കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Wednesday, April 13, 2011

മുറിവുകള്‍

ചൂണ്ടുവിരലിലെ ഒന്നാം മുറിവ്
കയ്പക്ക മുറിച്ചപ്പോള്‍ മൂര്‍ച്ച പാളിയതാണ്.
എണ്ണയില്‍ വറുത്തുകോരിയ കയ്പക്കയുടെ രുചി
എല്ലാവര്‍ക്കുമായി വിളമ്പിയപ്പോള്‍
ചോരയുണങ്ങി,
കയ്പുനീര്‍ കുടിച്ച് വേദനയും.

നടുവിരലിലെ രണ്ടാം മുറിവ്
ആപ്പിള്‍ കഷണങ്ങളിലൂടെ കത്തി
ആഴം തേടിയതാണ്.
കിനിയുന്ന രക്തത്തിനും
തുടുക്കുന്ന വേദനയ്ക്കും
ലളിതമധുരമേ തോന്നിയുള്ളു.

കാരണം മറന്ന്, നിറം മങ്ങിയ
മൂന്നാം മുറിവിലും നാലാം മുറിവിലും
വരണ്ട രക്തത്തിന്റെ ചവര്‍പ്പു മാത്രം.

നിന്റെ മൌനം തുളച്ചുകയറിയ
അഞ്ചാം മുറിവ്
ഹൃദയത്തിന്റെ ആഴങ്ങളിലാണ്.
അത്, ഓരോ മിടിപ്പിലും
വേദന നിറച്ചു ചുവപ്പിച്ച രക്തത്തെ
ശരീരഭാഷയിലേയ്ക്കു ഒഴുക്കി വിടുന്നു.
ചിലപ്പോള്‍ കൈത്തണ്ടയില്‍ ,
ചിലപ്പോള്‍ വലതുകാല്‍മുട്ടില്‍ ,
അതുമല്ലെങ്കില്‍
മസ്തിഷ്കത്തിന്റെ വെണ്മയിലോ
കണ്‍ പോളയുടെ മസൃണതയിലോ
സൂചിമുന കുത്തും പോലൊരു പിടച്ചില്‍ .

നോവിന്റെ ആഴങ്ങള്‍
അസ്ഥിമജ്ജയിലേയ്ക്കും പടരുമ്പോള്‍
ഒരൊറ്റവരിക്കവിതയില്‍
മുറിപ്പാട് കുളിരുന്നു.
“ഞാന്‍ നിന്നെ സ്നേഹിക്കുന്നു.”

(ഏപ്രില്‍ ലക്കം തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത് )
http://www.chintha.com/node/103294

27 comments:

സ്മിത മീനാക്ഷി said...

നോവിന്റെ ആഴങ്ങള്‍
അസ്ഥിമജ്ജയിലേയ്ക്കും പടരുമ്പോള്‍
ഒരൊറ്റവരിക്കവിതയില്‍
മുറിപ്പാട് കുളിരുന്നു.
“ഞാന്‍ നിന്നെ സ്നേഹിക്കുന്നു.”

t.a.sasi said...

നല്ല കവിത തരുന്ന
അനുഭൂതി വായിക്കുന്തോറും..

രാജേഷ്‌ ചിത്തിര said...

ഒതുക്കം കൂടുതല്‍ ഭംഗിതരുമായിരിക്കും
പ്രണയത്തിന്,
കവിതയ്ക്കുമതുപോലെ...

രമേശ്‌ അരൂര്‍ said...

ചോരയുടെ ഉപ്പുള്ള കവിത ..

ശ്രീനാഥന്‍ said...

മൌനമാണ് ഏറ്റവും വലിയ മുറിപ്പാടുണ്ടാക്കുന്നത്, അത് നീറിനീറി പിടിക്കും. അവസാനവരിക്ക് ഇത്ര ശക്തിയുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു! കവിത നന്നായി.

mayflowers said...

കാളിന്ദിയില്‍ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട കവിത..
ആ മുറിവുകളുടെ വേദന എവിടെയൊക്കെയോ അനുഭവപ്പെടുംപോലെ..
വിഷുദിനാശംസകള്‍..

ഉമാ രാജീവ് said...

പലേആഴങ്ങളില്‍ പലേ രുചികളായി നീറിപ്പടരുന്ന വേദനകള്‍ക്കെല്ലാം ഒറ്റ മരുന്നു മതി അല്ലെ..........

sarala said...

...മസ്തിഷ്കത്തിന്റെ വെണ്മയിലോ
കണ്‍ പോളയുടെ മസൃണതയിലോ
സൂചിമുന കുത്തും പോലൊരു പിടച്ചില്‍ .....

മുകിൽ said...

നിന്റെ മൌനം തുളച്ചുകയറിയ
അഞ്ചാം മുറിവ്

ആ മുറിവിന്റെ ആഴക്കൂടുതൽ..
ഫീൽ ചെയ്യുന്നു.

വിഷുദിനാശംസകൾ.

comiccola / കോമിക്കോള said...

വളരെ നല്ല കവിത
ആശംസകള്‍

ശ്രീജ എന്‍ എസ് said...

നോവിന്റെ ആഴങ്ങള്‍
അസ്ഥിമജ്ജയിലേയ്ക്കും പടരുമ്പോള്‍
ഒരൊറ്റവരിക്കവിതയില്‍
മുറിപ്പാട് കുളിരുന്നു.
“ഞാന്‍ നിന്നെ സ്നേഹിക്കുന്നു.”


ആരെയാണോ ഏറ്റവും അധികം സ്നേഹിക്കുന്നത്,അവര്‍ക്കാണല്ലോ ഏറ്റവും ആഴത്തില്‍ നോവിക്കാനും കഴിയുന്നത്‌.നല്ല വരികള്‍.

ഒരില വെറുതെ said...

മുറിവുകള്‍ ഒരാത്മകഥ എഴുതുമ്പോള്‍
രക്തം വാര്‍ന്ന നേരങ്ങള്‍ക്കുപകരം
ജീവിതം കഴുകി ഉണക്കിയ
കരിഞ്ഞ പാടുകളാവും അധ്യായങ്ങള്‍.
അനേകം മുറിവുകള്‍ എഴുതുന്ന
ആത്മകവിതയിലെ ഈയധ്യായം വായിക്കുമ്പോള്‍
വാക്കുകളുടെ ഉടല്‍
ഉണങ്ങിയിട്ടും ഉണങ്ങാത്ത
പാടുകളുടെ ഭൂപടം.

അവസാന വരികള്‍ക്ക് വല്ലാത്ത മൂര്‍ച്ച.

നികു കേച്ചേരി said...

സ്വയം മുറിപെടുന്ന കവിത..
ഇഷ്ടപെട്ടു.

പറയാതെ വയ്യ. said...

നോവിന്റെ ആഴങ്ങള്‍
അസ്ഥിമജ്ജയിലേയ്ക്കും പടരുമ്പോള്‍
ഒരൊറ്റവരിക്കവിതയില്‍
മുറിപ്പാട് കുളിരുന്നു.
“ഞാന്‍ നിന്നെ സ്നേഹിക്കുന്നു.”
(ഇപ്പോഴും, എപ്പോഴും)

AnaamikA said...

nalla kavitha..murivu ippozhum vedanipikkunu.

M.R.Anilan -എം. ആര്‍.അനിലന്‍ said...

'നിന്റെ മൌനം തുളച്ചുകയറിയ
അഞ്ചാം മുറിവ്
ഹൃദയത്തിന്റെ ആഴങ്ങളിലാണ്...'
നന്നായി!

'നോവിന്റെ ആഴങ്ങള്‍
അസ്ഥിമജ്ജയിലേയ്ക്കു പടരുമ്പോള്‍
ഒരൊറ്റവരിക്കവിതയില്‍
മുറിപ്പാട് കുളിരുന്നു.
“നിന്നെ ഞാന്‍ സ്നേഹിക്കുന്നു.”
ചുമ്മാ...

സ്മിത മീനാക്ഷി said...

എല്ലാവര്‍ക്കും നന്ദി, സ്നേഹം...
സ്മിത.

Anurag said...

നിന്റെ മൌനം തുളച്ചുകയറിയ
അഞ്ചാം മുറിവ്
ഹൃദയത്തിന്റെ ആഴങ്ങളിലാണ്.

mukthaRionism said...

ഒതുക്കിയുരുക്കി
കവിതയുറ്റി..
നല്ല വരികള്‍

ചെമ്മരന്‍ said...

നല്ല കവിത
ആശംസകള്‍!

http://chemmaran.blogspot.com/2011/04/blog-post_23.html

ജയിംസ് സണ്ണി പാറ്റൂർ said...

വേദന കാച്ചിക്കുറുക്കിയ കവിത

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu,...... abhinandanangal.....

lekshmi. lachu said...

മൌനമാണ് ഏറ്റവും വലിയ മുറിപ്പാടുണ്ടാക്കുന്നത്, അത് നീറിനീറി പിടിക്കും...
manoharamaaya oru kavitha koodi..

ഭാനു കളരിക്കല്‍ said...

മുറിഞ്ഞു ശരിക്കും.

Raveena Raveendran said...

ഒരൊറ്റവരിക്കവിതയില്‍
മുറിപ്പാട് കുളിരുന്നു.
“ഞാന്‍ നിന്നെ സ്നേഹിക്കുന്നു.”
മുറിവുകള്‍ അക്ഷരങ്ങളില്‍ ...

Rare Rose said...

സുന്ദരം കവിത..നല്ല ഒതുക്കം..

grkaviyoor said...

മനസ്സിന്റെ ആഴത്തിലേറ്റ മുറിവുകള്‍
മറ്റാരും കാണുന്നില്ലല്ലോ മറവുകള്‍
മിഴി നീര്‍കണം ആരും കാണാതെ മറച്ചു
മടിച്ചു കൈമുട്ടുകലാല്‍ മായിച്ചു
മധുരം പകരുമാ ഓര്‍മ്മകള്‍ തന്‍ മായികമാം
മലര്‍ പോലെ വിരിയുമാ പ്രണയ മന്ദഹാസത്തിനായി
മരുവുന്നു എന്നും മുറിവുകള്‍
ഉണങ്ങട്ടെ ഈ വിധ കവിതകളാലേ