്റച്ചെരിപ്പ്..എപ്പോള്‍ വേണമെങ്കിലും തിരിച്ച് അത്തരം നിമിഷങ്ങളിലേക്കൊന്നു കൂടി ചെന്നിറങ്ങാന്‍..

രാജേഷ്‌ ചിത്തിര said...

-:)

ജയിംസ് സണ്ണി പാറ്റൂർ said...

നല്ല കവിത.അവസാന വരികള്‍
പിടിച്ചുലയ്ക്കുന്നു.

kaviurava said...

ഒരു കവിത മുളയ്ക്കാന്‍ ആ ഉണരാനിരിക്കുന്ന കവിത തന്നെയാണ് നമ്മെ ഭാരമെല്‍പ്പിക്കുന്നത്,
ഒരില വെറുതെ എന്ന ബ്ലോഗും ഈ പിറവിയുടെ ഭാരതത്തില്‍ നിമിത്തമായ് ഉള്‍ പ്പെടുന്നു എന്ന് മാത്രം.
കെട്ടുപാടുകളെ അടര്‍ത്തി,
പിന്‍‌വിളികളെ പുറംകാതാല്‍ക്കുടഞ്ഞ്
കനം മറന്ന്, ഇടം മറന്നുയരാന്‍
ഉള്‍ച്ചൂടില്‍ നിന്നു ലീനതാപം.കവിത നന്നായിരിക്കുന്നു പെങ്ങളേ ....ഭാവുകങ്ങള്‍.

ശ്രീജ എന്‍ എസ് said...

അപൂര്‍വ്വം ചില നേരങ്ങളില്‍ എങ്കിലും സിണ്ട്രെല്ല ആവാതെ വയ്യ.കവിത മനോഹരമായി..

ഡി.യേശുദാസ് said...

കവിത നന്ന്

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

നല്ല കവിത .. ആശംസകള്‍ ...........

Sabu Hariharan said...

ക്ഷമിക്കുക..മനസ്സിലായില്ല..
പ്രത്യേകിച്ച്‌ ഒറ്റച്ചെരുപുമായൊരോട്ടവും..കണ്ണാടിയിലെ പുനർജ്ജനനവും..
തെറ്റിദ്ധരിക്കരുത്‌.. അറിവില്ലായ്മ കൊണ്ട്‌ പറയുന്നതാണ്‌.
ദയവായി sabumh@gmail.com ലേക്ക്‌ എഴുതുമോ ? നന്ദി.

Manoj vengola said...

അവസാനത്തെ അഞ്ചു വരികളില്‍ ഉടക്കികിടക്കുന്നു,പുനര്‍ജനിക്കും വരെ...

Reema Ajoy said...

മനോഹരം സ്മിത...

ഒറ്റചെരുപ്പുമായുള്ള തിരിഞ്ഞോട്ടം ....

edasseryrajesh said...

very good smitha