കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Friday, February 26, 2010

കൈവഴി

(എന്റെ പ്രിയപ്പെട്ട കൂട്ടുകാരി സരള പൊറ്റെക്കാടിനു)

ഇന്നലെ ഞാനൊരു കലങ്ങിയ
പുഴയായിരുന്നു.
തിടുക്കത്തിലൊരാള്‍ മറികടന്നപ്പോള്‍
‍അടിത്തട്ടോളം ചവിട്ടിയിളക്കി
കണ്ണീരും ചോരയും കലര്‍ന്നു കലങ്ങി
ഒഴുകിയിട്ടും ഒഴുകിയിട്ടും തീരാതെ ഞാന്‍ ....

നീയോ,
ചേര്‍ന്നു ചെരിഞ്ഞു നിന്ന്
ഒരു കൈവഴി തീര്‍ത്തു.
കലക്കവെള്ളമത്രയും ഊക്കോടെ
നിന്നിലേയ്ക്ക്....
അതു കൊണ്ടു
ഞാനിപ്പോള്‍ വീണ്ടും
തെളിഞ്ഞ്, തെളിഞ്ഞ്, തെളിഞ്ഞ് ........

കൂട്ടുകാരീ, സ്നേഹം..........

17 comments:

അരുണ്‍ കരിമുട്ടം said...

"കലക്കവെള്ളമത്രയും ഊക്കോടെ
നിന്നിലേയ്ക്ക്...."

ഈ വരി വിചാരിക്കുന്ന അര്‍ത്ഥമല്ല തരുന്നത്.
ഒന്ന് ആലോചിച്ച് നോക്കു.

സ്മിത മീനാക്ഷി said...

അര്‍ത്ഥം നമ്മള്‍ എടുക്കുന്നതു പോലെയല്ലെ അരുണ്‍ ? ഏകാര്‍ത്ഥമുള്ള വാക്ക് കവിതയില്‍ സാധിക്കുമൊ? നോക്കട്ടെ..
നന്ദി.

അരുണ്‍ കരിമുട്ടം said...

വായിച്ചപ്പോള്‍ കഥാപാത്രം തെളിഞ്ഞെന്നും കൂട്ടുകാരി കലങ്ങിയെന്നും തോന്നി
എന്‍റെ വിവരക്കേട്, സോറി

jayanEvoor said...

അരുൺ പറഞ്ഞ അർത്ഥം തന്നെയാണ് എനിക്കും മനസ്സിലാവുന്നത്.

കവയിത്രി ഉദ്ദേശിച്ചതും അതു തന്നെയാവും എന്നു കരുതുന്നു.

അതോ, അവിചാരിതമായി ഒരാൾ തീർത്ത കാലുഷ്യമെല്ലാം ഒഴുക്കിക്കളഞ്ഞു മനസ്സു തെളിയിക്കാൻ കൂട്ടുകാരി സഹായിച്ചു എന്നോ?

ശ്രീ said...

ഇവിടെ ഉദ്ദേശ്ശിച്ചിരിയ്ക്കുന്നത് അങ്ങനെ തന്നെ ആണ് എന്നാണ് എനിയ്കും തോന്നിയത്.

കവിത നന്നായി.

സ്മിത മീനാക്ഷി said...

കലങ്ങുന്നതും കലക്കവെള്ളം ഒഴുകിപ്പോകുന്നതും രണ്ടല്ലേ? അതോ, ഞാന്‍ വാക്കു മാറണമോ കൂട്ടുകാരേ?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഒരു പഴയ കവിതയില്ലേ

“ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും...
കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും “

എന്നാല്‍ നമ്മുടെ സങ്കടങ്ങളില്‍, വേദനകളില്‍, താഴ്ചകളില്‍,വ്യഥകളില്‍ ഒരു കൈ പിടിച്ചു സഹായിക്കുന്നവരാണ് എപ്പോളും ഉത്തമ സുഹൃത്തുക്കള്‍...നമ്മൂടെ വേദനകളെ , നമ്മുടെ വിഷമതകളെ ,സ്വന്തം മനസ്സിലേറ്റി, അവരുടേതും കൂടിയാക്കി മാറ്റുന്ന ഇത്തരം സൌഹൃദങ്ങള്‍ ഇക്കാലത്ത് കുറവാണ്.അത്തരം ഒരു സുഹൃത്തിനെക്കുറിച്ചാണു കവയിത്രി പറയുന്നത്.

ആശ്വാസത്തിനെ ഒരു കനാല്‍ തീര്‍ത്തവള്‍...എന്നിലെ എല്ലാ അഴുക്കുകള്യും ഒഴുക്കി കളഞ്ഞവള്‍

നല്ല കവിത..

ഓ.ടോ: “നിന്നിലേക്ക്” എന്ന വാക്കായിരിക്കും പ്രശ്നമുണ്ടാക്കിയത്...”നിന്‍ കൈവഴികളിലേക്ക്” എന്ന് മാറ്റിയെഴുതിയാല്‍ പ്രശ്നം തീര്‍ന്നു..

ആശംസകള്‍ സ്മിതാ..വീണ്ടും എഴുതുക ..

അരുണ്‍ കരിമുട്ടം said...

കൂട്ടുകാരി തെളിഞ്ഞ വെള്ളമാണെന്ന് കരുതുക, അതിലേക്ക് കലക്ക വെള്ളം ഊക്കോട് വീണാല്‍ പിന്നെ കലക്കണ്ട ആവശ്യമില്ല, തനിയെ കലങ്ങി കൊള്ളും.

"എന്നിലെ തെളിനീര്‌ നീ ഊറ്റി എടുത്തു..." എന്ന അര്‍ത്ഥമായിരിക്കും ഉദ്ദേശിച്ചത്, അല്ലേ?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

@ അരുണ്‍,

“നീയോ,
ചേര്‍ന്നു ചെരിഞ്ഞു നിന്നു
ഒരു കൈവഴി തീര്‍ത്തു..”

എന്ന വരികള്‍ കണ്ടില്ലേ? അതിനര്‍ത്ഥം വയിത്രിയുടെ കലങ്ങിയ മനസ്സിലെ അഴുക്കുകളും ദു:ഖങ്ങളും ഒഴുക്കിക്കളയാന്‍ സുഹൃത്ത് സഹായിച്ചു എന്നു തന്നെയല്ലേ....

എനിക്കങ്ങനെയാണു തോന്നിയത്....

Neelanjana said...

കവിത നന്നായിരിക്കുന്നു. അര്‍ത്ഥവും വ്യക്തം തന്നെ. കലങ്ങിപ്പോയ ഒരു മനസ്സിനെ വീണ്ടും തെളിച്ചെടുത്ത കൂട്ടുകാരി. വേദനകളില്‍ നിന്നു കൈപിടിച്ചുയര്‍ത്തിയ ഒരു കൂട്ടുകാരി. കവിത മൊത്തം മനസ്സിലാക്കുന്നവരോട് നന്നായി സംവദിക്കുന്ന കവിത. :)

ഭ്രാന്തനച്ചൂസ് said...

ഇതില്‍ സ്രീത്വം തുളുമ്പുന്നു ..ഒപ്പം മാതൃത്വവും...
നന്നായി..അഭിനന്ദനങ്ങള്‍...

പട്ടേപ്പാടം റാംജി said...

ഇന്നലെ ഞാനൊരു കലങ്ങിയ
പുഴയായിരുന്നു
ഞാനിപ്പോള്‍ വീണ്ടും
തെളിഞ്ഞ്, തെളിഞ്ഞ്, തെളിഞ്ഞ് ........

നന്നായി.

നിരഞ്ജന്‍.ടി.ജി said...

സ്മിത,
ചിരിച്ചു തെളിയുന്ന പുഴകളെ ഓര്‍ത്തുകൊണ്ട് താങ്കളുടെ കലക്കം ഒന്നു മാറിക്കിട്ടാന്‍ ചുരുങ്ങിയ ചെലവില്‍ സന്ദര്‍ശിക്കുക:
http://namboodiristmarxism.blogspot.com/2010/03/blog-post.html
പിന്നെ താങ്കളുടെ കൂടെച്ചേര്‍ന്നൊഴുകിയ ആ PWD ചാലിന്റെ കെട്ടുറപ്പിന് ഞാന്‍ ഗാരണ്ടി. എന്തും പൊയ്ക്കോളും..
ആശംസകള്‍..

സ്മിത മീനാക്ഷി said...

എല്ലാവര്‍ക്കും നന്ദി....

സ്മിത മീനാക്ഷി said...

എല്ലാവര്‍ക്കും നന്ദി....

Unknown said...

അഭിനന്ദനങ്ങള്‍...

എന്നിലെ തെളിനീര്‌ നീ ഊറ്റി എടുത്തു?

sarala said...

കൂട്ടിയും.പെരുക്കിയും.........ജീവിതം അങിനെ കടന്നു പോകും.......ഒരുത്തരവും അടിവരയ്യിട്ടുറപ്പിക്കാനാവതെ..
അക്കങളുടെ കൃത്യത അക്ഷരങ്ങള്‍ക്കും ജീവിതത്തിനും കിട്ടില്ലല്ലൊ..മനോഹരം.....